ADVERTISEMENT

പതിനഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകള്‍ പൊളിക്കാനുള്ള വാഹന നയം പ്രഖ്യാപിച്ച് ഹിമാചല്‍ പ്രദേശ്. ഡല്‍ഹി-എന്‍സിആറിനു ശേഷം ഇന്ത്യയില്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളെ പൊളിക്കണമെന്ന നയം കൊണ്ടു വരുന്ന സംസ്ഥാനമായി ഇതോടെ ഹിമാചല്‍ പ്രദേശ് മാറി. പദ്ധതി നടപ്പിലാക്കുന്നതിന് 12 സ്‌ക്രാപ് സെന്ററുകള്‍ ഹിമാചല്‍ പ്രദേശില്‍ ആരംഭിക്കും. ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ പുതിയ വാഹന പൊളിക്കല്‍ നയം നടപ്പില്‍ വരും. 

ഗതാഗത വകുപ്പുമായി ചേര്‍ന്ന് എല്ലാ ജില്ലയിലും ഓരോ വാഹന പൊളിക്കല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 15 വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകളുടെ ഉടമകള്‍ക്ക് പദ്ധതിയുടെ ഭാഗമായി ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ വാഹനം പൊളിക്കാന്‍ കൊടുക്കുന്നവര്‍ക്ക് പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോഴാണ് ആനുകൂല്യം നല്‍കുക. പുതിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഫീസ് കുറച്ചു കൊടുക്കാനാണ് ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. 

നോണ്‍ കൊമേഴ്‌സ്യല്‍ വാഹനമാണ് പൊളിക്കാന്‍ കൊടുക്കുന്നതെങ്കില്‍ പുതിയ വാഹനത്തില്‍ 25 ശതമാനം വരെ രജിസ്‌ട്രേഷന്‍ ഫീസ് കുറയും. ഇനി കൊമേഴ്‌സ്യല്‍ വാഹനമാണ് പൊളിക്കുന്നതെങ്കില്‍ ഈ ഇളവ് 50 ശതമാനം വരെയായി ഉയരും. 

'ഹിമാചല്‍ പ്രദേശില്‍ മാത്രമല്ല, രാജ്യത്താകെ 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കണമെന്ന നയം നടപ്പിലാക്കുകയാണ്. ഇത്തരം വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സംസ്ഥാനം റദ്ദാക്കും. സംസ്ഥാനത്ത് വാഹനങ്ങള്‍  പൊളിക്കാനുള്ള കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള കരാര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. സ്‌ക്രാപ് സെന്ററുകള്‍ ആരംഭിക്കാന്‍ ലഭിച്ച അപേക്ഷകളില്‍ പരിശോധിച്ച് ഉചിതമായ തീരുമാനമുണ്ടാവും' ഹിമാചല്‍ പ്രദേശ് ഗതാഗത വകുപ്പ് ഡയറക്ടര്‍ ഡിസി നേഗി പറഞ്ഞു. 

ഡല്‍ഹിയെ അപേക്ഷിച്ച് ചില വ്യത്യാസങ്ങളോടെയാണ് ഹിമാചല്‍ പ്രദേശ് അവരുടെ വാഹന പൊളിക്കല്‍ നയം നടപ്പിലാക്കുക. പഴയ വാഹനങ്ങളുടെ ഒരു ഭാഗവും ഉപയോഗിക്കേണ്ടതില്ലെന്നാണ് ഹിമാചല്‍ പ്രദേശിന്റെ തീരുമാനം. സാധാരണ ഗതിയില്‍ പൊളിച്ചു മാറ്റുന്ന വാഹനങ്ങളുടെ ഉപയോഗിക്കാവുന്ന ഭാഗങ്ങള്‍ പിന്നീടും ഉപയോഗിക്കാറുണ്ട്. പൊതുവില്‍ ഇത്തരം വാഹന ഭാഗങ്ങള്‍ വില കുറവില്‍ ലഭിക്കുകയും ചെയ്യും. 

സുരക്ഷിതമല്ലെന്നു കരുതി പൊളിക്കുന്ന വാഹനങ്ങളുടെ ഭാഗങ്ങള്‍ ഉപയോഗിക്കുന്നതും സുരക്ഷിതമല്ലെന്നാണ് ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ നയം. ഇതോടെ പൂര്‍ണമായും വാഹനങ്ങള്‍ പൊളിച്ചു നീക്കേണ്ട സാഹചര്യം ഹിമാചല്‍ പ്രദേശിലുണ്ടാവും. അതേസമയം ഈ തീരുമാനത്തിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. 

വിന്‍ഡ് ഷീല്‍ഡ്, ഡോറുകള്‍ തുടങ്ങിയ ഭാഗങ്ങള്‍ വീണ്ടും ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇത്തരം ഭാഗങ്ങള്‍ പുതിയതു നിര്‍മിക്കുമ്പോഴുണ്ടാവുന്ന മലിനീകരണം ഒഴിവാക്കാനും ഇതുവഴി സാധിക്കും. ഒക്ടോബര്‍ ആവുമ്പോഴേക്കും കൂടുതല്‍ വ്യക്തതയോടെ ഹിമാചല്‍ പ്രദേശ് തങ്ങളുടെ വാഹന പൊളിക്കല്‍ നയം അവതരിപ്പിക്കാനും സാധ്യതയുണ്ട്. 

ഹിമാചല്‍ പ്രദേശില്‍ 15 വര്‍ഷം തികഞ്ഞ പെട്രോള്‍, ഡീസല്‍ കാറുകള്‍ പൊളിക്കേണ്ടി വരുമെന്നാണ് സൂചന. ഇക്കാര്യത്തിലും ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ വാഹന പൊളിക്കല്‍ നയത്തില്‍ നിന്നും ഹിമാചലിന്റേത് വ്യത്യസ്തമാണ്. ഡല്‍ഹിയില്‍ പെട്രോള്‍ വാഹനങ്ങള്‍ക്ക് 15 വര്‍ഷം ആയുസു നല്‍കിയിട്ടുണ്ടെങ്കിലും ഡീസല്‍ കാറുകള്‍ 10 വര്‍ഷം വരെ മാത്രമേ ഉപയോഗിക്കാനാവൂ. 

English Summary:

Himachal Pradesh Announces Plan to Scrap 15-Year Old Cars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com