എണ്ണക്കറുപ്പിൻ ഏഴഴകിൽ ഹ്യുണ്ടേയ് എക്സ്റ്റർ നൈറ്റ് എഡിഷൻ
Mail This Article
ഇന്ത്യയില്‍ എക്സ്റ്റര്‍ നൈറ്റ് എഡിഷന് പുറത്തിറക്കി ഹ്യുണ്ടേയ്. എക്സ്റ്റര്‍ ഇന്ത്യയിലെത്തിയതിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ അവസരത്തിലാണ് സ്പെഷല്‍ എഡിഷന് പുറത്തിറക്കിയിരിക്കുന്നത്. ഓള് ബ്ലാക്ക് തീമില്‍ റെഡ് ഹൈലൈറ്റുകളില്‍ എത്തുന്ന എക്സ്റ്റര്‍ നൈറ്റ് എഡിഷന് എസ്എക്സ്, എസ്എക്സ് (ഒ) മോഡലുകളിലാണ് ലഭ്യമാവുക. വില 8.38 ലക്ഷം രൂപ മുതല്‍ 10.43 ലക്ഷം രൂപ വരെ.
എക്സ്റ്റര്‍ നൈറ്റ് എഡിഷന്
പ്രധാനമായും കറുപ്പ്/ ചാര നിറത്തില്‍ ഇടക്ക് ചുവപ്പ് ഹൈലൈറ്റുകളിലുമാണ് ഹ്യുണ്ടേയ് എക്സ്റ്റര്‍ നൈറ്റ് എഡിഷന്റെ വരവ്. കറുപ്പ് നിറത്തിലുള്ള സൈഡ് സില് ഗാര്‍ണിഷ്, മുന്‍ ബംപറുകളിലെയും ടെയ്ല് ഗേറ്റിലേയും റെഡ് ആസെന്റുകള്‍, ചുവപ്പ് ബ്രേക്ക് കാലിപ്പേഴ്സ്, മുന്നിലേയും പിന്നിലേയും കറുപ്പ് സ്കിഡ് പ്ലേറ്റുകള്‍, എസ്എക്സ്(ഒ) വകഭേദത്തില്‍ കറുപ്പ് അലോയ് വീല്‍, കറുപ്പ് ഹ്യുണ്ടേയ്-എക്സ്റ്റര്‍ ബാഡ്ജുകളും നൈറ്റ് എംപ്ലവും എന്നിവയാണ് നൈറ്റ് എഡിഷനിലെ പുതുമകള്‍.
പുറമെ മാത്രമല്ല ഉള്ളിലും കറുപ്പ് നിറത്തില്‍ തന്നെയാണ് നൈറ്റ് എഡിഷന് എക്സ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ഇതിനിടെ ചുവപ്പു നിറത്തിലുള്ള സ്റ്റിച്ചിങ് സീറ്റുകളിലും ചുവപ്പ് ഫൂട്ട് വെല്‍ ലൈറ്റിങും കറുപ്പ് ഡോര്‍ ഹാന്‍ഡിലുകളും സ്റ്റിയറിങും ഫ്ളോര്‍ മാറ്റില്‍ ചുവപ്പ് സ്റ്റിച്ചിങും നല്കിയിരിക്കുന്നു. അബീസ് ബ്ലാക്ക്, ഷാഡോ ഗ്രേ എന്നിവയാണ് ഹ്യുണ്ടേയ് എക്സ്റ്റര്‍ നൈറ്റ് എഡിഷനിലെ പുതിയ നിറങ്ങള്‍. ഇവക്കു പുറമേ സ്റ്റാറി നൈറ്റ്, അറ്റ്ലസ് വൈറ്റ്, റേഞ്ചര്‍ കാക്കി നിറങ്ങളിലും നൈറ്റ് എഡിഷന് എത്തും. ഇതില്‍ ഷാഡോ ഗ്രേ, റേഞ്ചര്‍ ഗ്രേ നിറങ്ങളില്‍ ഡ്യുവല്‍ ടോണ്‍ ഓപ്ഷനും ബ്ലാക്ക് റൂഫുമുണ്ട്.
പവര്‍ട്രെയിന്‍
എന്‍ജിനില്‍ മാറ്റങ്ങളില്ലാതെയാണ് എക്സ്റ്റര്‍ നൈറ്റ് എഡിഷന്റെ വരവ്. 83എച്ച്പി, 114എന്‍എം, 1.2 ലീറ്റര്‍, 4 സിലിണ്ടര്‍ എന്‍എ പെട്രോള്‍ എന്‍ജിനാണ് നൈറ്റ് എഡിഷനിലും. 5 സ്പീഡ് മാനുവല്‍/എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍. ടാറ്റ പഞ്ച്, സിട്രോണ്‍ സി3, മാരുതി ഫ്രോങ്സ്, ടൊയോട്ട ടൈസോര്‍, നിസാന്‍ മാഗ്നൈറ്റ്, റോനോ കൈഗര്‍ എന്നിവയാണ് പ്രധാന എതിരാളികള്‍. വിദേശ വിപണികളിലെ മോഡലായ ബയോണ്‍ അടിസ്ഥാനമാക്കി പുതിയൊരു ക്രോസ് ഓവര്‍ പുറത്തിറക്കാനും ഹ്യുണ്ടേയ്ക്ക് പദ്ധതിയുണ്ട്. എക്സ്റ്ററിന് മുകളിലായി പുറത്തിറക്കുന്ന ഈ ക്രോസ് ഓവര്‍ ഫ്രോങ്സ്, ടൈസോര്‍ പോലുള്ള മോഡലുകളോടാണ് മത്സരിക്കുക.