ADVERTISEMENT

രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ഇപ്പോഴും മഹേന്ദ്ര സിങ് ധോണിയോട് ആരാധകർക്ക് ഏറെ പ്രിയമാണ്. തികഞ്ഞൊരു വാഹനപ്രേമിയായ  ഇന്ത്യയുടെ മുൻ ക്യാപ്റ്റന്റെ ഗാരിജിൽ ബൈക്കുകളുടെയും കാറുകളുടെയും ഒരു നീണ്ട നിര തന്നെയുണ്ട്. ആരാധകന്റെ ബുള്ളറ്റിൽ കയ്യൊപ്പ് ചാർത്തി, ആ ബൈക്കിൽ അദ്ദേഹത്തെയും കൊണ്ട് ഒരു ചെറു റൈഡ് നടത്തുന്ന ധോണിയുടെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. റോയൽ എൻഫീൽഡ് 350യിലാണ് തന്റെ ആരാധകനെയും ഒപ്പം ചേർത്തുള്ള ധോണിയുടെ റൈഡ്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസ നായകന്റെ കയ്യൊപ്പ് തന്റെ വാഹനത്തിൽ പതിയണമെന്ന ആഗ്രഹവുമായി എത്തിയ ആരാധകന്റെ ആവശ്യം കേട്ടപ്പോൾ തന്നെ മഹേന്ദ്ര സിങ് ധോണി അതിനായി തയാറാകുന്നത് വിഡിയോയിൽ കാണുവാൻ കഴിയും. ധരിച്ചിരുന്ന സ്വന്തം ജാക്കറ്റ് കൊണ്ട് ബൈക്കിന്റെ പെട്രോൾ ടാങ്ക് തുടച്ചതിനു ശേഷമാണ് മാർക്കർ ഉപയോഗിച്ച് വാഹനത്തിൽ ഒപ്പിടുന്നത്. തന്റെ ആഗ്രഹം നിറവേറുന്ന സന്തോഷത്തോടെ ഈ കാഴ്ചയ്ക്ക് സാക്ഷിയായി വാഹനമുടമയും സമീപത്തു തന്നെയുണ്ട്. ബൈക്കിന്റെ വിശേഷങ്ങളെല്ലാം തന്നെ ചോദിച്ചറിഞ്ഞതിനു ശേഷം സ്വപ്നതുല്യമായ മറ്റൊരു കാര്യവും അവിടെ സംഭവിച്ചു. 

വാഹനത്തിൽ ഓട്ടോഗ്രാഫ് ചാർത്തിയതിനു ശേഷം ബൈക്ക് സ്റ്റാർട്ട് ചെയ്തു നോക്കുകയും ഉടമയെയും പിന്നിലിരുത്തി ഓടിച്ചു പോകുകയും ചെയ്യുന്നുണ്ട് ധോണി. താരത്തിന്റെ ഈ പ്രവർത്തിയെ പുകഴ്ത്തി കൊണ്ടുള്ള വിഡിയോയാണ് സോഷ്യൽ ലോകത്തെ വൈറൽ കാഴ്ച. എത്ര ഉന്നതിയിൽ നിൽക്കുന്ന വ്യക്തിയാണെങ്കിലും ഇപ്പോഴും പിന്തുടരുന്ന ഈ എളിമയ്ക്കാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്ന കയ്യടി. ആരാധകർക്കൊപ്പം എല്ലാക്കാലത്തും നിലകൊള്ളുന്ന, ആർക്കും പ്രചോദനമാകുന്ന വ്യക്തിത്വത്തിന് ഉടമയാണ് ധോണിയെന്നാണ് വിഡിയോയുടെ താഴെയുള്ള കമെന്റുകളിലേറെയും പറയുന്നത്.

വളരെ വലിയൊരു വാഹന ശേഖരത്തിനു ഉടമയാണ് മഹേന്ദ്ര സിങ് ധോണി. മെഴ്‌സിഡീസ് ബെൻസിന്റെ ജി വാഗൺ മുതൽ അപൂർവമായ നിസാൻ ജോങ്ക പോലുള്ള വാഹനങ്ങളും താരത്തിന്റെ ഗാരിജിലുണ്ട്. കാറുകളും ബൈക്കുകളും ഉൾപ്പെടെ നൂറോളം വാഹനങ്ങളാണ് ധോണിയുടെ റാഞ്ചിയിലെ ഫാംഹൗസിൽ ഉള്ളതെന്ന് ഏറെ അത്ഭുതത്തോടെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം തന്നെ ഉപയോഗിക്കുന്നതിൽ ഏറെ സന്തോഷം കണ്ടെത്തുന്ന വ്യക്തിയാണ് ഇന്ത്യയുടെ ഈ മുൻനായകൻ.

English Summary:

Watch the heartwarming viral video of MS Dhoni taking a fan for a ride on his Royal Enfield Bullet after signing an autograph. This gesture of humility showcases the cricketing legend's down-to-earth nature and enduring fan connection.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com