ADVERTISEMENT

റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ് യു വികള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. ഇതോടെ ഈ രണ്ട് റേഞ്ച് റോവര്‍ കാറുകള്‍ക്കു വിലയില്‍ വലിയ തോതില്‍ കുറവു വരും. 3.0 ലീറ്റര്‍ ഡീസല്‍ എച്ച്എസ്ഇ എല്‍ഡബ്ല്യുബി റേഞ്ച് റോവറിന് 2.36 കോടി രൂപയുള്ളത് 44 ലക്ഷം രൂപ കുറയും. 1.40 കോടി രൂപ വിലയുള്ള റേഞ്ച് റോവര്‍ സ്‌പോര്‍ട് 3.0 ലീറ്റര്‍ ഡീസല്‍ ഡൈനാമിക് എസ്ഇയുടെ വില 29 ലക്ഷം രൂപയാണ് കുറയുക. 

ബ്രിട്ടന് പുറത്ത് ആദ്യമായാണ് ഈ രണ്ട് എസ്‌യുവികള്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഒരു രാജ്യത്ത് അസംബിള്‍ ചെയ്യുന്നത്. ഇതോടെ വെലാര്‍, ഇവോക്, ജാഗ്വാര്‍ എഫ് പേസ്, ഡിസ്‌കവര്‍ സ്‌പോര്‍ട് എന്നീ കാറുകള്‍ ഇതിനകം തന്നെ പുണെയിലെ ജെഎല്‍ആര്‍ ഫാക്ടറിയില്‍ നിര്‍മിക്കുന്നുണ്ട്. ഇന്ത്യയില്‍ അസംബ്ലിങ് ആരംഭിക്കുന്നതോടെ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് മോഡലുകള്‍ക്ക് വില മാത്രമല്ല കാത്തിരിപ്പു സമയവും കുറയും. 

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 2024 സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ മോഡലായ ഡിഫെന്‍ഡര്‍ ഇന്ത്യയില്‍ അസംബ്ലിങ് ആരംഭിച്ചിട്ടില്ല. 2024 സാമ്പത്തിക വര്‍ഷം 1,314 ഡിഫെന്‍ഡറുകളാണ് വിറ്റത്. ഡിഫെന്‍ഡര്‍ പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന വാഹനമായി തുടരും. 2011ലാണ് ജെഎല്‍ആര്‍ ആദ്യമായി ഇന്ത്യയില്‍ അസംബ്ലിങ് ആരംഭിച്ചത്. ടാറ്റ മോട്ടോഴ്‌സുമായി ചേര്‍ന്ന് ഫ്രീലാന്‍ഡറായിരുന്നു ആദ്യമായി ഇന്ത്യയില്‍ അസംബ്ലിങ് നടത്തിയ ജെഎല്‍ആര്‍ വാഹനം. 

റേഞ്ച് റോവര്‍

ബോളിവുഡ് താരങ്ങളുടേയും കായിക താരങ്ങളുടേയുമെല്ലാം ഇഷ്ട വാഹനമാണ് റേഞ്ച് റോവര്‍. 2024 സാമ്പത്തിക വര്‍ഷം 394 റേഞ്ച് റോവറുകളാണ് ഇന്ത്യയില്‍ വിറ്റത്. വില 2 കോടി മുതല്‍ 4.46 കോടി രൂപ വരെ. ഉയര്‍ന്ന വകഭേദമായ എല്‍ഡബ്ല്യുബിയാണ് ഇന്ത്യയില്‍ കൂടുതലും വുറ്റഴിഞ്ഞ റേഞ്ച് റോവര്‍. 

ഇപ്പോഴും ലാന്‍ഡ് റോവര്‍ ഔദ്യോഗികമായി വില വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും 3.0 ലീറ്റര്‍ ഡീസല്‍ എച്ച്എസ്ഇ എല്‍ഡബ്ലുബി വകഭേദത്തിന് 2.36 കോടി രൂപയും 3.0 ലീറ്റര്‍ പെട്രോള്‍ ഓട്ടോബയോഗ്രഫി എല്‍ഡബ്ല്യുബിക്ക് 2.60 കോടി രൂപയുമാണ് വില. ഈ രണ്ടു മോഡലുകള്‍ക്ക് യഥാക്രമം 44 ലക്ഷവും 56 ലക്ഷവും രൂപ കുറയും. ഇതോടെ അടുത്തിടെ പുറത്തിറങ്ങിയ മെഴ്‌സിഡീസ് മേബാക് ജിഎല്‍എസ് 600നേക്കാള്‍(3.35 കോടിരൂപ) വലിയ തോതില്‍ റേഞ്ച് റോവര്‍ മോഡലുകള്‍ക്ക് വില കുറയും. 

3.0 ലീറ്റര്‍ സിക്‌സ് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 392എച്ച്പി കരുത്തും പരമാവധി 550എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 3.0 ലീറ്റര്‍ സിക്‌സ് സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 345 എച്ച്പി കരുത്തും പരമാവധി 700എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഇന്ത്യയില്‍ അസംബിള്‍ ചെയ്ത റേഞ്ച് റോവറുകള്‍ മെയ് 24 മുതല്‍ വിതരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

English Summary:

Made In India Range Rover

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com