ഗ്രാൻഡ് വിറ്റാര മുതൽ കിയ കാർണിവൽ വരെ; ഉടൻ വിപണിയിലെത്തുന്ന 7 സീറ്റ് വാഹനങ്ങൾ
Mail This Article
ഇന്ത്യന്‍ കാര്‍ വിപണിയില്‍ വൈവിധ്യമാര്‍ന്ന മൂന്നു നിര എസ് യു വികളുടേയും എംപിവികളുടേയും കാലമാണ് വരാനിരിക്കുന്നത്. ഇതില്‍ ചില മോഡലുകള്‍ ഈവര്‍ഷം തന്നെ പുറത്തിറങ്ങും. വ്യത്യസ്ത ഫീച്ചറുകളും വിലയുമുള്ള സെവന് സീറ്റര്‍ വാഹനങ്ങള്‍ വൈകാതെ ഇന്ത്യന്‍ കാര്‍ വിപണിയില്‍ പുതിയ തരംഗമാവുമെന്നാണ് പ്രതീക്ഷ. കിയ കാര്‍ണിവല്‍, ഹ്യുണ്ടേയ് അല്‍കസാര്‍, എംജി ഗ്ലോസ്റ്റര്‍, കിയ ഇവി9, ജീപ് മെറിഡിയന്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, കിയ കാരെന്‍സ് ഇവി എന്നീ വാഹനങ്ങളാണ് ഇന്ത്യന്‍ കാര്‍ വിപണിയില്‍ പുതിയ തംരംഗമാവാന്‍ എത്തുന്നത്.
പുതുതലമുറ കിയ കാര്‍ണിവല്‍
വരുന്ന ഉത്സവസീസണ്‍ ആഘോഷമാക്കാനാണ് നാലാം തലമുറ കിയ കാര്‍ണിവലിന്റെ വരവ്. അടുത്തിടെ കിയ കാര്‍ണിവെല്‍ എംപിവി ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മുന്‍ തലമുറയെ അപേക്ഷിച്ച് പുതിയ കാര്‍ണിവെലിന് ഷാര്‍പ് ഡിസൈനാണ്. വാഹനത്തിന്റെ ഉള്‍ഭാഗത്ത് കാര്യമായ മാറ്റങ്ങളുണ്ടാവിലെന്ന് കരുതുന്നു. 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനുള്ള കാര്‍ണിവെലില്‍ രണ്ട് 12.3 ഇഞ്ച് വലിപ്പമുള്ള രണ്ട് ഡിസ്പ്ലേകളും ഒന്നിലേറെ സീറ്റിങ് ലേ ഔട്ടുകളും റോട്ടറി ഡ്രൈവ് സെലക്ടറും ഉണ്ടാവും.
മുഖം മിനുക്കി ഹ്യുണ്ടേയ് അല്‍കസാര്‍
ക്രേറ്റക്കു പിന്നാലെ ഹ്യുണ്ടേയ് കാറുകളില്‍ മുഖം മിനുക്കിയെത്തുന്നത് അല്‍കസാറാണ്. ഈ വര്‍ഷം തുടക്കത്തിലാണ് ക്രേറ്റയെ പുതിയരൂപത്തില്‍ ഹ്യുണ്ടേയ് പുറത്തിറക്കിയത്. ക്രേറ്റയേക്കാള്‍ സ്റ്റൈലിങില്‍ ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ മാത്രമാണ് അല്കസറിനുണ്ടാവുക. എന്ജിന് അടക്കമുള്ള യന്ത്രഭാഗങ്ങളില്‍ മാറ്റമുണ്ടാവില്ല. അഡാസ് സുരക്ഷ പുതിയ അല്കസാറിലുണ്ടാവും. ഈ വര്‍ഷം ഒക്ടോബറില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം.
മാറ്റങ്ങളുമായി എംജി ഗ്ലോസ്റ്റര്‍
2020 മുതല്‍ തന്നെ എംജിഗ്ലോസ്റ്റര് ഇന്ത്യന്‍ വിപണിയിലുണ്ട്. ഈ വര്‍ഷം അവസാനത്തോടെ പുതുരൂപത്തില്‍ എംജി ഗ്ലോസ്റ്റര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഹെഡ്ലാംപ്, വലിയ ഗ്രില്‍, പുതിയ ടെയില്‍ ലാംപുകള്‍, മാറ്റം വരുത്തിയ ബംപറുകള്‍ എന്നിവയും എംജി ഗ്ലോസ്റ്ററിലുണ്ടാവും. ഇവക്കു പുറമേ കൂടുതല്‍ ഫീച്ചറുകളും എംജി ഗ്ലോസ്റ്ററിലുണ്ടാവും. ഓസ്ട്രേലിയയില്‍ എംജി വില്‍ക്കുന്ന മാക്സസ് എല്‍ഡിവി ഡി90 അടിസ്ഥാനമാക്കിയാണ് പുതിയ ഗ്ലോസ്റ്ററിന്റെ വരവ്.
കിയ ഇവി 9
കിയയുടെ 2.0 ട്രാന്സ്ഫോര്മേഷന് പദ്ധതിയുടെ ഭാഗമായാണ് കിയ ഇവി9ന്റെ വരവ്. ഇവി6ന് മുകളിലായിട്ടാണ് കിയ ഇലക്ട്രിക് എസ് യു വിയായ ഇവി9ന്റെ സ്ഥാനം. ഇവി9ന്റെ പരിമിതമായ എണ്ണം മാത്രമേ വില്പനക്കെത്തൂ. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന ഈ വാഹനത്തിന് ഒരു കോടി രൂപയോളം വില വരും. ബിഎംഡബ്ല്യു iX ആണ് ഇവി9ന്റെ പ്രധാന എതിരാളി.
പുതിയ ജീപ് മെറിഡിയന്
മൂന്നാം തവണയാണ് ജീപ്പ് മെറിഡിയന് മാറ്റങ്ങളോടെ അവതരിക്കുന്നത്. രൂപത്തിലെ വിശദാംശങ്ങള്‍ മറച്ച രീതിയില്‍ ജീപ് മെറിഡിയന് ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ദിവസങ്ങള്‍ക്കു മുമ്പ് പുറത്തുവന്നിരുന്നു. ബംപറുകളിലും ഗ്രില്ലിലുമൊക്കെ മാറ്റങ്ങളുണ്ടാവുമെങ്കിലും ഏറ്റവും വലിയ മാറ്റം അഡാസ് സുരക്ഷാ ഫീച്ചറുകളായിരിക്കും. 170എച്ച്പി, 350എന്‍എം, 2.0 ലീറ്റര്‍ ഡീസല്‍ എന്ജിന് തന്നെ തുടര്‍ന്നേക്കും.
മാരുതി ഗ്രാന്റ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍
ഏഴുപേര്‍ക്ക് സഞ്ചരിക്കാവുന്ന മാരുതി ഗ്രാന്‍ഡ് വിറ്റാര അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പെട്രോള്‍, ഹൈബ്രിഡ്, സിഎന്‍ജി പവര്‍ട്രെയിനുകളില്‍ പ്രതീക്ഷിക്കാം. ഹ്യുണ്ടേയ് അല്‍ക്കസാര്‍, മഹീന്ദ്ര XUV700, എംജി ഹെക്ടര്‍, ടാറ്റ സഫാരി എന്നിവയോടായിരിക്കും ഗ്രാന്‍ഡ് വിറ്റാര മത്സരിക്കുക. ഗ്രാന്‍ഡ് വിറ്റാരയുടെ ടൊയോട്ട പതിപ്പും പ്രതീക്ഷിക്കാം. മൂന്നു നിരകളുള്ള അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറായിരിക്കും ടൊയോട്ടയുടെ വകഭേദം.
കിയ കാരന്‍സ് ഇവി
കാരന്‍സ് ഇവി 2025ല്‍ പുറത്തിറക്കുമെന്ന് കിയ കഴിഞ്ഞ മാസത്തിലാണ് അറിയിച്ചത്. ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമായ ഇലക്ട്രിക് എസ് യു വിയായിരിക്കും കിയ കാരന്‍സ്. വാഹനത്തിന്റെ വിശദാംശങ്ങള്‍ കിയ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. പ്രതീക്ഷിക്കുന്ന റേഞ്ച് 400-500 കിമി. ഐസിഇ കാരന്‍സിന് മുകളിലായിരിക്കും കാരന്‍സ് ഇവിയുടെ സ്ഥാനം. വില 20-22 ലക്ഷം.