തകരാർ സൗജന്യമായി പരിഹരിച്ചു നൽകും; ഇലക്ട്രിക് എസ്യുവി തിരിച്ചുവിളിച്ച് പരിശോധിക്കാൻ കിയ
Mail This Article
ആയിരത്തോളം എസ് യു വി കളെ കിയ തിരികെ വിളിച്ച് പരിശോധിക്കാൻ കിയ. മാർച്ച് 03, 2022 മുതൽ ഏപ്രിൽ 14, 2023 മുതൽ കമ്പനി പുറത്തിറക്കിയ ഇ വി 6 ഇലക്ട്രിക് എസ് യു വിയുടെ 1138 യൂണിറ്റുകളാണ് കമ്പനി തിരിച്ചു വിളിക്കുന്നത്. 12 വോൾട്ട് ഓക്സിലറി ബാറ്ററി ചാർജ് ചെയ്യുന്ന ഇന്റഗ്രേറ്റഡ് ചാർജിങ് കൺട്രോൾ യൂണിറ്റിലെ ചെറിയ പിഴവ് സൗജന്യമായി പരിഹരിച്ചു നൽകാനാണ് കിയയുടെ ഈ തീരുമാനം.
ഇന്റഗ്രേറ്റഡ് ചാർജിങ് കൺട്രോൾ യൂണിറ്റ് ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതിനാൽ 12 വോൾട്ട് ഓക്സിലറി ബാറ്ററിയുടെ ചാർജിങ് കൃത്യമായ രീതിയിൽ നടക്കുന്നില്ല എന്ന് കണ്ടതിനെ തുടർന്നാണ് ഇ വി 6 ഇലക്ട്രിക് എസ് യു വി കളെ തിരിച്ചു വിളിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വാഹനത്തിന്റെ ലൈറ്റുകൾ, മ്യൂസിക് സിസ്റ്റം, സ്റ്റാർട്ട് - സ്റ്റോപ്പ് ഫങ്ക്ഷൻ എന്നിവയെയെല്ലാം ഈ പ്രവർത്തന തകരാർ ബാധിക്കും. ഇന്റഗ്രേറ്റഡ് ചാർജിങ് കൺട്രോൾ യൂണിറ്റിലെ പിഴവ് വാഹനം ഡ്രൈവ് ചെയ്യുമ്പോൾ പവർ നഷ്ടപ്പെടുന്നതിലേക്കും സുരക്ഷാപ്രശ്നങ്ങളിലേക്കും നയിക്കാനുമിടയുണ്ട്. ഇ വി 6 ന്റെ പല പ്രധാന പ്രവർത്തനങ്ങളിലും 12 വോൾട്ട് ഓക്സിലറി ബാറ്ററിയ്ക്ക് കാര്യമായ പങ്കുണ്ട്.
തകരാറ് കണ്ടെത്തിയ വാഹനങ്ങളുടെ ഉടമകളെ കമ്പനി നേരിട്ട് ബന്ധപ്പെടുകയും പ്രശ്നം പരിഹരിച്ചു നൽകുകയും ചെയ്യും. സൗജന്യമായി ഇന്റഗ്രേറ്റഡ് ചാർജിങ് കൺട്രോൾ യൂണിറ്റ് സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്തു നൽകുന്നതിനൊപ്പം ഓക്സിലറി ബാറ്ററിയുടെ ചാർജിങ് ശരിയായ രീതിയിൽ നടക്കുന്നുണ്ടോ എന്നതും പരിശോധിക്കും.
തിരിച്ചു വിളിക്കുന്നവയിൽ തങ്ങളുടെ വാഹനം ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനായി ഇ വി 6 ഉടമകൾക്ക് ഏറ്റവുമടുത്തുള്ള കിയ സർവീസ് സെന്ററിലേക്ക് വിളിച്ചാൽ മതിയാകും. ഏതു യൂണിറ്റുകളെയാണ് ബാധിച്ചിരിക്കുന്നതെന്നറിയാനുള്ള വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പറുകളടങ്ങിയ പൂർണമായ ലിസ്റ്റ് സർവീസ് സെന്ററുകളിൽ ഉണ്ടായിരിക്കും. കൂടാതെ, കൂടുതൽ സഹായങ്ങളും വിവരവും നൽകുന്നതിനായി കിയ ഇന്ത്യ കസ്റ്റമർ സർവീസും ലഭ്യമാണ്.