മറിയുന്നതിന്റെ അവസാന നിമിഷം ചാടി രക്ഷപ്പെട്ടു, ഡ്രൈവറുടെ മനസാന്നിധ്യത്തിന് കയ്യടി
Mail This Article
അശ്രദ്ധയും അമിതവേഗവുമൊക്കെയാണ് പലപ്പോഴും റോഡ് അപകടങ്ങളിലെ പതിവ് വില്ലന്മാർ. ചിലപ്പോഴെങ്കിലും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടും മറ്റുള്ളവരുടെ അശ്രദ്ധ മൂലവുമൊക്കെ അപകടങ്ങൾ സംഭവിക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ ലോകത്ത് വൈറലായത് നിയന്ത്രണം വിട്ടു താഴേക്ക് പതിക്കുന്ന ഒരു ടാറ്റ പഞ്ചിന്റെ വിഡിയോ ആണ്. ഭാഗ്യമെന്നു തന്നെ പറയാം, വാഹനം ഡ്രൈവ് ചെയ്തിരുന്നയാൾ മനസാന്നിധ്യം കൊണ്ട് അദ്ഭുതകരമായി രക്ഷപ്പെട്ടു.
ജമ്മു കാശ്മീരിലാണ് സംഭവം നടന്നത്. കുത്തനെയുള്ള ഒരു ചരിവിൽ നിന്നും വാഹനം മുകളിലേക്ക് തള്ളി കയറ്റാൻ രണ്ടുപേർ ചേർന്ന് ശ്രമിക്കുന്നുണ്ടെങ്കിലും, സാധിക്കുന്നില്ല. പെട്ടെന്ന് പുറകിലേക്ക് ഉരുണ്ടിറങ്ങുന്ന കാറിൽ നിന്നും ഡ്രൈവർ പുറത്തേക്കു ചാടുന്നത് വിഡിയോയിൽ കാണാവുന്നതാണ്. ഡ്രൈവർ പുറത്തു ചാടിയതിനു ശേഷം ഒന്നിൽ കൂടുതൽ തവണ വാഹനം തലകീഴായി മറിയുകയും ഒടുവിൽ താഴേക്ക് പതിക്കുകയും ചെയ്യുന്നു.
നിയന്ത്രണം നഷ്ടപ്പെടുന്നു എന്ന തോന്നലുണ്ടായ നിമിഷത്തിൽ തന്നെ വാതിൽ തുറന്നു പുറത്തേക്കു ചാടുന്നുണ്ട് വാഹനത്തിന്റെ ഡ്രൈവർ. ജീവൻ പോലും നഷ്ടമാകുമായിരുന്ന ഒരു അപകടത്തിൽ നിന്നും കഷ്ടിച്ചു രക്ഷപെടാൻ ഡ്രൈവർക്കു കഴിഞ്ഞത് തന്റെ മനസാന്നിധ്യമൊന്നു കൊണ്ടുമാത്രമാണ്. വെല്ലുവിളി ഉയർത്തുന്ന മലമ്പ്രദേശങ്ങളിലൂടെ വാഹനങ്ങൾ ഡ്രൈവ് ചെയ്യുമ്പോൾ പ്രത്യേക കരുതൽ വേണം എന്നത് ഊട്ടിയുറപ്പിക്കുന്നുണ്ട് ഈ അപകട വിഡിയോ.