എംവിഡിയെ പരിഹസിച്ച് സഞ്ജു ടെക്കി; കേസെടുത്ത് പൊലീസ്, ഹൈക്കോടതിയിൽ റിപ്പോർട്ട് ഇന്ന്
Mail This Article
കാറിൽ നീന്തൽക്കുളം ഒരുക്കി കലവൂർ സ്വദേശിയായ വ്ലോഗർ ടി.എസ്.സജു (സഞ്ജു ടെക്കി– 28) റോഡിലൂടെ അപകടകരമായ രീതിയിൽ സഞ്ചരിച്ച സംഭവത്തിൽ മോട്ടർ വാഹന വകുപ്പ് ഇന്നു ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും. സജുവിന്റെ നിയമലംഘനങ്ങളും അവയിൽ മോട്ടർ വാഹന വകുപ്പ് സ്വീകരിച്ച നടപടികളും ഉൾപ്പെടെയുള്ള റിപ്പോർട്ടാണ് നൽകുന്നത്.
കൂടാതെ ആര്‍ടിഒയുടെ പരാതിയില്‍ മണ്ണഞ്ചേരി പൊലീസ് കേസെടുക്കുകയും ചെയ്യും. സഞ്ജുവിനൊപ്പം യാത്ര ചെയ്ത കൂട്ടുകാരും നടപടി നേരിടേണ്ടി വരും. കാർ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റിയിരുന്നു. 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത റീച്ച് കേസ് മൂലം തനിക്ക് കിട്ടിയെന്ന് സഞ്ജു പരിഹസിച്ചിരുന്നു. ആര്‍ടിഒക്കും മാധ്യമങ്ങൾക്കും നന്ദി എന്നായിരുന്നു നിയമപരമായ ശിക്ഷാ നടപടിയെ പരിഹസിച്ചുകൊണ്ട് സഞ്ജു പുറത്തുവിട്ട വിഡിയോയിൽ പറഞ്ഞത്.
സംഭവത്തിൽ സ്വമേധയാ ഇടപെട്ട ഹൈക്കോടതി മോട്ടർ വാഹന വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു എൻഫോഴ്സ്മെന്റ് ആർടിഒ ആർ.രമണൻ റിപ്പോർട്ട് സമർപ്പിക്കുന്നത്. 7നു ഹൈക്കോടതി കേസ് പരിഗണിച്ചേക്കും.
സജുവിനെതിരെ മോട്ടർ വാഹന വകുപ്പ് കണ്ടെത്തിയ ഗതാഗത നിയമ ലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ഇന്നു രാവിലെ ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിക്കും. ഇതിന്റെ ഫയൽ നമ്പർ ഉൾപ്പെടെയാണു ഹൈക്കോടതിയിൽ സമർപ്പിക്കുന്നത്.
സജുവിന്റെ നിയമലംഘനങ്ങൾക്കെതിരെ എൻഫോഴ്സ്മെന്റ് ആർടിഒ ആർ. രമണൻ ഇ മെയിലായി മണ്ണഞ്ചേരി പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നു നേരിട്ടെത്തി പരാതി നൽകുന്നതോടെ പൊലീസ് എഫ്ഐആർ ഇടും. ഈ കേസ് വിവരങ്ങളും ഹൈക്കോടതിയെ അറിയിക്കുന്നുണ്ട്.
സജു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോകളിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ ചുമതലപ്പെടുത്തിയ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ഇന്ന് എൻഫോഴ്സ്മെന്റ് ആർടിഒയ്ക്കു റിപ്പോർട്ട് നൽകും. മുൻകാല നടപടികൾ കൂടി കണക്കിലെടുത്തു ശിക്ഷ കടുപ്പിക്കാനാണു മോട്ടർ വാഹന വകുപ്പിന്റെ ശ്രമം.
സജുവിനും സുഹൃത്തുക്കളായ സൂര്യനാരായണൻ (29), അഭിലാഷ് ഗോപി (28), സ്റ്റാൻലി ക്രിസ്റ്റഫർ (28) എന്നിവർക്കെതിരെ 6 വകുപ്പുകൾ പ്രകാരമാണു മോട്ടർ വാഹന വകുപ്പ് കേസ് എടുത്തത്. ശിക്ഷാ നടപടികളുടെ ഭാഗമായുള്ള എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്, കേരളയിൽ ഇന്നു മുതൽ മൂന്നു ദിവസത്തെ ക്ലാസിൽ പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്.