ADVERTISEMENT

ചെറിയൊരു അശ്രദ്ധക്ക് ജീവിതത്തില്‍ പലപ്പോഴും വലിയ വില കൊടുക്കേണ്ടി വരാറുണ്ട്. വാഹനാപകടങ്ങളുടെ കാര്യത്തിലാണെങ്കില്‍ പ്രത്യേകിച്ചും. അശ്രദ്ധകൊണ്ട് പാര്‍ക്കിങ് ബ്രേക്ക് ഇടാതെ ഡ്രൈവര്‍മാര്‍ പുറത്തിറങ്ങി അപകടം സംഭവിക്കുന്നത് തുടര്‍ക്കഥയായപ്പോഴാണ് ഇതിനൊരു പരിഹാരത്തെക്കുറിച്ച് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ദീപു എന്‍കെ ചിന്തിക്കുന്നത്. അങ്ങനെയാണ് പാര്‍ക്കിങ് ബ്രേക്ക് ഇടാതെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിച്ചാല്‍ ഡ്രൈവര്‍ക്ക് മുന്നറിയിപ്പു നല്‍കുന്ന സംവിധാനം സംഭവിക്കുന്നത്. 

ഇപ്പോള്‍ പുറത്തിറങ്ങുന്ന വാഹനങ്ങളില്‍ ഭൂരിഭാഗത്തിലും സുരക്ഷക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. എയര്‍ബാഗ് മുതല്‍ 360 ഡിഗ്രി ക്യാമറ വരെ വാഹനങ്ങളിലുണ്ട്. ഇതിനെല്ലാം പുറമേ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കിലോ ഡോര്‍ അടച്ചില്ലെങ്കിലോ ഒക്കെയുള്ള മുന്നറിയിപ്പുകള്‍ വേറെ. പാര്‍ക്കിങ് ബ്രേക്ക് ഇട്ടുകൊണ്ട് വാഹനം മുന്നോട്ടെടുത്താല്‍ മുന്നറിയിപ്പ് സംവിധാനം പല വാഹനങ്ങളിലുമുണ്ട്. എന്നാല്‍ പാര്‍ക്കിങ് ബ്രേക്ക് ഇടാതെ വാഹനം നിര്‍ത്തി പുറത്തേക്കിറങ്ങിയാല്‍ ഒരു വാഹനത്തിലും മുന്നറിയിപ്പ് സംവിധാനമില്ല. ഈ പരിമിതി കുറഞ്ഞ ചിലവില്‍ തന്നെ പരിഹരിക്കാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ദീപു എന്‍കെ. 

പാര്‍ക്കിങ് ബ്രേക്ക് എന്ത്?

പാര്‍ക്ക് ചെയ്യുമ്പോള്‍ വാഹനത്തെ നിശ്ചലമാക്കാനാണ് പാര്‍ക്കിങ് ബ്രേക്ക്(ഹാന്‍ഡ് ബ്രേക്ക്) സംവിധാനം ഘടിപ്പിച്ചിരിക്കുന്നത്. ഹൈഡ്രോളിക് ബ്രേക്ക് സിസ്റ്റമുള്ള ഭൂരിഭാഗം വാഹനങ്ങളിലെയും പാര്‍ക്കിങ് ബ്രേക്ക് ഇപ്പോഴും പൂര്‍ണമായും മെക്കാനിക്കല്‍ ആണ്. പ്ലാറ്റ്ഫോമില്‍ ഘടിപ്പിച്ചിട്ടുള്ള ഒരു ലിവര്‍ വലിക്കുന്നതിലൂടെ കേബിളുകള്‍ വാഹനത്തിന്റെ പിന്‍ചക്രത്തിലെ ബ്രേക്കിനെ പ്രവര്‍ത്തിപ്പിച്ച് ചലനരഹിതമാക്കുന്നതാണ് രീതി. പ്രധാന ഹൈഡ്രോളിക് ബ്രേക്സിസ്റ്റം പരാജയപ്പെട്ടാലും, കുറഞ്ഞ വേഗത്തിലാണെങ്കില്‍ വാഹനം നിര്‍ത്താനും പാര്‍ക്കിങ് ബ്രേക്ക് ഡ്രൈവറെ സഹായിക്കാറുണ്ട്. 

മാനുവല്‍ ട്രാന്‍സ്മിഷന്‍ വാഹനങ്ങള്‍ എപ്പോള്‍ നിര്‍ത്തിയിട്ടാലും, കയറ്റത്തിലാണെങ്കില്‍ ഫസ്റ്റ് ഗിയറിലും ഇറക്കത്തില്‍ ആണെങ്കില്‍ റിവേഴ്സ് ഗിയറിലും ഇടുകയും ഒപ്പം തന്നെ  ഹാന്‍ഡ് ബ്രേക്ക് ലിവര്‍ മുകളിലേക്ക് വലിച്ച് പാര്‍ക്കിങ് ബ്രേക്ക് പ്രവര്‍ത്തനക്ഷമമാക്കുകയും വേണം. ഗിയറില്‍ മാത്രം ഇട്ട് (പ്രത്യേകിച്ച് തേഡ്/ ഫോര്‍ത്ത് ഗിയറുകളില്‍) പാര്‍ക്കിങ് ബ്രേക്ക് ഇടാതെ വാഹനം നിര്‍ത്തിയിടുന്നത് സുരക്ഷിതമല്ല. വില കൂടിയ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വാഹനങ്ങള്‍ക്ക് ഒരു 'പാര്‍ക്ക്' ഗിയര്‍ കൂടാതെ ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക് കൂടിയുണ്ട്. വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ഹാന്‍ഡ് ബ്രേക്ക് ഇട്ട ശേഷം മാത്രം ഗിയറില്‍ ഇടുന്നത് ഗിയര്‍ബോക്സിന്റെ ആയുസ് കൂട്ടുമെന്നും ദീപു എന്‍കെ കൂട്ടിച്ചേര്‍ക്കുന്നു.

parkbrake-1

അപകട സാധ്യത 

ഹാന്‍ഡ് ബ്രേക്ക് ഇടാതെ വാഹനം നിര്‍ത്തുമ്പോള്‍ ചെരിവുള്ള പ്രദേശങ്ങളിലാണെങ്കില്‍ വാഹനം ഉരുണ്ട് പോയി അപകടം സംഭവിക്കാന്‍ സാധ്യതയേറെയാണ്. ഹാന്‍ഡ് ബ്രേക്ക് റിലീസ് ചെയ്യാതെ വാഹനം ഓടിക്കാന്‍ ശ്രമിച്ചാല്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം ഇപ്പോള്‍ പുറത്തിറങ്ങുന്ന പല വാഹനങ്ങളിലുമുണ്ട്. എന്നാല്‍ ഹാന്‍ഡ് ബ്രേക്ക് മുകളിലേക്ക് വലിച്ച് പ്രവര്‍ത്തനക്ഷമമാക്കാതെ ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയാല്‍ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനമില്ല. 

ചില പാസഞ്ചര്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ യാത്രക്കാര്‍ വാഹനത്തില്‍ ഉള്ളപ്പോള്‍ എയര്‍കണ്ടീഷന്‍ ഉണ്ടെങ്കില്‍ വാഹനം ഓഫ് ചെയ്യാതെ തന്നെ ഡ്രൈവര്‍ സീറ്റില്‍ നിന്നും പുറത്തിറങ്ങാറുണ്ട്. ചരിവുള്ള റോഡിലാണ് ഈ വാഹനം നിര്‍ത്തിയിട്ടതെങ്കില്‍ ഡ്രൈവറുടെ അശ്രദ്ധ കൊണ്ട് ഹാന്‍ഡ് ബ്രേക്ക് ഇടാതെ ആണ് പുറത്തിറങ്ങുന്നത് എങ്കില്‍ ഒരു വലിയ അപകടം തന്നെ നടന്നേക്കാം.  

ഇങ്ങനെ ഒരു മുന്നറിയിപ്പ് സംവിധാനം ഉണ്ടെങ്കില്‍ പല അപകടങ്ങളും ഒഴിവാക്കാമായിരുന്നു എന്ന ആശയത്തില്‍ നിന്നാണ് ഈ പുതിയ സംവിധാനം നിര്‍മിച്ചതെന്ന് ദീപു എന്‍കെ പറയുന്നു. ഈ പുതിയ സംവിധാനത്തില്‍ ഹാന്‍ഡ് ബ്രേക്ക് ഇടാതെ ഡ്രൈവര്‍ വാഹനത്തിന്റെ ഡോര്‍ തുറന്ന് ഇറങ്ങാന്‍ ശ്രമിച്ചാല്‍ വാഹനത്തില്‍ നിന്നും 'പ്ലീസ് എന്‍ഗേജ് പാര്‍ക്കിങ് ബ്രേക്ക്' എന്ന മുന്നറിയിപ്പ് ശബ്ദം ഉയരും. പാര്‍ക്കിങ് ചെയ്യുമ്പോഴുള്ള അശ്രദ്ധ മൂലമുണ്ടാവുന്ന അപകടങ്ങള്‍ ഇതുവഴി ഇല്ലാതാക്കാനാവും. വാഹനം ഓഫ് ചെയ്യാതെ ഹാന്‍ഡ് ബ്രേക്ക് ഇടാതെ പുറത്തിറങ്ങാന്‍ ശ്രമിച്ചാലും മുന്നറിയിപ്പ് ശബ്ദം വരും.

ലക്ഷ്യം 

ദേവികുളം സബ് ആര്‍ടി ഓഫിസിലെ എംവിഐ ദീപു എന്‍കെയുടെ ആശയം പ്രാവര്‍ത്തികമാക്കാന്‍ സഹായിച്ചത് അടിമാലി ശ്രീലക്ഷ്മി ഓട്ടോമൊബൈല്‍സ് ഉടമ സാബുവും ഗ്രാന്റ് ഓട്ടോ ഇലക്ട്രിക്കല്‍സ് ഉടമ അംജിതുമായിരുന്നു. ഒഴിവു ദിവസങ്ങളിലും രാത്രിയിലുമായിരുന്നു ഇതിന്റെ നിര്‍മാണം. ഹാന്‍ഡ്ബ്രേക്ക് സ്വിച്ച്, ഡോര്‍ സ്വിച്ച്, റിലേകള്‍, പ്രോഗ്രാം ചെയ്ത സൗണ്ട് സിസ്റ്റം എന്നിവയാണ് പ്രധാനമായും ഈ ഉപകരണത്തിനായി ഉപയോഗിച്ചതെന്ന് അംജിത് പറയുന്നു. 

കുറഞ്ഞ ചിലവില്‍ ഈ സംവിധാനം വാഹനങ്ങളില്‍ ഘടിപ്പിക്കാന്‍ സാധിക്കുമെന്ന് ഇവര്‍ തെളിയിച്ചു കഴിഞ്ഞു. ഇനി സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ വന്നാല്‍ വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാനാവുമെന്നാണ് പ്രതീക്ഷ. സീറ്റ് ബെല്‍റ്റ് മുന്നറിയിപ്പും ഡോര്‍ ലോക്ക് മുന്നറിയിപ്പുമെല്ലാം പോലെ ഹാന്‍ഡ് ബ്രേക്ക് ഇടുന്നതിനുള്ള മുന്നറിയിപ്പു സംവിധാനം കൂടി വാഹനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ വാഹന നിര്‍മാതാക്കള്‍ ശ്രദ്ധിക്കുമെന്ന പ്രതീക്ഷയും ദീപു പങ്കുവെക്കുന്നു.

English Summary:

Innovative Solution: How a Motor Vehicle Inspector’s Clever Fix Prevents Accidents from Forgotten Parking Brakes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com