ADVERTISEMENT

പണത്തിനൊത്ത മൂല്യം ലഭിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ സവിശേഷ പ്രാധാന്യമുണ്ട്. കാര്‍ വിപണിയിലും ഇക്കാര്യത്തില്‍ മാറ്റമില്ലാത്തതുകൊണ്ടാണ് സിഎന്‍ജി മോഡലുകള്‍ക്ക് വര്‍ധിച്ച ആവശ്യക്കാരുള്ളത്. ഉയര്‍ന്ന ഇന്ധനക്ഷമതയും കുറഞ്ഞ ഇന്ധനവിലയും കുറഞ്ഞ മലിനീകരണവുമെല്ലാം സിഎന്‍ജിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ താങ്ങാവുന്ന വിലയിലുള്ള മൂന്ന് സിഎന്‍ജി എസ് യു വികളെക്കുറിച്ച് വിശദമായറിയാം. 

ടാറ്റ പഞ്ച്

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിലുള്ള സിഎന്‍ജി മോഡല്‍ ഏതെന്ന ചോദ്യത്തിനുള്ള ടാറ്റ മോട്ടോഴ്‌സിന്റെ ഉത്തരമാണ് പഞ്ച് സിഎന്‍ജി. ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയായതിനാല്‍ കൂടിയ ബൂട്ട് സ്‌പേസും പഞ്ചിനുണ്ട്. 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ എന്‍ജിന്‍ 72ബിഎച്ച്പി കരുത്തും പരമാവധി 103 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍. ഈ കോംപാക്ട് എസ് യു വിയുടെ ഇന്ധനക്ഷമത കീലോഗ്രാമിന് 26.99 കീലോമീറ്റര്‍. വില 7.23-9.85 ലക്ഷം രൂപ. 

ടാറ്റ നെക്‌സോണ്‍ സിഎന്‍ജി

കൂടുതല്‍ കരുത്തും മികച്ച ഇന്ധനക്ഷമതയും സൗകര്യങ്ങളും വേണ്ടവര്‍ക്ക് ടാറ്റ മോട്ടോഴ്‌സിന്റെ തന്നെ നെക്‌സോണ്‍ iCNG ഉണ്ട്. 3 സിലിണ്ടര്‍ 1.2 ലീറ്റര്‍ എന്‍ജിന് 99 ബിഎച്ച്പി കരുത്തും 170എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് ഗിയര്‍ ബോക്‌സുള്ള ഈ മോഡലില്‍ ഫ്രണ്ട് വീല്‍ ഡ്രൈവാണുള്ളത്. വില 14.50-14.59 ലക്ഷം രൂപ. എആര്‍എഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത കീലോഗ്രാമിന് 24 കീലോമീറ്റര്‍. 

മാരുതി സുസുക്കി ബ്രെസ എസ് സിഎന്‍ജി

കൊടുക്കുന്ന പണത്തിന് തിരിച്ചു നല്‍കുന്ന മൂല്യത്തിന് വലിയ പ്രാധാന്യം നല്‍കുന്ന കാര്‍ കമ്പനിയാണ് മാരുതി സുസുക്കി. അവരുടെ സിഎന്‍ജി മോഡലുകളും ഏറെ ജനപ്രീതിയുള്ളവയാണ്. ഇക്കൂട്ടത്തില്‍ ബ്രെസ എസ് സിഎന്‍ജിയാണ് ഈ പട്ടികയിലെ മൂന്നാമത്തെ കാര്‍. 4 സിലിണ്ടര്‍ 1.5 ലീറ്റര്‍ എന്‍ജിന്‍ സിയാസ് പോലുള്ള മോഡലുകളില്‍ ഉപയോഗിക്കുന്നവയാണ്. പരമാവധി 87ബിഎച്ച്പി കരുത്തും 121 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന വാഹനത്തില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണുള്ളത്. കീലോഗ്രാമിന് 25.51 കീലോമീറ്ററാണ്(ARAI) റേഞ്ച്. വില 9.29-12.09 ലക്ഷം രൂപ.

English Summary:

Top 3 Budget-Friendly CNG SUVs Ruling Indian Roads

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com