ADVERTISEMENT

ദക്ഷിണേന്ത്യയില്‍ മോട്ടോര്‍ സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ ശ്രദ്ധേയനായി അലക്‌സ് കുരുവിള. കോട്ടയം മണിമല സ്വദേശിയായ അലക്‌സ് കഴിഞ്ഞ മൂന്നു വര്‍ഷത്തിലേറെയായി ഓട്ടോ ക്രോസ് മത്സരങ്ങളില്‍ പങ്കെടുക്കുന്നു. കേരളീയം മോട്ടോർസ്പോർട്സ് അസോസിയേഷൻ, മൈസൂരിൽ നടന്ന മഡ്ഫെസ്റ്റ്, വി12 റേസ് സൊലൂഷൻസ്, ചിക്മാംഗ്ലൂരിൽ നടന്ന അബ്‌ലാസ് മോട്ടർസ്പോർട് ഓട്ടോക്രോസ്, സ്പീഡ് വേ തൃശ്ശൂർ ഗോ കാർട്ടിങ്, ചില്ലാക്സ് ഗോ കാർട്ടിങ് തുടങ്ങി നിരവധി മത്സരങ്ങളിൽ അലക്സ് മത്സരിച്ച് വിജയിച്ചിട്ടുണ്ട്.

കാറിനോടും മോട്ടോര്‍സ്‌പോര്‍ട്ടിനോടുമുള്ള ഇഷ്ടം ചെറുപ്പം മുതലുണ്ട്. പിതാവില്‍ നിന്നാണ് ഈ ഇഷ്ടം പകര്‍ന്നു കിട്ടിയത്. കോട്ടയം മണിമലയില്‍ പിതാവ് കുരുവിള പി ജോസഫിന് ഓട്ടമൊബീല്‍ ഗാരിജുണ്ടായിരുന്നു. ഓട്ടമൊബീല്‍ എന്‍ജിനീയറാണ്. പിതാവ് ഓട്ടമൊബീല്‍ എന്‍ജിനീയറായിരുന്നതിനാല്‍ വീട്ടില്‍ കാര്‍ റാലികളുടേയും ഓഫ് റോഡിങ് മത്സരങ്ങളുടേയും റേസിങിന്റേയുമെല്ലാം സിഡികളും കാസെറ്റുമൊക്കെയുണ്ടായിരുന്നു. ഇതൊക്കെ കണ്ട് വളര്‍ന്നതോടെ സ്വാഭാവികമായി മോട്ടോര്‍സ്‌പോര്‍ടിനോടുള്ള ഇഷ്ടവും കൂടെക്കൂടി. 

autocross-2

ചെറുപ്പം മുതലേ ഗോ കാര്‍ട്ടിങ്ങൊക്കെ ചെയ്യുമായിരുന്നു. ബെംഗളൂരു ക്രൈസ്റ്റ് കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങിന് പഠിക്കുമ്പോള്‍ എടിവി ബഗ്ഗിയുമായി ഓഫ് റോഡ് കോംപെറ്റീഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. ബെംഗളൂരു ക്രൈസ്റ്റ് യൂനിവേഴ്‌സിറ്റി കോളജിന്റെ ടീമില്‍ 2016-17 കാലത്തുണ്ടായിരുന്നു. ഹൈദരാബാദില്‍ നിന്നാണ് ആദ്യം ഗോ കാര്‍ട്ടിങിന്റെ പരിശീലനം ലഭിക്കുന്നത്. കേരളത്തിലും ബെംഗളൂരുവിലും ഗോ കാര്‍ട്ടിങ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 

റാലിക്കു വേണ്ടി കോവിഡിനു മുമ്പ് ഒരു എസ്റ്റീം വാങ്ങിയിരുന്നു. കോവിഡിനു ശേഷം 2021ലാണ് ആദ്യമായി ഈ വാഹനവുമായി ഓട്ടോക്രോസ് മത്സരത്തിനിറങ്ങുന്നത്. അതേ വര്‍ഷം തന്നെ ആദ്യ പോഡിയം ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ദക്ഷിണേന്ത്യയിലെ വിവിധ ഓട്ടോക്രോസ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. കൂടുതല്‍ ഓട്ടോ ക്രോസും റാലികളും കാര്‍ട്ടിങുമൊക്കെയാണ് ചെയ്യുന്നത്. 

ഒരുപാട് നല്ല ഡ്രൈവര്‍മാരും ഇവന്റുകളും നടക്കുന്ന സ്ഥലമാണ് നമ്മുടെ കേരളം. മോട്ടോര്‍ സ്‌പോര്‍ട് പ്രേമികളുടെ ക്ലബുകളും കൂട്ടായ്മകളും കേരളത്തില്‍ നിരവധിയുണ്ട്. റാലിയിലായാലും റേസിങിലായാലും ഓഫ് റോഡിങായാലും മികച്ച ഡ്രൈവര്‍മാരും ഒഫീഷ്യലുകളും കേരളത്തിലുണ്ട്. എന്നാല്‍ നമുക്കു വേണ്ട സാമ്പത്തിക പിന്തുണ ലഭിക്കുന്നില്ല. ആവശ്യമായ സ്‌പോണ്‍സര്‍ഷിപ്പുകള്‍ ലഭിക്കുകയെന്നതാണ് ഞങ്ങളുടെ ആഗ്രഹം. മറ്റു സ്‌പോര്‍ട്ടുകള്‍ക്ക് ലഭിക്കുന്ന പിന്തുണ മോട്ടോര്‍സ്‌പോര്‍ട്ടിനും ലഭിക്കണം. 

autocross-1

പിതാവായ കുരുവിള ജോസഫിന് മോട്ടോര്‍സ്‌പോര്‍ടിനെക്കുറിച്ച് അറിയാവുന്നതുകൊണ്ട് കുടുംബത്തില്‍ നിന്നും നല്ല പിന്തുണയാണ്. മോട്ടോര്‍സ്‌പോര്‍ടിനിറങ്ങുന്ന എല്ലാവര്‍ക്കും അങ്ങനെ പിന്തുണ കിട്ടണമെന്നില്ല. പലര്‍ക്കും സുരക്ഷയെക്കുറിച്ചൊക്കെയാണ് ആശങ്ക. ഇതൊരു കരിയറായെടുക്കാന്‍ ഇന്ത്യയില്‍ വലിയ ബുദ്ധിമുട്ടാണ്. ഒരുപാട് പണച്ചിലവുള്ളതും വരവ് കുറവുള്ളതുമായ കായിക ഇനമാണെന്നും അലക്‌സ് പറയുന്നു. 

അമിഫീല്‍ഡ് റാലിയിങ് ടീം അംഗമാണ് അലക്‌സ്. റാലി ഡ്രൈവര്‍ എയ്മന്‍ അഹ്‌മദിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ റാലിയിങ് ടീം. കഴിഞ്ഞ മൂന്നു വര്‍ഷത്തിലേറെയായി ദക്ഷിണേന്ത്യയിലെ പ്രധാന ഓട്ടോക്രോസുകളില്‍ പങ്കെടുത്തിട്ടുണ്ട്. 

ഇന്ത്യന്‍ മോട്ടോര്‍സ്‌പോര്‍ട്‌സിലെ താരം ഗൗരവ് ഗില്ലിനേയും ഫാബിദ് അഹമ്മദിനേയും ഇഷ്ടമാണ്. എങ്കിലും മലയാളികളായ ബോണി തോമസും ഡോ. ബിക്കു ബാബുവുമാണ് പ്രചോദനമായിട്ടുള്ളത്. അവരുടെ റേസിങ് കണ്ട് വളര്‍ന്നതുകൊണ്ട് അത് സ്വാഭാവികമാണെന്നും അലക്‌സ് കൂട്ടിച്ചേര്‍ക്കുന്നു.

ഡി ചെക്ക് എന്ന പേരിലുള്ള കൊച്ചിയിലെ കുടുംബ ബിസിനസിന്റെ ഭാഗമാണ് അലക്‌സ് കുരുവിള. ഇതിന്റെ ഭാഗമായുള്ള ഡി ചെക്ക് ഓട്ടമോട്ടീവ്‌സിലൂടെ കാറിന്റെ മെയിന്റനന്‍സും സര്‍വീസുകളുമാണ് ചെയ്യുന്നത്. പിതാവ് കുരുവിള പി ജോസഫ്, മാതാവ് ഷൈനി കുരുവിള, സഹോദരങ്ങള്‍ ഈപ്പന്‍ കുരുവിള, ത്രേസു കുരുവിള.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com