റേഞ്ച് 355 കി.മീ, മത്സരം പഞ്ച് ഇവിയുമായി; ഫീച്ചറുകൾ നിറച്ച് ഹ്യുണ്ടേയ് ഇൻസ്റ്റർ
Mail This Article
ചെറു വൈദ്യുത എസ് യു വി വിഭാഗത്തില്‍ ഹ്യുണ്ടേയ്യുടെ പുതിയ മോഡല്‍ ഇന്‍സ്റ്റര്‍ പുറത്തിറക്കി. ബുസാന്‍ രാജ്യാന്തര മൊബിലിറ്റി ഷോയിലാണ് ഇന്‍സ്റ്റര്‍ ഇവിയുടെ വിശദാംശങ്ങള്‍ ഹ്യുണ്ടേയ് പുറത്തുവിട്ടത്. അഡാസ് സുരക്ഷയും 355 കി.മീ റേഞ്ചും സണ്റൂഫുമുള്ള ഇവി മോഡലാണിത്. പഞ്ച് ഇവി പോലുള്ള ചെറു വൈദ്യുത എസ്യുവികള്‍ക്കാണ് ഈ ഹ്യുണ്ടേയ് മോഡല്‍ വെല്ലുവിളിയാവുക.
ഡിസൈന്‍
രൂപകല്പന കൊണ്ടും ഒതുക്കം കൊണ്ടും ശ്രദ്ധയാകര്‍ഷിക്കുന്ന ചെറു ഇവിയാണ് ഇന്‍സ്റ്റര്‍. സിറ്റി ഡ്രൈവിങിന് കൂടുതല്‍ അനുയോജ്യമാക്കുന്ന രൂപാണ് ഇന്‍സ്റ്ററിന്. അതേസമയം രൂപകല്പനയുടെ മികവുകൊണ്ട് മികച്ച ഇന്റീരിയര്‍ സ്പേസും വാഹനം നല്കുന്നു. വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റുകളാണ് ഇന്‍സ്റ്ററില്‍. എല്‍ഇഡി ഡിആര്‍എല്ലുകളും പിക്സല്‍ ഗ്രാഫിക് ടേണ്‍ സിഗ്നലുകളും. ടെയില്‍ ലാംപും ബംപറുകളും വ്യത്യസ്തമായ ലുക്ക് നല്‍കുന്നതാണ്. 15 ഇഞ്ച് മുതല്‍ 17 ഇഞ്ച് വരെ വലിപ്പത്തിലുള്ള വീല്‍ ഓപ്ഷനുകള്‍.
ഇന്റീരിയര്‍
10.25 ഇഞ്ച് ഡിജിറ്റല്‍ ക്ലസ്റ്ററും നാവിഗേഷനായി 10.25 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് ടച്ച്സ്ക്രീനും വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും നല്കിയിരിക്കുന്നു. സീറ്റുകളിലാണ് ഹ്യുണ്ടേയ് കൂടുതല്‍ മികച്ചതാക്കിയിരിക്കുന്നത്. മുന്നിലെ ഡ്രൈവര്‍ സീറ്റ് എടക്കം എല്ലാ സീറ്റുകളും പൂര്‍ണമായും നിവര്ത്തിയിടാനാവും. ഹീറ്റഡ് ഫ്രണ്ട് സീറ്റ്, സ്റ്റിയറിങ് വീല്‍ ഓപ്ഷനും ലഭ്യമാണ്. രണ്ടാം നിരയിലെ സീറ്റുകള്‍ 50/50 സ്പ്ലിറ്റ് ചെയ്യാനും സ്ലൈഡു ചെയ്യാനും കിടത്താനും സാധിക്കും. സിംഗിള്‍ പാന്‍ സണ്‍ റൂഫ് സൗകര്യവുമുണ്ട്.
ബാറ്ററി, റേഞ്ച്
42kWh, 49kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകള്‍. ഇത് 355 കി.മീ വരെ റേഞ്ച് നല്‍കും. സെഗ്മെന്റിലെ മികച്ച റേഞ്ചുകളിലൊന്നാണ് ഇത്. ഡിസി ഫാസ്റ്റ് ചാര്‍ജിങ് ഉപയോഗിച്ചാല്‍ ഇന്‍സ്റ്റര്‍ 10ല്‍ നിന്നും 80 ശതമാനം ചാര്‍ജിലേക്ക് 30 മിനുറ്റില്‍ കുതിച്ചെത്തും. 11kW ഓണ്‍ ബോര്‍ഡ് ചാര്‍ജറാണ് സ്റ്റാന്‍ഡേഡായി എത്തുന്നത്. മറ്റു വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളെ ചാര്‍ജു ചെയ്യണമെങ്കില്‍ വെഹിക്കിള്‍ ടു ലോഡ്(V2L) സൗകര്യവുമുണ്ട്.
സാങ്കേതികവിദ്യയും സുരക്ഷയും
അഡാസ് സുരക്ഷയാണ് ഇന്‍സ്റ്ററിന്റെ മറ്റൊരു പ്രധാന സവിശേഷത. സറൗണ്ട് വ്യൂ മോണിറ്റര്‍, പാര്‍ക്കിങ് കൊളീഷന്‍ അവോയ്ഡന്‍സ് അസിസ്റ്റ് റിയര്‍, ബ്ലൈന്‍ഡ് സ്പോട്ട് വ്യൂ മോണിറ്റര്‍, ഫോര്‍വേഡ് കൊളീഷന്‍ അവോയ്ഡന്‍സ് അസിസ്റ്റ് 1.5, ലൈന്‍ കീപ്പിങ് അസിസ്റ്റ്, ലൈന്‍ ഫോളോയിങ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്പോഡ് തിരിച്ചറിയാനുള്ള സൗകര്യം, സ്മാര്‍ട്ട് ക്രൂസ് കണ്ട്രോള്, ഇന്റലിജന്റ് സ്പീഡ് ലിമിറ്റ് അസിസ്റ്റ്, ഡ്രൈവര്‍ അറ്റെന്‍ഷന്‍ വാണിങ്, ഹൈ ബീം അസിസ്റ്റ്, ലീഡിങ് വെഹിക്കിള്‍ ഡിപ്പാര്‍ച്ചര്‍ അലെര്‍ട്ട്, റിയര്‍ ഒക്യുപന്റ് അലര്‍ട്ട് എന്നിങ്ങനെ പോവുന്നു അഡാസ് സുരക്ഷാ ഫീച്ചറുകള്‍.
എന്നു വരും?
ഹ്യുണ്ടേയ്യുടെ സ്വന്തം നാടായ ദക്ഷിണകൊറിയയിലാണ് ആദ്യം ഇന്‍സ്റ്റര്‍ ഇറങ്ങുക. പിന്നീട് യൂറോപ്പ്, പശ്ചിമേഷ്യ, ഏഷ്യ പസഫിക്ക് എന്നിവിടങ്ങളിലേക്കും ഇന്‍സ്റ്റര്‍ വരും. കൂടുതല്‍ ഔട്ട്ഡോര്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഇന്‍സ്റ്റര്‍ ക്രോസും വൈകാതെ ഇറങ്ങും. ഇന്ത്യയില്‍ ഇന്‍സ്റ്റര്‍ എന്നു വരുമെന്ന് കമ്പനി അറിയിച്ചിട്ടില്ല. നമുക്ക് ഇന്‍സ്റ്റര്‍ അടിസ്ഥാനമായുള്ള എക്സ്റ്റര്‍ ഇവിക്കാണ് സാധ്യത. ഇന്‍സ്റ്ററിന്റെ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള എക്സ്റ്റര്‍ ഇവി പഞ്ച് ഇവിക്ക് എതിരാളിയായിരിക്കും. അടുത്ത വര്‍ഷം തന്നെ ഹ്യുണ്ടേയ് എക്സ്റ്റര്‍ ഇവി പ്രതീക്ഷിക്കാം.