ADVERTISEMENT

മഴയും തണുപ്പുമെല്ലാം അവസാനിക്കുകയാണ്. ഇനി പൊടിയുടെയും ചൂടിന്റെയും നാളുകളാണ്. ഒപ്പം വാഹനങ്ങളിലെ ദുർഗന്ധങ്ങളുടെ വരവും ഇനി രൂക്ഷമാകും. ഭൂരിഭാഗം ആളുകളും ഒരു ദിവസത്തിൽ മണിക്കൂറുകൾ ചെലവഴിക്കുന്നത് കാറുകളിലായിരിക്കുമെന്നാണ് പുതിയ പഠനങ്ങൾ. വിപണി ശക്തി പ്രാപിക്കുന്നതിനു പിന്നാലെ വാഹനങ്ങൾ രണ്ടാം വീടുകളായി മാറുകയാണ്. ഭക്ഷണവും ജോലിയും ഉൾപ്പെടെയുള്ള യാത്രകൾ കാറുകളെ മനുഷ്യരെ പോലെ തന്നെ ക്ഷീണിതരാക്കും. ഇതിൽ ഏറ്റവും പ്രധാനമാണ് വാഹനങ്ങളിലെ ഇന്റീരിയർ. ഭൂരിഭാഗം വാഹനങ്ങളിലെയും ഉൾവശങ്ങളെ അവഗണിക്കുന്നതിനു പിന്നാലെ സംഭവിക്കുന്നതാണ് മനം മടുപ്പിക്കുന്ന യാത്രകൾ. 

car-summer-care

ദുർഗന്ധമുള്ള വാഹനങ്ങൾ ആരും തന്നെ ഇഷ്ടപ്പെടുകയില്ല. മറ്റുള്ളവർ വാഹനത്തിൽ കയറി ദുർഗന്ധത്തെ കുറിച്ച് പറയുന്നത് കേൾക്കേണ്ടി വരിക എന്നാൽ വളരെ പരിഹാസ്യവുമാകും. കാറുകളിലെ ഇന്റീരിയർ ക്ലീനിങ്ങും അതുവഴി ഉൾഭാഗം പുതുമയുള്ളതാക്കി നിലനിർത്തുന്നതും വളരെ ലളിതമാണ്. 

 

കാറുകളെയും ശ്വസിക്കാൻ അനുവദിക്കാം

car-ac

 

യാത്രകൾക്ക് ശേഷം കാർ ലോക്ക് ചെയ്ത് പോകുമ്പോൾ വാഹനത്തിനുള്ളിൽ എന്ത് സംഭവിക്കുമെന്ന് ഊഹിക്കാമല്ലോ. യാത്രയിൽ കയറിയ പൊടിയും ഒപ്പം വായുവും വാഹനത്തിന്റെ ഉള്ളിൽ കുടുങ്ങുന്നു. അടഞ്ഞുകിടക്കുന്നതിനാൽ വാഹനത്തിന്റെ മുക്കിലും മൂലയിലും മലിനവായു അടിയും. പിന്നീട് വാഹനത്തിൽ കയറുമ്പോൾ തന്നെ അസ്വസ്ഥതയുണ്ടാകും. ഇത് ഒഴിവാക്കാൻ വാഹനങ്ങളെ ശ്വസിക്കാൻ അനുവദിക്കാം. പാർക്ക് ചെയ്യുന്ന സമയം വശങ്ങളിലെ ഗ്ലാസുകൾ പൂർണമായി അടയ്ക്കാതിരിക്കുക. ഒരിഞ്ച് ഗ്യാപ് ഗ്ലാസിനു മുകളിൽ വിട്ടു നൽകാം. വാഹനത്തിനുള്ളിലെ മലിനവായു പുറത്തെത്താൻ ഇത് സഹായിക്കും.  പിന്നീട് വാഹനം ഉപയോഗിക്കാൻ എടുക്കുന്ന സമയം എല്ലാ ജനാലകളും പൂർണമായി താഴ്ത്തി 5 മിനിറ്റ് സഞ്ചരിക്കുക. ശുദ്ധവായു ഉള്ളിൽ കയറിയിറങ്ങിയ ശേഷം മാത്രം എസി ഉപയോഗിക്കാം. 

 

റീ സർക്കുലേറ്റ് ബട്ടൺ

ac-filter
Mihajlo Maricic | istock

 

എയർ കണ്ടീഷനിങ് സംവിധാനങ്ങളിൽ എല്ലാ വാഹനങ്ങളിലും അടിസ്ഥാനമായി കാണുന്ന ഒന്നാണ് റീ സർക്കുലേറ്റ് ബട്ടൺ. എസി ഓൺ ചെയ്ത ശേഷം റീ–സർക്കുലേറ്റ് ബട്ടൺ ഉപയോഗിക്കാം. കൂടുതൽ ശുദ്ധവായു ഉള്ളിലെത്താൻ ഇത് ഉപകരിക്കും. ഭക്ഷണം കഴിച്ച ശേഷവും കൂടുതൽ ആളുകൾ യാത്ര ചെയ്തതിനു ശേഷവും എയർകോൺ റീ സർക്കുലേറ്റ് മോഡിലേക്ക് മാറ്റാം. തിങ്ങി നിൽക്കുന്ന വായുവും ഗന്ധവും ഒഴിവാകും. 

car-smell
AndreyPopov | istock

 

മാലിന്യങ്ങളും അവശിഷ്ടങ്ങളും ഒഴിവാക്കാം

 

കഴിയുമെങ്കിൽ ഓരോ യാത്രകൾക്ക് ശേഷവും വാഹനത്തിനുള്ളിലെ മാലിന്യങ്ങളും അവശിഷ്ടങ്ങളും എടുത്തുമാറ്റുകയാണ് നല്ലത്. 3 ദിവസത്തിൽ ഒരിക്കൽ നിർബന്ധമായി വാഹനത്തിലെ അനാവശ്യവസ്തുക്കൾ ഒഴിവാക്കാം. ഭക്ഷണാവശിഷ്ടങ്ങൾ, പാക്കറ്റുകൾ, തുടങ്ങിയവയെല്ലാം പെട്ടെന്നുള്ള ദുർഗന്ധത്തിനു കാരണമാകും. കാറുകളിലെ ഡസ്റ്റ്ബിൻ ഉപയോഗിച്ചാൽ കാര്യങ്ങൾ എളുപ്പമാക്കാം. ഓരോ യാത്രകൾക്ക് ശേഷവും ഇവ പെട്ടെന്നു വൃത്തിയാക്കാൻ സാധിക്കും. 3 ദിവസത്തിനുള്ളിൽ ഒരിക്കൽ വാഹനത്തിനുള്ളിലെ പൊടി വാക്വം ക്ലീനർ ഉപയോഗിച്ചും വൃത്തിയാക്കാം. 

 

അയണൈസറും പെർഫ്യൂമും പരിഹാരം

 

കാറുകളിൽ ഒരു ഇലക്ട്രിക് അയണൈസറും കാർ ഫ്രഷ്നറും നിർബന്ധമാക്കാം. ബോട്ട്ൽ, ഹാങിങ് ഉൾപ്പെടെയുള്ള ഫ്രഷ്നറുകൾ ഏറെ ഉപകരിക്കും. സ്റ്റോറേജ് സ്പെയ്സിൽ സുഗന്ധമുള്ള ടിഷ്യു പേപ്പറുകൾ തുറന്നു വയ്ക്കുന്നതും ചെലവു ചുരുങ്ങിയ പരിഹാരമാണ്. ഉള്ളിലെ ദുർഗന്ധം, ഇതിനു കാരണമാകുന്ന ബാക്ടീരിയ, പൊടി, പൂപ്പൽ എന്നിവയെ പ്രതിരോധിക്കാൻ ഇവ സഹായിക്കും. ചാർജിങ് യൂണിറ്റ് വഴിയും യുഎസ്ബി വഴിയും ഉപയോഗിക്കാൻ സാധിക്കുന്ന അയണൈസർ വിപണിയിൽ ലഭ്യമാണ്. എയർ ഫിൽറ്റർ ചെയ്യുന്നതിനൊപ്പം അയോണുകളും ഇവ പുറന്തള്ളും. ഇവ ബാക്ടീരിയ, പൊടി, പൂപ്പൽ എന്നിവയെ ശക്തമായി പ്രതിരോധിക്കും. 

 

ബേക്കിങ് സോഡ മായാജാലം

 

എത്രയൊക്കെ ചെയ്തിട്ടും ഒഴിവാക്കാനാകാത്ത ദുർഗന്ധത്തിന് ഒരു നുറുങ്ങുവിദ്യയാണ് ബേക്കിങ് സോഡ. കാറിന്റെ മാറ്റുകളിലും നിലത്തും അവശേഷിക്കുന്ന ദുർഗന്ധം ഒഴിവാക്കാൻ ബേക്കിങ് സോഡ പൊടി വിതറുക. 6 മണിക്കൂർ വാഹനം ഉപയോഗിക്കാതെ പൂർണമായി അടച്ച് ഇടുക. തുടർന്ന് വാക്വം ക്ലീനർ ഉപയോഗിച്ചു വൃത്തിയാക്കാം. പൊടി പൂർണമായി വൃത്തിയാക്കിയെന്ന് ഉറപ്പുവരുത്തണം. േബക്കിങ് സോഡ ഉപയോഗിക്കുമ്പോൾ വാഹനത്തിനുള്ളിൽ നനവില്ലെന്നും ഉറപ്പു വരുത്തണം. എത്ര ശക്തമായ ദുർഗന്ധത്തെയും ഒഴിവാക്കാനും സൂക്ഷ്മാണുക്കളുടെ വളർച്ചയെ തടയാനും ബേക്കിങ് സോഡ ഉപകരിക്കും. 

 

English Summary:  Tips to Get Rid Of Bad Odour From Your Car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com