ADVERTISEMENT

മോട്ടോർ ബൈക്കുകൾ ചിലർക്ക് ഒരു വികാരമായിരിക്കും. ധാരാളം ഓർമ്മകൾ സമ്മാനിച്ച അവ വർഷങ്ങൾക്കു ശേഷം റീസ്റ്റോർ ചെയ്തു ലഭിച്ചാലോ? അത്തരമൊരു സന്തോഷത്തിലാണ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കോളേജ് കാലത്ത് ഉപയോഗിച്ചിരുന്ന യെസ്‌ഡി മോട്ടോർസൈക്കിൾ റീസ്റ്റോർ ചെയ്തു ലഭിച്ചത് പരിശോധിക്കുന്ന ചിത്രങ്ങൾ ഡി കെ ശിവകുമാർ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കോളേജ് കാലത്തു ബൈക്കുകൾ ഹരമായിരുന്നു. എന്നാൽ അന്ന് ഉപയോഗിച്ചിരുന്ന ബൈക്ക് കുറെ വർഷങ്ങളായി പൊടിപിടിച്ചു ഇരിക്കുകയായിരുന്നു. വിന്റേജ് ബൈക്കുകൾ ഏറെ ഇഷ്ടപ്പെടുന്ന സുപ്രീത് എന്നൊരു യുവാവ് അത് പൂർണമായും നവീകരിച്ച് ഇന്ന് എനിക്ക് കൈമാറി. ഒരുപാട് ഓർമകളുമായി ബന്ധപ്പെട്ടിട്ടുള്ള എന്റെ ആദ്യബൈക്കാണിത്. ആ ഓർമ താളുകളിലേക്കു തിരികെ പോകാനിതു സഹായിച്ചു എന്നു കർണാടകയുടെ ഉപമുഖ്യമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ചിത്രങ്ങൾക്കൊപ്പം കുറിച്ചു. 

റീസ്റ്റോർ ചെയ്ത വാഹനം സ്വീകരിക്കുന്നതിന്റെ ഒരു വിഡിയോ ഡി കെ ശിവകുമാർ യൂട്യുബിലും പങ്കുവെച്ചിട്ടുണ്ട്. അതിൽ യെസ്‌ഡിയുടെ മുൻരൂപവും റീസ്റ്റോർ ചെയ്തതിനു ശേഷമുള്ള രൂപവും കാണുവാൻ കഴിയും. വീട്ടിലെത്തിയ വാഹനം കിക്ക്‌ സ്റ്റാർട്ട് ചെയ്യാൻ ഡി കെ ശിവകുമാർ ശ്രമിക്കുന്നുണ്ടെങ്കിലും കഴിയുന്നില്ല. തുടർന്ന് മറ്റൊരാളുടെ സഹായത്തോടെ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതും വിഡിയോയിൽ കാണാവുന്നതാണ്. 

യെസ്ഡി റോഡ്കിങ് എന്ന വാഹനമാണ് ഡി കെ ശിവകുമാറിന് സ്വന്തമായുണ്ടായിരുന്നത്. ഇന്ത്യൻ മോട്ടോർ സൈക്കിൾ ചരിത്രത്തിൽ വലിയ സ്ഥാനമുള്ള ഇരുചക്ര വാഹന നിർമാതാക്കളായ ഐഡിയൽ ജാവ ഇന്ത്യ ലിമിറ്റഡായിരുന്നു അതിന്റെ നിർമാണത്തിനു പുറകിൽ. 1970 കളിലാണ് ഈ വാഹനം ഇന്ത്യൻ നിരത്തിൽ സ്ഥാനം പിടിച്ചത്. സ്റ്റെബിലിറ്റിയും ഹാൻഡലിങ്ങും സമ്മാനിക്കുന്ന തരത്തിൽ ഡബിൾ ക്രാഡിൽ ഫ്രെയിമിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. 250 സി സി, സിംഗിൾ സിലിണ്ടർ, 2 സ്ട്രോക്ക് എൻജിനാണ് യെസ്‌ഡി റോഡ്കിങ്ങിൽ. 18 ബി എച്ച് പി, 24 എൻ എം ടോർക്ക് എന്നിവ ഉല്പാദിപ്പിക്കുന്നതാണിത്. ന്യൂട്രൽ ഫൈൻഡറിനൊപ്പം 4 സ്പീഡ് ഗിയർ ബോക്സുമായാണ് അക്കാലത്ത് യെസ്‌ഡി നിരത്തിലെത്തിയിരുന്നത്.

English Summary:

Deputy cm Restores College Yezdi Motorcycle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com