ADVERTISEMENT

സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുത്തന്‍ ബുള്ളറ്റ് പ്രൂഫ് കാര്‍ ഇറക്കുമതി ചെയ്ത് ബോളിവുഡ് താരം സല്‍മാന്‍ഖാന്‍. ലോറന്‍സ് ബിഷ്‌ണോയ് സംഘത്തില്‍ നിന്നുള്ള ഭീഷണികള്‍ ആവര്‍ത്തിച്ചതോടെയാണ് സല്‍മാന്റെ സുരക്ഷക്കായി രണ്ടാമത്തെ നിസാന്‍ പട്രോള്‍ ദുബൈയില്‍ നിന്നും ഇറക്കുമതി ചെയ്തത്. പ്രത്യേക സുരക്ഷാ സംവിധാനമുള്ള വാഹനമെന്ന നിലയിലാണ് ഇന്ത്യയില്‍ വില്‍പനയില്ലാത്ത നിസാന്‍ പട്രോള്‍ യുഎഇയില്‍ നിന്നും വാങ്ങി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരിക്കുന്നത്. 

എന്‍സിപി നേതാവ് ബാബ സിദ്ധിഖി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സല്‍മാന്‍ഖാനെതിരായ സുരക്ഷാ ആശങ്കകള്‍ വര്‍ധിച്ചത്. സല്‍മാന്‍ ഖാന്റെ അടുത്ത സുഹൃത്തായിരുന്ന ബാബ സിദ്ധിഖിയെ ഒക്ടോബര്‍ 12ന് അദ്ദേഹത്തിന്റെ മകന്റെ ഓഫീസിനു മുന്നില്‍ വെച്ച് മൂന്നു പേര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. സല്‍മാന്‍ ഖാനെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുന്ന ലോറന്‍സ് ബിഷ്‌ണോയ് സംഘമാണ് ഇതിനു പിന്നില്‍. 

നിസാന്‍ പട്രോള്‍

ഏകദേശം രണ്ടു കോടിയോളം രൂപ വിലയുള്ള നിസാന്‍ പട്രോള്‍ ഇന്ത്യയില്‍ വില്‍ക്കുന്നില്ല. അതുകൊണ്ടാണ് പുത്തന്‍ ബുള്ളറ്റ്പ്രൂഫ് നിസാന്‍ പട്രോള്‍ ദുബായില്‍ വാങ്ങിയ ശേഷം ഇറക്കുമതി ചെയ്തത്. അധിക സുരക്ഷകളും ഫീച്ചറുകളും വേണമെങ്കില്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും. ഇതിനു പുറമേയാണ് ഇറക്കുമതി നികുതി ചെലവുകളും. മുംബൈയിലെ യാത്രകളില്‍ സല്‍മാന്‍ ഖാന് നിസാന്‍ പട്രോള്‍ സുരക്ഷയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്. 

ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളുള്ള കാറുകളിലൊന്നാണ് നിസാന്‍ പട്രോള്‍. ലോകമെങ്ങുമുള്ള സുപ്രധാന വ്യക്തിത്വങ്ങള്‍ക്ക് ഈ വാഹനം സുരക്ഷ ഉറപ്പിക്കുന്നുണ്ട്. പോയിന്റ് ബ്ലാങ്ക് വെടിവെപ്പിനെ പോലും തടയുന്ന ബുള്ളറ്റ് പ്രൂഫ് ചില്ലുകളും എക്‌സ്‌പ്ലൊസീവ് അലര്‍ട്ട് ഇന്‍ഡിക്കേറ്ററുകളും ഈ വാഹനത്തിലുണ്ട്. ഡ്രൈവറേയും യാത്രികരേയും തിരിച്ചറിയാതിരിക്കാന്‍ ബ്ലാക്ക് ഷെയ്ഡുകള്‍ സഹായിക്കും. അധിക ആയുധങ്ങളും സുരക്ഷാ സൗകര്യങ്ങളും ഘടിപ്പിക്കാനും സൗകര്യമുണ്ട്. 

നേരത്തെ യുഎഇയില്‍ നിന്നും സല്‍മാന്‍ഖാന്‍ മറ്റൊരു ബുള്ളറ്റ്പ്രൂഫ് പട്രോള്‍ ഇറക്കുമതി ചെയ്തിരുന്നു. റേഞ്ച് റോവര്‍, ലാന്‍ഡ് ക്രൂസര്‍ എന്നിവയടക്കമുള്ള ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ബോളിവുഡ് താരത്തിന്റെ ശേഖരത്തിലുണ്ട്. 

കാരണമായത് കൃഷ്ണമാന്‍ വേട്ടയും

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ലോറന്‍സ് ബിഷ്‌ണോയ് സംഘം സല്‍മാന്‍ ഖാനു പിന്നാലെയുണ്ട്. ബാബ സിദ്ധിഖിയുടെ കൊലപാതകത്തിനു പിന്നാലെ അഞ്ചു കോടി രൂപ നല്‍കിയില്ലെങ്കില്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്ന വാട്‌സ്ആപ് സന്ദേശം മുംബൈ പൊലീസിനു ലഭിച്ചിരുന്നു. ഭീഷണി കാര്യമായെടുത്ത മുംബൈ പൊലീസ് സല്‍മാന്‍ ഖാന്റെ വീടിന്റെ പരിസരത്ത് അടക്കം സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. 

1998ല്‍ കൃഷ്ണമാനെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്‍ ശിക്ഷിക്കപ്പെട്ടിരുന്നു. ബിഷ്‌ണോയികള്‍ പവിത്രമായി കരുതുന്ന മൃഗമാണ് കൃഷ്ണമാന്‍. ലോറന്‍സ് ബിഷ്‌ണോയി സല്‍മാന്‍ ഖാനെതിരെ നീങ്ങാനുണ്ടായ കാരണങ്ങളിലൊന്ന് ഇതാണെന്ന് കരുതപ്പെടുന്നു. 26 വര്‍ഷങ്ങള്‍ക്കുശേഷവും കൃഷ്ണമാന്‍ വേട്ട സല്‍മാന്‍ഖാന് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിക്കുന്നത്.

English Summary:

Salman Khan Ramps Up Security with Imported Bulletproof Nissan Patro

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com