ഇനി നടക്കപ്പോകത് യുദ്ധം! ഉടൻ വിപണിയിൽ എത്തുന്ന 10 വാഹനതാരങ്ങൾ
Mail This Article
ഇന്ത്യയില്‍ ജൂലൈ മുതല്‍ ആരംഭിക്കുന്ന ഫെസ്റ്റിവല്‍ സീസണ് കാറുകളുടെ കൂടി ഉത്സവകാലമാണ്. പുതിയ കാര്‍ മോഡലുകളും വലിയ ഓഫറുകളുമെല്ലാം ഈ ഉത്സവ സീസണിലും സജീവമാണ്. മെഴ്സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, മിനി എന്നിവയുടെ ആഡംബര കാറുകളും മഹീന്ദ്ര ഥാര്‍ 5 ഡോര്‍, ഹ്യുണ്ടേയ് അല്‍കസാര്‍ ഫേസ് ലിഫ്റ്റ്, നിസാന്‍ എക്സ് ട്രെയില്‍ എന്നിങ്ങനെയുള്ള കൂടുതല്‍ ജനകീയമായ മോഡലുകളും ഈ ഉത്സവ സീസണില്‍ എത്തും. വരും ദിവസങ്ങളില്‍ ഇന്ത്യന്‍ കാര്‍ വിപണിയില്‍ തരംഗമാവാന്‍ സാധ്യതയുള്ള കാറുകളേയും എസ് യു വികളേയും പരിചയപ്പെടാം.
മെഴ്സിഡീസ് ബെന്‍സ് ഇക്യുഎ
ഇന്ത്യയില്‍ മെഴ്സിഡീസ് ബെന്‍സ് അവതരിപ്പിക്കുന്ന നാലാമത്തെ ഇവി ഇക്യുഎ ജൂലൈ എട്ടിന് പുറത്തിറങ്ങും. സെവന് സീറ്റര്‍ ഇക്യുബി എസ് യു വി, ഇക്യുഇ എസ് യു വി, ഇക്യുഎസ് സെഡാന് എന്നിവയാണ് നേരത്തെ മെഴ്സിഡീസ് ബെന്‍സ് പുറത്തിറക്കിയ ഇവികള്‍. ഇന്ത്യയിലെത്തുന്ന ഇക്യുഎയുടെ വിശദാംശങ്ങള്‍ ഇപ്പോഴും മെഴ്സിഡീസ് ബെന്‍സ് പുറത്തുവിട്ടിട്ടില്ല.
രാജ്യാന്തര തലത്തില്‍ നാലു വകഭേദങ്ങളാണ് ഇക്യുഎക്കുള്ളത്. ഇക്യുഎ 250, ഇക്യുഎ 250+, ഇക്യുഎ 300 4മാറ്റിക്, ഇക്യുഎ 350 4 മാറ്റിക് എന്നിവയാണവ. 70.5kWh ബാറ്ററിയുള്ള 250+ വകഭേദത്തിന് 560 കിമിയാണ് റേഞ്ച്. 66.5kWh ബാറ്ററിയുള്ള ഇക്യുഎ മോഡലുകള്‍ 528 കിമിയാണ്(WLTP) സാക്ഷ്യപ്പെടുത്തിയ റേഞ്ച്. 77.75 ലക്ഷത്തിന് വില്‍ക്കുന്ന ഇക്യുബിക്ക് താഴെയായിരിക്കും വില. പ്രധാന എതിരാളികള്‍ വോള്‍വോ എക്സ് സി 40 റീചാര്‍ജ്, ബിഎംഡബ്ല്യു iX1.
ബിഎംഡബ്ലു 5 സീരീസ് എൻബിഡബ്ല്യു
ലോങ് വീല്‍ ബേസുമായി ഇന്ത്യയില്‍ ബിഎംഡബ്ലു ഇറക്കുന്ന 5 സീരീസ് സെഡാന് ജൂലൈ 24ന് പുറത്തിറങ്ങും. നിലവിലെ 5 സീരീസ് മോഡലിനു മാത്രമല്ല 6 സീരീസ് ജിടിക്കും പകരമായാണ്എല്ഡബ്ല്യുബിയുടെ വരവ്. 5,175 എംഎം നീളവും 1,900എംഎം വീതിയും 1,520 എംഎം ഉയരവുമുള്ള കാറാണിത്. ഈ വര്‍ഷം തന്നെ പുറത്തിറങ്ങാനിരിക്കുന്ന ഇ-ക്ലാസ് എല്ഡബ്ല്യുബിയേക്കാള് വലിപ്പം കൂടുതലുള്ള വാഹനമായിരിക്കും ഇത്. ആദ്യഘട്ടത്തില്‍ 530എല്‍ഐ എം സ്പോര്‍ട് വകഭേദം മാത്രമാണുണ്ടാവുക. നിലവിലെ 6 സീരീസ് ജിടിയേക്കാള്‍(73.5 ലക്ഷം മുതല്‍ 78.9 ലക്ഷം രൂപ വരെ) വില കൂടുതലാണ് പ്രതീക്ഷിക്കുന്നത്.
മിനി കൂപ്പര്‍ എസ്
പുതു തലമുറ കൂപ്പര്‍ എസ് ഹാച്ച്ബാക്ക് ജൂലൈ എട്ടിന് പുറത്തിറങ്ങും. ആദ്യം പെട്രോള്‍ പവര്‍ട്രെയിനും പിന്നീട് ഓള് ഇലക്ട്രിക് എസ് ഇ വകഭേദവും എത്തും. മിനിയുടെ പരിചിതമായ രൂപ ഭാവങ്ങളോടെയാവും കൂപ്പര്‍ എസ് ഹാച്ച്ബാക്കിന്റേയും വരവ്. സാംസങുമായി ചേര്‍ന്നാണ് വൃത്താകൃതിയിലുള്ള 9.4 ഇഞ്ച് ഒഎല്‍ഇഡി ഇന്‍ഫോടെയിന്‍മെന്റ് സ്ക്രീന്‍ നിര്‍മിച്ചിരിക്കുന്നത്. 2.0 ലീറ്റര്‍, ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്ജിന് തന്നെ തുടരും. എന്നാല്‍ 26എച്ച്പി കരുത്തും 20എന്‍എം ടോര്‍ക്കും അധികം ലഭിക്കുന്നതോടെ 204എച്ച്പി കരുത്തും പരമാവധി 300എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ പുതിയ മിനി കൂപ്പര്‍ എസിന് സാധിക്കും. 7 സ്പീഡ് ഡ്യുല്‍ ക്ലച്ച് ഓട്ടമാറ്റിക് ട്രാന്സ്മിഷന്. നിലവിലെ കൂപ്പര്‍ എസിനേക്കാള്‍(42.70 ലക്ഷം രൂപ) വില കൂടുമെന്ന് പ്രതീക്ഷിക്കാം.
മിനി കണ്ട്രിമാന് ഇലക്ട്രിക്
പെട്രോള്‍ മോഡലിനെ അപേക്ഷിച്ച് കൂടുതല്‍ വലിപ്പത്തിലുള്ള മിനി കണ്ട്രിമാന് ഇലക്ട്രിക്കാണ് അടുത്ത മോഡല്‍. വലിപ്പം കൂടിയതിനാല്‍ തന്നെ കൂടുതലായി 130 എംഎം ലെഗ്റൂം അധികം ലഭിച്ചിട്ടുണ്ട്. കൂപ്പര്‍ എസുമായി ഇന്റീരിയറില്‍ ഒരുപാട് സാമ്യതകളുണ്ട്. രണ്ട് പവര്‍ട്രെയിനുകളിലാണ് മിനി കണ്ട്രിമാന് വിദേശങ്ങളിലെത്തുന്നത്. 204എച്ച്പി, 250എന്‍എം, സിംഗിള്‍ മോട്ടോര്‍ ഫ്രണ്ട് വീല്‍ ഡ്രൈവ് മോഡലാണ് ആദ്യത്തേത്. 313എച്ച്പി, 494എന്‍എം, ഡ്യുവല്‍ മോട്ടോര്‍ ഓള് വീല്‍ ഡ്രൈവ് മോഡലാണ് രണ്ടാമത്തേത്. രണ്ടിലും 66.45kWh ബാറ്ററി. സിംഗിള്‍ മോട്ടോറിന് 462കിമിയും ഡ്യുവല്‍ മോട്ടോറിന് 433 കിമിയുമാണ് റേഞ്ച്. പെട്രോള്‍ മിനി കണ്‍ട്രിമാന്റെ വില 48.10 ലക്ഷം മുതലാണ്. ഇലക്ട്രിക് വകഭേദത്തിന് വില പിന്നെയും കൂടും. ജൂലൈ എട്ടിന് കൂപ്പര്‍ എസിനൊപ്പം കണ്‍ട്രിമാനും ഇന്ത്യയിലെത്തും.
നിസാന്‍ എക്സ് ട്രെയില്‍
5 സീറ്റ്, 7 സീറ്റ് മോഡലുകളിലെത്തുന്ന പ്രീമിയം എക്സിക്യൂട്ടീവ് എസ് യു വി നിസാന്‍ എക്സ് ട്രെയില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. റെനോ- നിസാന്റെ സിഎംഎഫ്-സി പ്ലാറ്റ്ഫോമിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. പെട്രോള്‍, ഹൈബ്രിഡ് പവര്‍ട്രെയിനുകളില്‍ വിദേശത്തുണ്ടെങ്കിലും ഇന്ത്യയില്‍ എക്സ് ട്രെയില്‍ 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനില്‍ മാത്രമാവും എത്തുക. 204 എച്ച്പി കരുത്തും പരമാവധി 305എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന വാഹനമാണത്. വരും മാസങ്ങളില്‍ എക്സ് ട്രെയിലും ഉത്സവാഘോഷത്തിനുണ്ടാവും.
മഹീന്ദ്ര ഥാര്‍ 5 ഡോര്‍
2024ലെ ഏറ്റവും കൂടുതല്‍ പേര് കാത്തിരിക്കുന്ന വാഹനങ്ങളിലൊന്നാണ് മഹീന്ദ്ര ഥാര്‍ 5 ഡോര്‍ അഥവാ അര്‍മദ. നിലവിലെ ഥാറിനേക്കാള്‍ കൂടുതല്‍ വലിയ വീല്‍ ബേസുള്ള അര്‍മദയില്‍ സ്വാഭാവികമായും സ്ഥലവും സൗകര്യങ്ങളും കൂടും. 1.5 ലീറ്റര്‍ ഡീസല്‍, 2.0 ലീറ്റര്‍ പെട്രോള്‍, 2.2 ലീറ്റര്‍ ഡീസല്‍ പവര്‍ട്രെയിനുകളില്‍ മാനുവല്‍, ഓട്ടമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ പ്രതീക്ഷിക്കാം. 1.5 ലീറ്റര്‍ ഡീസലില്‍ 4×2, 2.0 ലീറ്റര്‍ പെട്രോളില്‍ 4×2, 4×4, 2.2 ലീറ്റര്‍ ഡീസലില്‍ 4×4 കോണ്‍ഫിഗറേഷനുകളില്‍ അര്മദയെത്തും.
ഹ്യുണ്ടേയ് അല്‍കസാര്‍ ഫേസ്ലിഫ്റ്റ്
സെപ്തംബറില്‍ വില വിവരങ്ങള്‍ പുറത്തുവരും. 5 സീറ്റര്‍ മോഡലിനേക്കാള്‍ വ്യത്യസ്ത സ്റ്റൈലിങിലായിരിക്കും മുഖം മിനുക്കി അല്‍കസാര്‍ എത്തുക. പുതിയ ഡാഷ്ബോര്‍ഡും രണ്ട് ഡിജിറ്റല്‍ ഡിസ്പ്ലേകളുമുണ്ടാവും. അഡാസ് സുരക്ഷാ ഫീച്ചറുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, പനോരമിക് സണ്‍റൂഫ് എന്നിവങ്ങനെ നീളും ഫീച്ചറുകല്‍. മൂന്നു നിരകളിലായി ഇരിപ്പിടങ്ങള്‍. 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍(160എച്ച്പി), 1.5 ലീറ്റര്‍ ഡീസല്‍(115എച്ച്പി) എന്‍ജിനുകളില്‍ മാനുവല്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍.
ടാറ്റ കര്‍വ് ഇവി
ഭാരത് മൊബിലിറ്റി എക്സ്പോയില്‍ പുറത്തിറക്കിയ കര്‍വ് ഇവി 2025 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍(ജൂലൈ-സെപ്തംബര്‍ 2024) എത്തും. രൂപത്തിലും ഫീച്ചറുകളിലും നെക്സോണുമായി നിരവധി സാമ്യതകളുണ്ടാവും കര്‍വ് ഇവിക്ക്. എങ്കിലും നെക്സോണിനേക്കാള്‍ 313 എംഎം നീളക്കൂടുതലുണ്ടാവും. പ്രതീക്ഷിക്കുന്ന റേഞ്ച് 450-500 കിമി.
മാരുതി സുസുക്കി ഡിസയര്‍
പുതു തലമുറ മാരുതി ഡിസയര്‍ സെപ്തംബറിലെത്തും. മുഖം മാത്രമല്ല പരിഷ്ക്കരിച്ച പിന്ഭാഗത്തോടെയുമാണ് ഡിസയറിന്റെ വരവ്. സ്വിഫ്റ്റിലെ ഡാഷ് ബോര്‍ഡ് ഫീച്ചറുകള്‍ ഡിസയറും പങ്കുവെച്ചേക്കും. സണ്‍റൂഫ് അടക്കമുള്ള കൂടുതല്‍ ഫീച്ചറുകള്‍ ഡിസയറിലുണ്ടാവാന് സാധ്യതയുണ്ട്. സ്വിഫ്റ്റിലെ പുതിയ z സീരീസ് 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഡിസയറിലും.
കിയ ഇവി 9
റേഞ്ച് റോവറിന്റെ വലിപ്പമുള്ള ബിഎംഡബ്ല്യു ഐഎക്സിനും ഔഡി ക്യു8 ഇ-ട്രോണ്‍ എസ് യു വിക്കും വെല്ലുവിളിയായി കിയ ഇറക്കുന്ന മോഡലാണ് ഇവി9. 99.8kWh, 800V ബാറ്ററി 563 കിമി റേഞ്ച് നല്‍കും. റിയര്‍ വീല്‍, ഓള് വീല്‍ ഡ്രൈവ് ഓപ്ഷനുകളില്‍ എത്തുമെന്ന് കരുതുന്നു. റിയര്‍ വീല്‍ ഡ്രൈവില്‍ 203എച്ച്പി, 350എന്‍എം മോട്ടോറും ഓള്‍വീല്‍ ഡ്രൈവില്‍ ഓരോ ആക്സിലിലും 192എച്ച്പിയുടെ രണ്ട് മോട്ടോറുകളും ഘടിപ്പിച്ചിരിക്കുന്നു. വില ഒരു കോടി രൂപക്കടുത്ത്. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ഇവി9 എത്തും.
പുതു തലമുറ കിയ കാര്‍ണിവല്‍
നാലാം തലമുറ കിയ കാര്‍ണിവല്‍ ഓട്ടോ എക്സ്പോ 2023ലാണ് ആദ്യം പ്രദര്‍ശിപ്പിക്കുന്നത്. 2023 അവസാനത്തില്‍ രാജ്യാന്തര വിപണിയിലെത്തിയ ഈ എംപിവിയുടെ പുതിയ മോഡലാണ് ഇന്ത്യയിലേക്കെത്തുന്നത്. മിനിമലിസ്റ്റ് ഡിസൈന്‍ പിന്തുടരുന്ന കിയ കാര്‍ണിവലില്‍ രണ്ട് 12.3 ഇഞ്ച് ഡിസ്പ്ലേകളാണ് നല്‍കിയിരിക്കുന്നത്. രാജ്യാന്തരവിപണിയില്‍ 7,9,11 സീറ്റുകളിലെത്തുന്ന കിയ കാര്‍ണിവല്‍ ഇന്ത്യയില്‍ എങ്ങനെ എത്തുമെന്ന് ഉറപ്പില്ല. 201എച്ച്പി, 2.2ലീറ്റര്‍ ഡീസല്‍ എന്ജിന് തന്നെ തുടര്‍ന്നേക്കും. ഓഗസ്റ്റ്- സെപ്തംബറില്‍ മാസങ്ങളിലാണ് കാര്‍ണിവലിനെ പ്രതീക്ഷിക്കുന്നത്.
സിട്രോണ്‍ ബസാള്‍ട്ട്
സെപ്തംബറോട് അടുപ്പിച്ച് സിട്രോണ്‍ ബസാള്‍ട്ട് ഇന്ത്യയിലേക്കെത്തിയേക്കും. കൂപ്പെ ഡിസൈനാണ് ബസാള്‍ട്ടിന്റെ പ്രധാന സവിശേഷതകളിലൊന്ന്. സി3 എയര്‍ക്രോസുമായി ഇന്റീരിയറില്‍ സാമ്യതകള്‍ ഏറെ. ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ക്രൂസ് കണ്ട്രോള്, വയര്‍ലെസ് ചാര്‍ജിങ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ് എന്‍ട്രി എന്നീ ഫീച്ചറുകളിലും സാമ്യത. സി3 എയര്‍ക്രോസിലെ 110എച്ച്പി, 205എന്‍എം, 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ബസാള്‍ട്ടിലും. 6 സ്പീഡ് മാനുവല്‍/ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ട്രാന്സ്മിഷന് ഓപ്ഷനുകള്‍.