ADVERTISEMENT

ചെസ്സ് ഒളിമ്പ്യാഡിൽ രണ്ടു സ്വർണ മെഡലുകൾ സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ താരമാണ് ഗുകേഷ് ദൊമ്മരാജു. ആ അഭിമാനനിമിഷങ്ങൾ രാജ്യത്തിന് സമർപ്പിച്ച ഗുകേഷിന്റെ യാത്രകൾക്കു കൂട്ടായി പുതിയ അതിഥിയെത്തിയിരിക്കുന്നു. മെഴ്‌സിഡീസ് ബെൻസിന്റെ ആഡംബര വാഹനമായ ഇ ക്ലാസ് ആണ് ചെസ്സ് ഗ്രാൻഡ് മാസ്റ്റർക്ക് സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ മാസമാണ് ഏകദേശം 90 ലക്ഷം രൂപ വിലമതിക്കുന്ന ഈ വാഹനം ഗുകേഷിനു സമ്മാനമായി നൽകിയത് താരം പഠിച്ച വേലമ്മാൾ വിദ്യാലയമാണ്. ഗുകേഷിനെ അഭിനന്ദിക്കുന്നതിനായി വിളിച്ചു ചേർത്ത ചടങ്ങിൽ വെച്ചാണ് സ്കൂൾ അധികൃതർ വാഹനത്തിന്റെ താക്കോൽ കൈമാറിയത്. 

ഇത്തരമൊരുവിലപിടിപ്പുള്ള  സമ്മാനം വേലമ്മാൾ വിദ്യാലയം ഗുകേഷിനു നല്കുന്നതിന്റ്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലും പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തിൻറെ അഭിമാനമായ നിരവധി താരങ്ങളെ സംഭാവന ചെയ്ത വിദ്യാലയമാണിത്. പ്രഗ്യാനന്ദ അടക്കമുള്ളവർ പഠിച്ച ഇവിടം അഞ്ചു തവണ ചെസ്സ് ലോക ചാമ്പ്യൻ ആയ വിശ്വനാഥൻ ആനന്ദിന്റെ മാർഗനിർദേശങ്ങൾക്കു അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.

ഗുകേഷിനു സ്കൂൾ നൽകിയത് മെഴ്‌സിഡീസ് ബെൻസ് ഈ ക്ലാസ്സിന്റെ ഏതു വേരിയന്റ് ആണെന്ന് വ്യക്തമല്ല. തന്റെ ആദ്യത്തെ വാഹനമാണിതെന്നും ഇതേറെ വിശേഷപ്പെട്ടതാണെന്നുമാണ് പുതിയ കാറിന്റെ താക്കോൽ സ്വീകരിച്ചതിനു ശേഷം ഗുകേഷ് പ്രതികരിച്ചത്.

ഒരു പെട്രോൾ എൻജിൻ മോഡലും രണ്ട് ഡീസൽ എൻജിൻ മോഡലുമുണ്ട് ഇ ക്ലാസിന്. രണ്ടു ലീറ്റർ നാലു സിലിണ്ടർ ഇൻലൈൻ പെട്രോൾ എൻജിന് 197 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കുമുണ്ട്. 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 7.6 സെക്കൻഡ് മാത്രം മതി ഈ കരുത്തന്, ഉയർന്ന വേഗം 240 കിലോമീറ്റർ.

രണ്ടു ലീറ്റർ ഡീസൽ എൻജിൻ മോഡലിന്റെ കരുത്ത് 194 എച്ച്പി, ടോർക്ക് 400 എൻഎം എന്നിങ്ങനെയാണ്. 7.6 സെക്കൻഡിൽ 100 കടക്കുന്ന വാഹനത്തിന്റെ ഉയർന്ന വേഗം 240 കിലോമീറ്റർ. മൂന്നു ലീറ്റർ ഡീസൽ എൻജിന് 286 ബിഎച്ച്പി കരുത്തും 600 എൻഎം ടോർക്കുമുണ്ട്. 100 കിലോമീറ്റർ കടക്കാൻ 6.1 സെക്കൻഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ കൂടിയ വേഗം 250 കിലോമീറ്റർ.

English Summary:

Chess Prodigy Gukesh D. Gifted Mercedes-Benz E-Class for Olympiad Triumph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com