ADVERTISEMENT

2024 ബുസാന്‍ രാജ്യാന്തര മൊബിലിറ്റി ഷോയിലാണ് ദിവസങ്ങള്‍ക്കു മുമ്പ് തങ്ങളുടെ ഏറ്റവും ചെറിയ വൈദ്യുത കാര്‍, ഇന്‍സ്റ്റര്‍ ഹ്യുണ്ടേയ് പുറത്തിറക്കിയത്. യൂറോപിലും പശ്ചിമേഷ്യയിലും ഏഷ്യ പെസഫിക് മേഖലയിലുമെല്ലാം ഹ്യുണ്ടേയ് വില്‍ക്കുന്ന മൈക്രോ എസ്‌യുവി കാസ്‌പെറിന്റെ ഇവി പതിപ്പാണ് ഇന്‍സ്റ്റര്‍. ഇന്‍സ്റ്റര്‍ ആദ്യം ദക്ഷിണകൊറിയയിലാണ് ഇറങ്ങുക. ഇന്ത്യയില്‍ ഇന്‍സ്റ്റര്‍ എന്നിറങ്ങുമെന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങളില്ല. ഇറങ്ങുകയാണെങ്കില്‍ ഇന്‍സ്റ്റര്‍ വെല്ലുവിളി ഉയര്‍ത്തുക ടാറ്റ പഞ്ച് ഇവിക്കും സിട്രോണ്‍ ഇസി3ക്കുമായിരിക്കും. 

Citroen eC3
Citroen eC3

വലിപ്പം

ഈ മൂന്നു മോഡലുകളിലും വെച്ച് ഏറ്റവും നീളം കൂടുതല്‍ സിട്രോണ്‍ ഇസി3ക്കാണ്. 3,981എംഎം നീളമുണ്ട് സിട്രോണ്‍ ഇസി3ക്ക്. ഉയരത്തില്‍ മുന്നിലുള്ളത് ടാറ്റ പഞ്ച് ഇവിയാണ്(1,742എംഎം). വീല്‍ബേസിലേക്കു വന്നാല്‍ ഇന്‍സ്റ്ററാണ്(2,580 എംഎം) മുന്നില്‍. 17 ഇഞ്ച് വീലുകൾ വരെ ഇന്‍സ്റ്ററില്‍ ഉപയോഗിക്കാനാവും. പഞ്ച് ഇവിക്ക് 16 ഇഞ്ച് വീലും സിട്രോണ്‍ ഇസി3ക്ക് 15 ഇഞ്ച് വീലുമാണുള്ളത്. 

tata-punch-ev

പവര്‍ട്രെയിന്‍, റേഞ്ച്

സിംഗിള്‍ ഇലക്ട്രിക് മോട്ടോറാണ് മൂന്നു വാഹനങ്ങളിലുമുള്ളത്. ഇന്‍സ്റ്ററിന്റെ അടിസ്ഥാന മോഡലിന് 97എച്ച്പിയും ലോങ് റേഞ്ചിന് 115 എച്ച്പിയുമാണുള്ളത്. പഞ്ച് ഇവിയുടെ മിഡ് റേഞ്ച് മോഡൽ 82എച്ച്പിയും ലോങ് റേഞ്ച് 122എച്ച്പി കരുത്തു പുറത്തെടുക്കും. 57എച്ച്പി കരുത്തും 143എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കുന്ന സിട്രോണ്‍ ഇസി3യാണ് കൂട്ടത്തില്‍ ഏറ്റവും കരുത്തു കുറഞ്ഞ വാഹനം. 

42kWh, 49kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളില്‍ ഇന്‍സ്റ്റര്‍ എത്തുന്നുണ്ട്. 15 ഇഞ്ച് വീലുകൾ ഘടിപ്പിച്ചാല്‍ വലിയ ബാറ്ററി പാക്ക് 355 കി.മീ വരെ റേഞ്ച് നല്‍കുമെന്നാണ് ഇന്‍സ്റ്ററിന്റെ വാഗ്ദാനം. 25kWh, 35kWh ബാറ്ററിയുള്ള ടാറ്റ പഞ്ചിന് യഥാക്രമം 315 കി.മീ, 421 കി.മീ റേഞ്ച് ലഭിക്കുമെന്നാണ് എംഐഡിസി സര്‍ട്ടിഫൈ ചെയ്തിരിക്കുന്നത്. 29.2kWh ബാറ്ററിയിലെത്തുന്ന സിട്രോണ്‍ ഇസി3 വാഗ്ദാനം ചെയ്യുന്നത് 320 കി.മീ റേഞ്ചാണ്. 

hyundai-inster-4

ചാര്‍ജിങ് സമയം

120kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ഇന്‍സ്റ്ററിന്റെ ചാര്‍ജ് പത്തു ശതമാനത്തില്‍ നിന്നും 80 ശതമാനത്തിലേക്ക് അര മണിക്കൂറുകൊണ്ട് എത്തുമെന്നാണ് ഹ്യുണ്ടേയ് അറിയിക്കുന്നത്. സ്റ്റാന്‍ഡേഡ് എസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ സ്റ്റാന്‍ഡേഡ് മോഡലില്‍ ചാര്‍ജിങ് സമയം നാലു മണിക്കൂറായി ഉയരും. ലോങ് റേഞ്ച് മോഡലില്‍ ഇതേ ചാര്‍ജറില്‍ നാലര മണിക്കൂറെടുക്കും. 

hyundai-inster-2

സാധാറണ ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ടാറ്റ പഞ്ച് ഇവി പൂര്‍ണമായും ചാര്‍ജു ചെയ്യാന്‍ ഒമ്പതു മണിക്കൂര്‍ മുതല്‍ 13 മണിക്കൂറുകള്‍ വരെ എടുക്കും. മോഡലുകള്‍ക്കനുസരിച്ചാണ് ചാര്‍ജിങ് സമയം വ്യത്യാസപ്പെടുന്നത്. സാധാരണ ചാര്‍ജര്‍ ഉപയോഗിച്ചാല്‍ പത്തു ശതമാനത്തില്‍ നിന്നും പൂര്‍ണമായും ചാര്‍ജു ചെയ്യാന്‍ സിട്രോണ്‍ ഇ3ക്ക് പത്തര മണിക്കൂറാണ് വേണ്ടത്. മറ്റു രണ്ടു മോഡലുകളിലുമില്ലാത്ത വെഹിക്കിള്‍ ടു ലോഡ്(V2L) സൗകര്യം ഇന്‍സ്റ്ററിലുണ്ട്. ഇതുപയോഗിച്ച് ഇന്‍സ്റ്ററില്‍ നിന്നും മറ്റു ബാറ്ററി ഉപകരണങ്ങള്‍ ചാര്‍ജു ചെയ്ത് ഉപയോഗിക്കാനാവും. 

Hyundai Inster
Hyundai Inster

വില 

10.99 ലക്ഷം മുതല്‍ 15.49 ലക്ഷം രൂപ വരെയാണ് ടാറ്റ പഞ്ച് ഇവിയുടെ വില. സിട്രോണ്‍ ഇവിയിലേക്കു വന്നാല്‍ 11.63 ലക്ഷം രൂപ മുതല്‍ 13.41 ലക്ഷം രൂപ വരെയാവും വില. ഇന്‍സ്റ്ററിന്റെ വില ഇതുവരെ ഹ്യുണ്ടേയ് പുറത്തുവിട്ടിട്ടില്ല. ഇന്‍സ്റ്ററിന്റെ സൗകര്യങ്ങള്‍ ടാറ്റ പഞ്ചിനേയും സിട്രോണ്‍ ഇസി3യേയും വെല്ലുവിളിക്കുന്നതാണ്. എന്നാല്‍ വില ഇന്ത്യയെ പോലുള്ള വിപണിയില്‍ നിര്‍ണായകമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com