ADVERTISEMENT

ഇന്ത്യയില്‍ പുറത്തിറങ്ങാനിരിക്കുന്ന കോംപാക്ട് എസ്‌യുവിയുടെ ഡിസൈന്‍ സവിശേഷതകള്‍ പുറത്തുവിട്ട് സ്‌കോഡ. അടുത്തവര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങുന്ന സ്‌കോഡ കോംപാക്ട് എസ്‌യുവിയുടെ ടീസറാണ് പുറത്തുവന്നിരിക്കുന്നത്. കുഷാക്, സ്ലാവിയ, വിര്‍ട്ടസ്, ടൈഗൂണ്‍ എന്നീ കാറുകള്‍ അടിസ്ഥാനമാക്കിയിട്ടുള്ള എംക്യൂബി എ0 ഐഎൻപ്ലാറ്റ്‌ഫോമിലാണ് ഇപ്പോഴും പേരിടാത്ത സ്‌കോഡയുടെ പുതിയ എസ്‌യുവി നിര്‍മിക്കുക. 

എസ്‌യുവിയുടെ പിന്നില്‍ നിന്നുള്ള ചിത്രമാണ് സ്‌കോഡ പുറത്തുവിട്ടിരിക്കുന്നത്. ചതുര രൂപത്തിലുള്ള ടെയില്‍ ലാംപ്, കട്ടിയേറിയ പിന്‍ ബംപര്‍, ചരിഞ്ഞിറങ്ങുന്ന പിന്‍ ചില്ലുകള്‍ എന്നിവയെല്ലാം ചിത്രത്തില്‍ വ്യക്തമാണ്. റൂഫ് റെയിലുകളും ബൂട്ട് ഡോറിന്റെ നടുവിലായി സ്കോഡ എന്ന എഴുത്തുമെല്ലാം ടീസറിലുണ്ട്. 

സ്‌കോഡയുടെ പുതിയ മോഡലായ എപിക് അടക്കമുള്ളവയില്‍ നിന്നുള്ള സ്റ്റൈലിങ് സവിശേഷതകള്‍ പുതിയ കോംപാക്ട് എസ്‌യുവിയില്‍ സ്‌കോഡ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ സ്‌കോഡയുടെ പുതിയ എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. കുഷാക്, സ്ലാവിയ എന്നീ മോഡലുകളോടു സാമ്യതയുള്ള സ്റ്റിയറിങ് വീലും ഗിയര്‍ നോബും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും എച്ച്‌വിഎസി കണ്‍ട്രോളുകളുമാണ് സ്‌കോഡയുടെ പുതിയ എസ്‌യുവിയിലുമുള്ളത്. 

കുഷാകിന് സമാനമാണ് പുതിയ കോംപാക്ട് എസ്‌യുവിയിലെ മുന്നിലെ ഡോറുകള്‍. അതേസമയം പിന്നിലെ ഡോറുകള്‍ കുഷാകിനേക്കാള്‍ 230 എംഎം ചെറുതാണ്. നാലു മീറ്ററിനുള്ളില്‍ വാഹനത്തിന്റെ വലുപ്പം ക്രമീകരിക്കാന്‍ വേണ്ട മാറ്റങ്ങള്‍ സ്‌കോഡ ഇന്ത്യയില്‍ പുറത്തിറക്കുന്ന എസ്‌യുവിയില്‍ നടത്തിയിട്ടുണ്ടെന്നു വേണം കരുതാന്‍. 

അലോയ് വീല്‍, എല്‍ഇഡി ലൈറ്റിങ്, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടിപ്പിള്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് ഓപ്ഷനുകള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ക്കൊപ്പം ഉയര്‍ന്ന മോഡലുകളിൽ കൂള്‍ഡ് സീറ്റുകളും ലഭ്യമായിരിക്കും. 1.0 ലീറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ കരുത്ത്. 114 ബിഎച്ച്പി കരുത്തും പരമാവധി 178 എന്‍എം ടോര്‍ക്കും പുറത്തെടുക്കും ഈ വാഹനം. 6 സ്പീഡ് മാനുവല്‍/ 6 സ്പീഡ് ടോര്‍ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ലഭ്യമായിരിക്കും. 

ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടേയ് വെന്യു, കിയ സോണറ്റ്, മാരുതി ബ്രസ, റെനോ കൈഗര്‍, നിസാന്‍ മാഗ്‍നൈറ്റ് എന്നിവരോടായിരിക്കും സ്‌കോഡയുടെ പുതിയ എസ്‌യുവി പ്രധാനമായും മത്സരിക്കുക. ഈ വാഹനത്തിന്റെ 75 ശതമാനം ഭാഗങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനാണ് സ്‌കോഡ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ 2.0 പ്രോഗ്രാമിന്റെ ഭാഗമായുള്ള മൂന്നാമത്തെ കാറായിരിക്കും ഇത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com