ADVERTISEMENT

വൈദ്യുത കാറുകളുടെ ബാറ്ററി വാടകയായി നല്‍കുന്ന ബാസ്(ബാറ്ററി ആസ് എ സര്‍വീസ്) പ്രോഗ്രാം കൂടുതല്‍ മോഡലുകളിലേക്ക് അവതരിപ്പിച്ച് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍. ഇന്ത്യയില്‍ വിന്‍ഡ്‌സര്‍ ഇവിയില്‍ ആദ്യമായി അവതരിപ്പിച്ച ബാസ് പ്രോഗ്രാം കോമറ്റ് ഇവി, ZS ഇവി മോഡലുകളിലേക്കാണ് എംജി മോട്ടോര്‍ വ്യാപിപ്പിച്ചിരിക്കുന്നത്. ബാറ്ററി വാടകക്ക് ലഭിക്കുന്നതോടെ കുറഞ്ഞ വിലയില്‍ ഇനി മുതല്‍ എംജിയുടെ കോമറ്റ് ഇവിയും ZS ഇവിയും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനാവും. 

'എളുപ്പത്തില്‍ വാഹനം സ്വന്തമാക്കാനാവുന്ന പ്ലാറ്റ്‌ഫോമാണ് ബാസിലൂടെ ഞങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ ഞങ്ങളുടെ ഇവി മോഡലുകള്‍ കൂടുതല്‍ പേര്‍ക്ക് എളുപ്പത്തില്‍ സ്വന്തമാക്കാന്‍ സാധിക്കും. ബാസ് പ്രോഗ്രാമിന് കീഴില്‍ വിന്‍ഡ്‌സറിന് ലഭിച്ച വലിയ സ്വീകാര്യതയെ തുടര്‍ന്ന് മറ്റു ഇവി മോഡലുകളായ ZS ലേക്കും കോമറ്റിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുകയാണ്. രാജ്യത്തെ ഇവിയിലേക്കുള്ള മാറ്റത്തിന് പുതിയ പദ്ധതി സഹായകരമാവുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്' ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ സിസിഒ സതീന്ദര്‍ സിങ് ബജ്‌വ പറഞ്ഞു. 

എംജി കോമറ്റ് 4.99 ലക്ഷത്തിന് 

വില കുറവിന്റെ പേരില്‍ നേരത്തെ ഞെട്ടിച്ചിട്ടുള്ള ഇവിയായ എംജി കോമറ്റ് കൂടുതല്‍ ഞെട്ടിച്ചിരിക്കുകയാണ് പുതിയ പ്രഖ്യാപനത്തിലൂടെ. 4.99 ലക്ഷം രൂപക്ക് എംജി കോമറ്റ് പുതിയ ബാസ് പദ്ധതി പ്രകാരം സ്വന്തമാക്കാനാവും. ഓടുന്ന കീലോമീറ്ററിന് 2.5 രൂപ വച്ചിട്ടാണ് എംജി കോമറ്റിന് നല്‍കേണ്ടി വരിക. ഇതോടെ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്ക് കാറെന്ന സ്ഥാനം എംജി കോമറ്റ് ഒന്നുകൂടി ഉറപ്പിച്ചു. 

ബാസ് പദ്ധതിയുടെ ഭാഗമായി മൂന്നു വര്‍ഷത്തെ ഉപയോഗം കഴിഞ്ഞാല്‍ 60 ശതമാനം വില ഉറപ്പു നല്‍കുകയും എംജി ചെയ്യുന്നുണ്ട്. ഇതോടെ വാഹനം വില്‍ക്കുമ്പോള്‍ വില ലഭിക്കില്ലെന്ന ആശങ്കക്കും പരിഹാരമാവും. 17.3 kWh ബാറ്ററി പാക്കുള്ള എംജി കോമറ്റിന് 230 കീലോമീറ്ററാണ് റേഞ്ച്. ഫാസ്റ്റ് ചാര്‍ജിങും ലഭ്യമാണ്. 

എംജി ZS ഇവിക്ക് 13.99 ലക്ഷം

ബാസ് പദ്ധതി പ്രകാരം 13.99 ലക്ഷം രൂപക്ക് ഇനി മുതല്‍ എംജി ZS ഇവി സ്വന്തമാക്കാനാവും. ഓരോ കിലോമീറ്ററിനും 4.5 രൂപ വീതമാണ് എംജി ZS ഇവി ഉടമകള്‍ നല്‍കേണ്ടി വരിക. 21.12-28.17 ലക്ഷം രൂപ വിലയുണ്ടായിരുന്ന എംജി ZS ഇവിയാണ് ഇനി മുതല്‍ 13.99 ലക്ഷത്തിന് ലഭിക്കുന്നത്. ടാറ്റ നെക്‌സോണ്‍ ഇവി(13.72-17.51 ലക്ഷം രൂപ), മഹീന്ദ്ര എക്‌സ് യു വി 400 ഇവി(15.49-19.39 ലക്ഷം രൂപ) എന്നിവരുമായാണ് എംജി ZS ഇവിയുടെ പ്രധാന മത്സരം. 

50.3kWh ബാറ്ററി പാക്കുള്ള ZS ഇവിയുടെ റേഞ്ച് 461 കീലോമീറ്ററാണ്. ലെവല്‍ 2 അഡാസ്, ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകളും വാഹനത്തിലുണ്ട്. ICE വാഹനങ്ങളെ അപേക്ഷിച്ച് വില കൂടുതലാണ് പൊതുവേയുള്ള പരാതി പുതിയ നീക്കത്തിലൂടെ കുറക്കാന്‍  എംജിക്ക് സാധിക്കും. എംജി അവരുടെ മോഡലുകള്‍ ബാസ് പദ്ധതി വഴി കുറഞ്ഞ വിലയില്‍ ലഭ്യമാക്കിയതോടെ മറ്റു വാഹന നിര്‍മാതാക്കളും ഈ വഴിയേ ചിന്തിക്കാനുള്ള സാധ്യതയും ഏറിയിട്ടുണ്ട്.

English Summary:

MG Motor Makes EVs More Affordable with Expanded Battery Subscription Program.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com