ADVERTISEMENT

വാഹനങ്ങള്‍ വാടകക്ക് നല്‍കുന്ന പദ്ധതിയില്‍ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവി ഇവി6 കൂടി ഉള്‍പ്പെടുത്തി കിയ. രണ്ട് മാസം മുമ്പ് ആരംഭിച്ച ലീസ് പ്രോഗ്രാമില്‍ കിയ അവരുടെ സോണറ്റ്, സെല്‍റ്റോസ്, കാരന്‍സ് തുടങ്ങിയ മോഡലുകളെ നേരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യഥാക്രമം 17,999 രൂപ, 23,999 രൂപ, 24,999 രൂപ എന്നിങ്ങനെയാണ് ഇവയുടെ പ്രതിമാസ വാടക. 24 മാസം മുതല്‍ 60 മാസം വരെയുള്ള വ്യത്യസ്ത ലീസ് പ്രോഗ്രാമുകള്‍ കിയ അവതരിപ്പിച്ചിട്ടുണ്ട്. 

60 ലക്ഷം രൂപയിലേറെ വിലയുള്ള പ്രീമിയം ഇലക്ട്രിക് എസ് യു വിയായ ഇവി6 പ്രതിമാസം 1.29 ലക്ഷം രൂപ വാടകക്കാണ് കിയ നല്‍കുന്നത്. ഇന്‍ഷൂറന്‍സ്, അറ്റകുറ്റപണികള്‍, ഷെഡ്യൂള്‍ ചെയ്തതും അല്ലാത്തതുമായ സര്‍വീസുകള്‍, പിക്ക് അപ്പ് ആന്റ് ഡ്രോപ്, 24/7 റോഡ്‌സൈഡ് അസിസ്റ്റന്‍സ് എന്നിങ്ങനെയുള്ള സൗകര്യവും ലീസ് പ്രോഗ്രാമില്‍ കിയ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

വ്യക്തമായ ലക്ഷ്യത്തിലാണ് കിയ അവരുടെ മുന്‍നിര മോഡലായ ഇവി6 വാടകക്ക് നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പലതരത്തിലുള്ള പ്രൊഫഷണലുകളാണ് കിയ ലക്ഷ്യം വെക്കുന്നത്. ഡോക്ടര്‍മാര്‍ - ആശുപത്രികളുടേയും ക്ലിനിക്കുകളുടേയും മെഡിക്കല്‍ സ്ഥാപനങ്ങളുടേയും തലപ്പത്തുള്ളവര്‍, ഐഎംഎയിലോ സംസ്ഥാന അസോസിയേഷനിലോ അംഗത്വമുള്ളവര്‍.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് - ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തവരോ സിഎ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവരോ ഐസിഎഐ അംഗങ്ങളോ. സെല്‍ഫ് എംപ്ലോയ്ഡ് പ്രൊഫഷണല്‍സ്, തെരഞ്ഞെടുക്കപ്പെട്ട കോര്‍പറേറ്റുകള്‍ എന്നിവര്‍ക്കായിരിക്കും ഈ പദ്ധതി ഉപയോഗിക്കാനാവുക. 

77.4 kWh ബാറ്ററിയാണ് ഇവി6ല്‍ നല്‍കിയിരിക്കുന്നത്. സിംഗിള്‍ മോട്ടോര്‍ റിയര്‍ ഡ്രൈവ് വകഭേദം 229എച്ച്പി കരുത്തും പരമാവധി 350എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഡ്യുവല്‍ മോട്ടോര്‍ ഓള്‍വീല്‍ ഡ്രൈവ് വകഭേദമാണെങ്കില്‍ 325 എച്ച്പി കരുത്തും പരമാവധി 605എന്‍എം ടോര്‍ക്കും പുറത്തെടുക്കും. റേഞ്ച് 708 കീമി. 

350kW ചാര്‍ജര്‍ ഉപയോഗിച്ചാല്‍ പൂജ്യത്തില്‍ നിന്നും 80% ചാര്‍ജിലെത്താന്‍ വെറും 18 മിനുറ്റ് മതി. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീമി വേഗതയിലേക്ക് 5.2 സെക്കന്‍ഡില്‍ കുതിക്കും. 8 എയര്‍ബാഗുകളുള്ള വാഹനത്തില്‍ ഇഎസ്‌സി, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിങ്, റിയര്‍ ക്രോസ് ട്രാഫിക് അലര്‍ട്ട്, 360 ഡിഗ്രി ക്യാമറ എന്നിങ്ങനെയുള്ള അഡാസ് ലെവല്‍ 2 സുരക്ഷാ ഫീച്ചറുകളുമുണ്ട്. 

'ആരംഭിച്ച് രണ്ടു മാസത്തിനകം തന്നെ മെട്രോ നഗരങ്ങളിലും ടയര്‍ I നഗരങ്ങളിലും മികച്ച പ്രതികരണമാണ് കിയ ലീസ് പ്രോഗ്രാമിന് ലഭിച്ചിട്ടുള്ളത്. സുസ്ഥിര യാത്രക്കൊപ്പം മികച്ച സാങ്കേതികവിദ്യയും കൂടി ചേര്‍ക്കുന്ന കിയ വാഹനമാണ് ഇവി6. കിയ ലീസ് പ്രോഗ്രാമിന് ലഭിച്ച മികച്ച പ്രതികരണമാണ് ഇത് കൂടുതല്‍ മോഡലുകളിലേക്ക് വ്യാപിപ്പിക്കാനുള്ള ആത്മവിശ്വാസം ഞങ്ങള്‍ക്ക് തന്നത്' കിയ ഇന്ത്യ ചീഫ് സെയില്‍സ് ഓഫീസര്‍ മ്യൂങ് സിക് സോന്‍ പറഞ്ഞു. ORIX ഓട്ടോ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സര്‍വീസസ് ലിമിറ്റഡുമായി ചേര്‍ന്നാണ് കിയ ഇന്ത്യ അവരുടെ ലീസ് പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com