ADVERTISEMENT

അപകടങ്ങൾ ഉണ്ടാകുമ്പോൾ മനസാന്നിധ്യം കൈവിടാതെ, ഉചിതമായ പ്രവർത്തികളിലൂടെ സഹജീവികളുടെ ജീവനുകൾ രക്ഷിക്കുന്നവർ എക്കാലത്തും നായകർ തന്നെയാണ്. അങ്ങനെയൊരു പ്രവർത്തിയിലൂടെ കയ്യടി നേടുകയാണ് ഒരു സ്കൂൾ വിദ്യാർത്ഥി. അപകടം നടന്ന ഉടനെ തന്നെ ബസിൽ നിന്നും പുറത്തു കടക്കുന്ന അവൻ മുമ്പിലെ വിൻഡ്ഷീൽഡ് മറ്റൊരാളുടെ സഹായത്തോടെ തച്ചുടച്ച് തന്റെ കൂട്ടുകാരുടെ ജീവൻ രക്ഷിക്കുന്ന കാഴ്ചയ്ക്ക് എത്ര കയ്യടിച്ചാലും മതിയാവുകയില്ല. തെലങ്കാനയിൽ നിന്നുമുള്ളതാണ് അപകടത്തിന്റെ വിഡിയോ. സി സി ടി വിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

കുട്ടികളുമായി പോകുന്ന സ്കൂൾ ബസ് പെട്ടെന്ന് യു ടേൺ എടുക്കുകയായിരുന്നു. പുറകിലുണ്ടായിരുന്ന കാറിന്റെ ഡ്രൈവർ ആ നീക്കം പ്രതീക്ഷിച്ചിരുന്നില്ല. വേഗത്തിലെത്തിയ കാർ, സ്കൂൾ ബസിന്റെ പുറകിലിടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് പെട്ടെന്ന് ബസ് മറിയുകയുമായിരുന്നു. ഇനിയാണ് നായകന്റെ എൻട്രി. ഒരു വശം ചെരിഞ്ഞു വീണ ബസിന്റെ വിൻഡോയിലൂടെ പുറത്തേക്കു എത്തിയ ഒരു വിദ്യാർഥി അപകടം കണ്ടു ബൈക്ക് നിർത്തി അടുത്തെത്തിയ ഒരാളോട് സഹായം ചോദിക്കുകയും, സമയമൊട്ടും കളയാതെ ബസിന്റെ വിൻഡ് ഷീൽഡ് തകർക്കുകയും ചെയ്യുന്നു. അധികം പരിക്കുകൾ ഒന്നുമില്ലാതെ കൂട്ടുകാർ ഓരോരുത്തരായി ബസിൽ നിന്നും പുറത്തേക്കു ഇറങ്ങി. അപകടത്തിൽ ഭൂരിപക്ഷം പേർക്കും നിസാരമായ പരിക്കുകളെയുള്ളൂ. എന്നാൽ രണ്ടുപേർക്കു ജീവൻ നഷ്ടപ്പെട്ടു എന്ന തരത്തിലുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. ബസിൽ യാത്ര ചെയ്ത കുട്ടികളിൽ നിന്നുള്ളവരാണോ അതോ കാർ യാത്രികർക്കാണോ ജീവൻ നഷ്ടപ്പെട്ടത് എന്നതു അറിയാൻ കഴിഞ്ഞിട്ടില്ല. 

അവസരത്തിനൊത്തു ഉയർന്ന ആ വിദ്യാർഥിക്ക് കയ്യടിക്കുകയാണ് സോഷ്യൽ ലോകം. അപകടം നടന്ന ഉടനെ തന്നെ ബസിനുള്ളിൽ നിന്നും പുറത്തേക്കു ചാടുകയും ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെ., ബസിൽ കുടുങ്ങി പോയ തന്റെ കൂട്ടുകാരുടെ ജീവൻ രക്ഷിക്കാനായി അവൻ നടത്തിയ പ്രവർത്തിയും പ്രശംസനീയം തന്നെയാണ്. 

അപകടത്തിന്റെ പൂർണഉത്തരവാദിത്വം ബസിന്റെ ഡ്രൈവർക്കു തന്നെയാണ്. പ്രധാന പാതകളിൽ  എപ്പോഴും വാഹനങ്ങൾ നിരവധിയുണ്ടാകും അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടെ വേണം യു ടേൺ എടുക്കാൻ. വലിയ വാഹനങ്ങളാകുമ്പോൾ പ്രത്യേകിച്ചും. ബസിന്റെ ഡ്രൈവർ അൽപ സമയം നിർത്തി മറ്റു വാഹനങ്ങളുണ്ടോ എന്ന് നോക്കിയതിനു ശേഷം യു ടേൺ എടുക്കുകയായിരുന്നെങ്കിൽ അപകടം ഒഴിവാക്കാൻ കഴിയുമായിരുന്നു. കാർ അമിത വേഗത്തിലായിരുന്നോ എന്നതിലും വ്യക്തതയില്ല.

English Summary:

School Boy’s Presence Of Mind Saves Lives After School Bus Flips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com