ADVERTISEMENT

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കു ശേഷം ഇലക്ട്രിക് മോട്ടര്‍ സൈക്കിളുകള്‍ അവതരിപ്പിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നേരത്തെ തന്നെ ഒല ഇലക്ട്രിക് ആരംഭിച്ചിട്ടുണ്ട്. വൈകാതെ തന്നെ ഒല ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ എത്തുമെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഒല നല്‍കിയ പേറ്റന്റ് അപേക്ഷകളിലാണ് പുതിയ ഇലക്ട്രിക് മോട്ടര്‍സൈക്കിളുകളുടെ കൂടി സൂചനകളുള്ളത്. ഇലക്ട്രിക് മോട്ടര്‍സൈക്കിളുകളുടെ മൂന്നു പേറ്റന്റ് അപേക്ഷകളാണ് ഒല ഇലക്ട്രിക് നല്‍കിയിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ഒലയുടെ വാര്‍ഷിക കസ്റ്റമര്‍ ഡേയില്‍ എം1 സൈബര്‍ റേസര്‍ എന്ന ഇലക്ട്രിക് മോട്ടര്‍സൈക്കിള്‍ കണ്‍സപ്റ്റ് ഒല അവരിപ്പിച്ചിരുന്നു. ഈ മോഡലിനോടു സാമ്യതയുള്ള പേറ്റന്റുകളാണ് ഇപ്പോള്‍ ഒല ഇലക്ട്രിക് സമര്‍പിച്ചിരിക്കുന്നത്. സൈബര്‍ റൈസറിന്റെ മൂന്നു മോഡലുകളാണ് മൂന്ന് പേറ്റന്റ് അപേക്ഷകളായി നല്‍കിയതെന്ന സൂചനയുമുണ്ട്. മുന്നില്‍ ഡിസ്‌ക് ബ്രേക്കും 17 ഇഞ്ച് അലോയ് വീലുകളും പ്രതീക്ഷിക്കാം.

പേറ്റന്റ് അപേക്ഷകളില്‍ ഒന്ന് മെലിഞ്ഞ ടയറും അടിസ്ഥാന അലോയ് വീലുമുള്ള ഡിസൈനാണ്. ഇത് കൂട്ടത്തില്‍ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണെന്നു കരുതപ്പെടുന്നു. പിന്‍ ചക്രത്തില്‍ ഹബ് മൗണ്ടഡ് മോട്ടോറും ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകളും ഫ്‌ളാറ്റ് സിംഗിള്‍ പീസ് സീറ്റും ഈ മോഡലിലുണ്ടാവും. 

മറ്റു രണ്ടു മോഡലുകളും കൂടുതല്‍ സ്‌പോര്‍ട്ടിയായ ഡിസൈനാണ്. സ്വിങ്ഗ്രാം, പവര്‍ട്രെയിന്‍, സസ്‌പെന്‍ഷന്‍, ഫോക്‌സ് ഫ്യുവല്‍ ടാങ്ക്, വീലുകള്‍ എന്നിങ്ങനെ പല ഭാഗങ്ങളും ഈ രണ്ടു മോഡലുകളിലും ഒരുപോലെയാണ്. ഈ മോഡലുകളില്‍ സിംഗിള്‍ സീറ്റ്, ഡ്യുവല്‍ സീറ്റ് ഓപ്ഷനുകളുണ്ട്. സിംഗിള്‍ സീറ്റ് മോഡലില്‍ ഉയരം കൂടുതലും പരന്ന ഹാന്‍ഡില്‍ബാറുമാണ്. അതേസമയം ഡ്യുവല്‍ സീറ്റ് മോഡലില്‍ സീറ്റുകള്‍ക്ക് ഉയരം കുറവാണ്. ക്ലിപ് ഓണ്‍ ഹാന്‍ഡില്‍ ബാറാണ് ഈ മോഡലിലുണ്ടാവുക. 

ഇലക്ട്രിക് മോട്ടറും ബാറ്ററിയും എന്‍ജിന്റെ സ്ഥാനത്താന് സ്ഥാപിച്ചിരിക്കുന്നത്. ഇത് മോട്ടോര്‍ സൈക്കിളിന്റെ ഭാരം കൃത്യമായി ക്രമീകരിക്കാനും അനായാസം വാഹനം കൈകാര്യം ചെയ്യാനും സഹായിക്കും. കൂടുതല്‍ വിശദാംശങ്ങള്‍ ഒന്നും തന്നെ ഒല പുറത്തുവിട്ടിട്ടില്ലെങ്കിലും ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് പരമാവധി വേഗം മണിക്കൂറില്‍ 100 കി.മീക്ക് അടുത്ത് പ്രതീക്ഷിക്കാം. ബാറ്ററി റേഞ്ച്, ഫാസ്റ്റ് ചാര്‍ജിങ് എന്നിവയെക്കുറിച്ചും വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇതുവരെ പുറത്തിറക്കുന്ന ദിവസം ഒല പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിപണിയിലെത്തിയാല്‍ ടോര്‍ക് ക്രാറ്റോസ് ആര്‍, റിവോള്‍ട്ട് ആര്‍വി 400 എന്നിവയോടായിരിക്കും ഒല ഇലക്ട്രിക് മോട്ടര്‍സൈക്കിളിന്റെ മത്സരം.

English Summary:

Ola Electric files patents for upcoming electric motorcycle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com