ADVERTISEMENT

കാലം ആയിരത്തിതോള്ളായിരത്തി നാൽപതുകളിലേക്ക് മടങ്ങുകയാണെങ്കില്‍ ലോകമന്ന് ഇരുചേരികളായി വിഭജിക്കപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു. മത്സരവും വിദ്വേഷവും വൈരാഗ്യവും നിറഞ്ഞ പിന്നീടുള്ള 50 വര്‍ഷങ്ങള്‍ക്ക് ശീതസമരം എന്നായിരുന്നു പേര്. 1990കളില്‍ ഗോര്‍ബ്ബച്ചേവിന്റെ പെരിസ്റ്റോറിക്കയും ഗ്ലാസ് നോസ്റ്റും യുഎസ്എസ്ആറിന്റെ തകര്‍ച്ച പൂര്‍ത്തിയാക്കിയപ്പോള്‍ അമേരിക്കയുടെ സ്ഥാനാരോഹണത്തിന് കാലം വേദിയായി. അല്‍പ്പമൊന്ന് ഉടഞ്ഞെങ്കിലും തോറ്റുകൊടുക്കാന്‍ റഷ്യ ഒട്ടു തയാറായിരുന്നില്ല. ഒറ്റയ്ക്ക് നിന്നുകൊണ്ടുതന്നെ പല മേഖലകളിലും അമേരിക്കയോട് അവര്‍ മത്സരിക്കുകയും ശക്തമായി വെല്ലുവിളിക്കുകയും ചെയ്തു. പക്കലുള്ള ആയുധ ശേഖരത്തില്‍ തുടങ്ങി നിസാരമെന്ന് സാധാരണക്കാര്‍ കരുതുന്ന ഭരണാധികാരികളുടെ ഔദ്യോഗിക വാഹനങ്ങളില്‍ വരെ ആ മത്സര ചൂട് കാണാം. കുറച്ചു കാലം മുമ്പ് വരെ ബെൻസിന്റെ ലിമോയാണ് പുടിൻ ഉപയോഗിച്ചിരുന്നതെങ്കിൽ അടുത്തിടെ റഷ്യൻ നിർമിത കർത്തേഷിലേക്ക് കൂടുമാറി. ഒബാമയുടെ കാലത്തെ ബീസ്റ്റിൽ നിന്ന് പുതിയ കാറിലേക്ക് ട്രംപ് ചേക്കേറിയതും അടുത്തിടെയാണ്.

പുടിന്റെ കർത്തേഷ്

വ്ലാഡിമിർ പുടിന്റെ മെബാക്ക് പുള്‍മാന്‍ എസ് 600 ലിമോ ഗാര്‍ഡില്‍നിന്ന് റഷ്യൻ നിർമിത കർത്തേഷിലേക്കു മാറിയത് അടുത്തിടെയാണ്. ‌ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനം എന്ന പേരില്‍ പുറത്തിറങ്ങിയ കാര്‍ തുടക്കത്തില്‍ റഷ്യന്‍ പ്രസിഡന്റിനു വേണ്ടി മാത്രമായിരിക്കും നിര്‍മിക്കുക. റോള്‍സ് റോയ്‌സ് ഫാന്റത്തെ അനുസ്മരിപ്പിക്കുന്ന രൂപമുള്ള വാഹനമാണ് പുതിയ കര്‍ത്തേഷ്. പോര്‍ഷെയുടേയും ബോഷിന്റെയും സഹായത്തോടെ റഷ്യയിലെ സെന്റര്‍ സയന്റിഫിക്ക്് റിസേര്‍ച് ഓട്ടമൊബീല്‍ ആൻഡ് ഓട്ടമോട്ടീവ് എന്‍ജിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പുടിന്റെ പുതിയ ലിമോസീനെ വികസിപ്പിച്ചത്.

പുടിന്റെ പ്രത്യേക താല്‍പര്യപ്രകാരം നിര്‍മിച്ച കാറാണ് കർത്തേഷ്. പോര്‍ഷെയുടെ 4.6 ലീറ്റര്‍ വി 8 ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. പരമാവധി 592 ബിഎച്ച്പി കരുത്തും 880 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും ഈ എൻജിന്‍. ഒമ്പത് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് കാറില്‍. ഏകദേശം 5 ടണ്‍ ഭാരമുണ്ട് കര്‍ത്തേഷിന്.

ബാലിസ്റ്റിക് മിസൈല്‍, ഗ്രനേഡുകള്‍ രാസായുധങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ചെറുക്കാനുള്ള സജ്ജീകരണങ്ങള്‍ പുതിയ കാറിലുണ്ടാകും. അതിനൂതന വാര്‍ത്താവിനിമയ സംവിധാനവും അടിയന്തര ചികിത്സാ സംവിധാനങ്ങളും കവചിത ഇന്ധന ടാങ്കും നേരിട്ടു വെടിയേറ്റാലും ഏല്‍ക്കാത്ത ബോഡിയും കാറിലുണ്ട്. സെഡാന്‍, എംപിവി, എസ്‌യുവി എന്നിങ്ങനെ മൂന്നു ബോഡി ഘടനകള്‍ കര്‍ത്തേഷിനുണ്ടാകും. ഭാവിയിൽ പ്രസിഡന്റിന് മാത്രമല്ല പൊതുജനങ്ങൾക്കായും കർത്തേഷ് നിർമിക്കുന്നുണ്ട്. ആദ്യ ഘട്ടമായി 200 വാഹനങ്ങള്‍ നിര്‍മിക്കാനാണ് പദ്ധതി. എന്നാല്‍ പ്രസിഡന്റിനുള്ള അതേ സുരക്ഷ പൊതുജനങ്ങള്‍ക്കുള്ള കാറിലുണ്ടാകുമോ എന്നു വ്യക്തമല്ല.

ട്രംപിന്റെ ബീസ്റ്റ്

ജനറൽ മോട്ടോഴ്സാണ് പുതിയ ബീസ്റ്റിന്റെയും നിർമാതാക്കൾ. ‌2015ൽ നിർമിച്ച കാഡിലാക്ക് വണ്ണിൽ നിന്ന് കാലികമായ മാറ്റങ്ങളോടെ ഏറ്റവും നൂതന ടെക്‌നോളജിയിലാണ് പുതിയ വാഹനം നിർമിച്ചത്.‌ ബാലിസ്റ്റിക്, ഐഇഡി, രാസായുധ ആക്രമണങ്ങള്‍ ചെറുക്കാന്‍ പാകത്തിലാണ് ബീസ്റ്റിന്റെ നിര്‍മാണം. ജനറല്‍ മോട്ടോഴ്‌സിന്റെ മിഡിയം ഡ്യൂട്ടി ട്രക്കിന്റെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന വാഹനത്തിന് ഡീസല്‍ എന്‍ജിനാണ്.

അതിനൂതന വാര്‍ത്താവിനിമയ സംവിധാനവും അടിയന്തര ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കവചിത ഇന്ധന ടാങ്കും സുരക്ഷിതമായാണ് നിര്‍മിച്ചിരിക്കുന്നത്. നേരിട്ടു വെടിയേറ്റാലും തീപിടിക്കാതിരിക്കാനായി പ്രത്യേക ഫോം ഇതില്‍ നിറച്ചിട്ടുണ്ട്. ബൂട്ടിലും ഓക്‌സിജന്‍ സംവിധാനവും തീപിടിത്തത്തെ ചെറുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പിന്നില്‍ നാലുപേര്‍ക്ക് ഇരിക്കാം. പ്രസിഡന്റിന്റെ സീറ്റിനു സമീപം സാറ്റലൈറ്റ് ഫോണും വൈസ്പ്രസിഡന്റുമായും പെന്റഗണുമായും നേരിട്ടു സംസാരിക്കാനുള്ള ലൈനും സജ്ജമാണ്.

കാറിന്റെ മുന്‍ഭാഗത്ത് പ്രത്യേക അറയില്‍ രാത്രി കാണാന്‍ കഴിയുന്ന ക്യാമറകളും ചെറു തോക്കുകളും ടിയര്‍ ഗ്യാസും അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാനായി പ്രസിഡന്റിന്റെ രക്തവും സൂക്ഷിച്ചിട്ടുണ്ട്. ടയര്‍ പൊട്ടിയാലും ഓടിച്ചു രക്ഷപ്പെടാന്‍ കഴിയുന്ന തരം സ്റ്റീല്‍ റിമ്മുകളാണ് ടയറില്‍. പഞ്ചറാകാത്ത ടയറുകളാണിവ. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്രത്യേക പരിശീലനം നല്‍കിയ‍ ഡ്രൈവര്‍മാരാകും പ്രസിഡന്റിനെ അനുഗമിക്കുക. 180 ഡിഗ്രിയില്‍ വെട്ടിത്തിരിച്ചുവരെ കാറുമായി രക്ഷപ്പെടാനുള്ള പരിശീലനം ഇവര്‍ക്കു നല്‍കിയിട്ടുണ്ട്. വിന്‍ഡോകള്‍ എല്ലാം ബുള്ളറ്റ് പ്രൂഫാണ്. ഡ്രൈവറുടെ ഡാഷ്‌ബോര്‍ഡില്‍ വാര്‍ത്താവിനിമയ സംവിധാനവും ജിപിഎസ് ട്രാക്കിങ് സിസ്റ്റവും ഉണ്ടാകും. അഞ്ചിഞ്ച് കനമുള്ള ഡ്യൂവല്‍ ഹാര്‍ഡ്‌നെസ് സ്റ്റീലും അലുമിനിയവും ടൈറ്റാനിയവും സെറാമിക്കും ചേര്‍ത്താണ് ബോഡി നിര്‍മിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com