ADVERTISEMENT

ബ്രസയുടെ സ്‌പെഷല്‍ എഡിഷന്‍ മോഡൽ അര്‍ബനോ പുറത്തിറക്കി മാരുതി സുസുക്കി. 8.49 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന അര്‍ബനോ എഡിഷനില്‍ കുറഞ്ഞ വിലയില്‍ പലതരം ആസെസറികളും മാരുതി സുസുക്കി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ട്രിലെവല്‍ എല്‍എക്‌സ്‌ഐ മിഡ്‌ലെവല്‍ വിഎക്‌സ്‌ഐ മോഡലുകളിൽ മാത്രമാണ് ബ്രസ അര്‍ബനോ എഡിഷന്‍ ലഭ്യമാവുക. 

എന്തുണ്ട്?

എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ മോഡലുകളുടെ ആസസറികള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തിലാണ് അര്‍ബനോ എഡിഷന്റെ വരവ്. പിന്നില്‍ പാര്‍ക്കിങ് ക്യാമറ, ടച്ച് സ്‌ക്രീന്‍, സ്പീക്കറുകള്‍, ഫ്രണ്ട് ഫോഗ് ലാംപ് കിറ്റ്, ഫോഗ് ലാംപ് ഗാര്‍ണിഷ്, ഫ്രണ്ട് ആന്റ് റിയര്‍ സ്‌കിഡ് പ്ലേറ്റുകള്‍, ഫ്രണ്ട് ഗ്രില്‍ ക്രോം ഗാര്‍ണിഷ്, ബോഡി സൈഡ് മോള്‍ഡിങ്, വീല്‍ ആര്‍ക്ക് കിറ്റ് എന്നിവയാണ് ബ്രസ എല്‍എക്‌സ്‌ഐ അര്‍ബനോ എഡിഷനില്‍ ഉണ്ടാവുക. ഈ ആസസറികള്‍ പ്രത്യേകമായി വാങ്ങിയാല്‍ 52,370 രൂപയും ഒരുമിച്ച് കിറ്റായി വാങ്ങിയാല്‍ 42,000 രൂപയും വരുന്നത് അര്‍ബനോ എഡിഷന്‍ പാക്കേജില്‍ 15,000 രൂപക്കാണ് നല്‍കുന്നത്. 

പിന്‍ ക്യാമറ, ഫോഗ് ലാംപ്, സ്‌പെഷല്‍ ഡാഷ്‌ബോര്‍ഡ് ട്രിം, ബോഡി സൈഡ് മോള്‍ഡിങ്, വീല്‍ ആര്‍ക് കിറ്റ്, മൈറ്റല്‍ സില്‍ ഗാര്‍ഡ്‌സ്, രജിസ്‌ട്രേഷന്‍ പ്ലേറ്റ് ഫ്രെയിം, 3ഡി ഫ്‌ളോര്‍ മാറ്റ് എന്നിവയാണ് അര്‍ബനോ എഡിഷന്‍ വിഎക്‌സ്‌ഐ മോഡലിലെത്തുന്നത്. ഇവയെല്ലാം ഓരോന്നായി വാങ്ങുമ്പോള്‍ 26,149 രൂപ വരുമെങ്കില്‍ കിറ്റായി വാങ്ങുമ്പോള്‍ 18,500 രൂപ വരും. അതേസമയം അര്‍ബനോ എഡിഷന്‍ 3,500 രൂപക്കാണ് ഈ സൗകര്യങ്ങള്‍ ഒരുക്കുന്നത്. 

പെട്രോള്‍, സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ അര്‍ബനോ എഡിഷന്‍ എത്തുന്നുണ്ട്. മാനുവല്‍, ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുമുണ്ട്. നിലവില്‍ 8.34 ലക്ഷം മുതല്‍ 14.14 ലക്ഷം രൂപ വരെയാണ് മാരുതി ബ്രസയുടെ വില. ഈ മാസം 25,000 രൂപ വരെ പ്രത്യേക ഇളവുകളുണ്ട്. 

ആള്‍ട്ടോ കെ10, എസ് പ്രെസോ സെലേറിയോ എന്നിവക്കായി അടുത്തിടെ അധിക ഫീച്ചറുകളുമായി ഡ്രീം സീരീസ് മാരുതി സുസുക്കി പുറത്തിറക്കിയിരുന്നു. വില്‍പന വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ പുറത്തിറക്കിയ ഡ്രീം സീരീസിന് മികച്ച പിന്തുണയാണ് ലഭിച്ചത്. ഇതോടെ ഒരു മാസം കൂടി ഡ്രീം സീരീസ് നീട്ടാന്‍ കമ്പനി തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ കോംപാക്ട് എസ് യു വി ബ്രസയിലും മാരുതി സുസുക്കി സ്‌പെഷല്‍ എഡിഷന്‍ അവതരിപ്പിച്ചിരിക്കുന്നു. 

പവര്‍ട്രെയിനും എതിരാളികളും

2016 മാര്‍ച്ചില്‍ പുറത്തിറങ്ങിയ മാരുതി ബ്രസ വില്‍പനയില്‍ ചരിത്രം കുറിച്ച മാരുതി സുസുക്കി വാഹനങ്ങളിലൊന്നാണ്. 94 മാസം കൊണ്ട് 10 ലക്ഷം ബ്രസകളാണ് വിറ്റത്. 2022ല്‍ ബ്രസയെ മുഖം മിനുക്കി മാരുതി സുസുക്കി അവതരിപ്പിച്ചിരുന്നു. ഇന്ധന ക്ഷമതക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവര്‍ക്കായി ബ്രസയുടെ സിഎന്‍ജി മോഡലും മാരുതി സുസുക്കി അവതരിപ്പിച്ചിട്ടുണ്ട്. 

103എച്ച്പി, 137 എന്‍എം, 1.5 ലീറ്റര്‍, ഫോര്‍ സിലിണ്ടര്‍ എന്‍എ പെട്രോള്‍ എന്‍ജിനാണ് മാരുതി ബ്രസക്കുള്ളത്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍/ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓപ്ഷനുകളില്‍ ബ്രസ എത്തുന്നുണ്ട്. ടാറ്റ നെക്‌സണ്‍, കിയ സോണറ്റ്, ഹ്യുണ്ടേയ് വെന്യു, മഹീന്ദ്ര എക്‌സ് യു വി 3എക്‌സ് ഒ എന്നിവയാണ് പ്രധാന എതിരാളികള്‍.

English Summary:

Maruti Suzuki Brezza Urbano Edition prices start at Rs. 8.49 lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com