ADVERTISEMENT

കോട്ടയം: ബി എസ് 6 വാഹനങ്ങൾക്ക് ജനപ്രീതിയേറിയെന്ന് മാരുതി സുസുക്കി സെയിൽസ് ആൻഡ് മാർക്കറ്റിങ് എക്സിക്യൂട്ടിവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ. ഒക്ടോബറിൽ കാർ വിൽപന ഉയർന്നതിനുള്ള കാരണങ്ങളിലൊന്ന് ബി എസ് 6 വാഹനങ്ങൾക്കുണ്ടായ അധിക വിൽപനയാണ്. വിപണിക്ക് അനുകൂലമായ സർക്കാർ നടപടികൾ ഉപഭോക്താക്കളുടെ വിശ്വാസ്യതയുയർത്തിയതും വിപണി മെച്ചപ്പെടാൻ കാരണമായി. ബി എസ് 6 സംബന്ധിച്ചുണ്ടായിരുന്ന അനിശ്ചിതത്വം കുറെയൊക്കെ മാറി. ഈ അവസരത്തിനൊപ്പിച്ച് സമയപരിധിക്ക് ഒരു വർഷം മുമ്പു തന്നെ മാരുതി ബിഎസ് 6 വാഹനങ്ങൾ അവതരിപ്പിച്ചു. വിൽപനക്കണക്കുകൾ പരിശോധിച്ചാൽ ഉപയോക്താക്കൾ ബിഎസ് 6 വാഹനങ്ങൾ സ്വീകരിച്ചുവെന്നു മനസ്സിലാക്കാം.

വാഹന വിൽപനയിൽ എന്തു കൊണ്ടാണ് ഇടിവ് ?

കാർ സ്വന്തമാക്കാനുള്ള ചെലവ് വർധിച്ചതാണ് വിൽപന കുറയാനുള്ള പ്രധാന കാരണം. നിർമാണച്ചെലവ് ഉയർത്തുന്ന സുരക്ഷ, പരിസ്ഥിതി മാനദണ്ഡങ്ങളും കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ നികുതി ഉയർത്തിയതും ഇൻഷുറൻസ് ചെലവു വർധിച്ചതും വായ്പാ മാനദണ്ഡങ്ങൾ മാറ്റാനുള്ള ബാങ്കുകളുടെ തീരുമാനവുമെല്ലാം വിലക്കയറ്റത്തിനു കാരണമായി. കൂടാതെ, ബി‌എസ് 4, ബി‌എസ് 6 വാഹനങ്ങളെക്കുറിച്ചുള്ള ഉപഭോക്താക്കളുൂടെ ആശയക്കുഴപ്പവും വിൽപന കുറച്ചു.

മാന്ദ്യം മാറുമോ?

വാഹന വിപണിയിൽ കുറെ വർഷങ്ങളായി ചാഞ്ചാട്ടമുണ്ട്. ഒരു മാസം വിൽപന കുറഞ്ഞാൽ അടുത്ത മാസം വിപണി തിരിച്ചു വരാറുണ്ട്. അതുകൊണ്ടുതന്നെ കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതലുണ്ടായ മാന്ദ്യത്തിന്റെ തുടക്കത്തിൽ വിപണി തിരിച്ചു പിടിക്കും എന്നാണ് കരുതിയിരുന്നത്. പിന്നീടാണ് പ്രതിസന്ധി പ്രതീക്ഷിച്ചതിലും ആഴമേറിയതാണെന്നു മനസ്സിലാക്കിയത്. ഇപ്പോഴത്തെ വിൽപന വര്‍ധന തിരിച്ചു വരവായി കണക്കാക്കാനാവില്ല. എന്നാൽ വിപണി മെച്ചപ്പെടുമെന്ന് പ്രതീക്ഷയുണ്ട്.

വിപണി തിരിച്ചു പിടിക്കാൻ മാരുതി എന്തൊക്കെ ചെയ്തു ?

ഇന്ത്യയിലെ കാർ വിപണിയുടെ പകുതിയിലധികം കയ്യാളുന്ന ഏറ്റവും വലിയ വാഹന നിർമാതാക്കൾ എന്ന നിലയ്ക്ക് വിപണിയെ ഉത്തേജിപ്പിക്കേണ്ടത് മാരുതിയുടെ കടമയാണ്.  ഓഫറുകൾ ഉയർത്തിയും ബാങ്കുകളുമായി ചേർന്ന് ലളിതമായ വായ്പാ വ്യവസ്ഥകൾ കൊണ്ടുവന്നും പരിധിയിലധികം വിപണി താഴാതെ കാത്തു. കൂടാതെ എക്സ്‌ എൽ 6, എസ്–പ്രസോ തുടങ്ങിയ പുതിയ വാഹനങ്ങൾ കൊണ്ടു വന്നതും വിപണിയിൽ ചലനങ്ങളുണ്ടാക്കി.

മാരുതിയിൽ നിന്ന് ഡീസൽ‌ വാഹനങ്ങൾ ഇനി ഇല്ലേ? 

ചെറു ഡീസൽ കാറുകളുടെ വിൽപന നിർത്തുകയാണെന്ന് മാരുതി പ്രഖ്യാപിച്ചിരുന്നു. ചെറു ഡീസൽ എൻജിനുകളെ ബിഎസ് 6 നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ചെലവ് വളരെ കൂടുതലാണ്. പെട്രോള്‍, ഡീസൽ കാറുകളുടെ വിലയിലെ അന്തരം രണ്ടു ലക്ഷത്തിലധികം ഉയരും. കൂടാതെ പെട്രോളിന്റെയും ഡീസലിന്റെയും വിലയിലെ അന്തരവും കുറഞ്ഞു വരുന്നു. ഇതൊക്കെ ഉപഭോക്താക്കളെ ഡീസൽ കാറുകളിൽനിന്ന് അകറ്റും എന്നാണ് കരുതുന്നത്. എന്നാൽ വിപണിയിൽ ആവശ്യം വന്നാൽ കപ്പാസിറ്റി കൂടിയ ഡീസൽ എൻജിനുള്ള വാഹനങ്ങൾ മാരുതി പുറത്തിറക്കും.

ഇലക്ട്രിക് വാഹനങ്ങൾ ജനപ്രീതി നേടുമോ ?

ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ ജനപ്രിയമാകുന്നതിനു തടസ്സങ്ങളുണ്ട്. ഒന്ന്: ദൂരപരിധി. ഒറ്റത്തവണ ചാർജ് ചെയ്താൽ എത്ര ദൂരം പോകാൻ കഴിയുമെന്ന ആശങ്കയ്ക്ക് പരിഹാരമായിട്ടില്ല. രണ്ട്: ചാർജിങ്ങിനായുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം. പാർക്കിങ് സ്ഥലം പോലും വേണ്ടത്രയില്ലാത്ത നഗരങ്ങളിൽ എവിടെ ചാർജു ചെയ്യും എന്നത് പ്രശ്നമാണ്. വിദേശങ്ങളിൽ പാർക്കിങ് സ്ഥലത്താണ് സാധാരണ ചാർജറുകളുണ്ടാവുക. മൂന്ന്: ബാറ്ററിയുടെ അമിത വില. വാഹനവിലയുടെ പകുതി ബാറ്ററിക്ക് നൽകണം. ഇതിനൊക്കെപ്പുറമെ െെവദ്യുതി ഉത്പാദനത്തിനായി കൽക്കരി വ്യാപകമായുപയോഗിക്കുന്ന ഇന്ത്യയിൽ പരിസ്ഥിതി മലിനീകരണത്തിന് ഇലക്ട്രിക് വാഹനം അന്തിമ പരിഹാരമാണോ എന്നു സംശയമുണ്ട്. വാഹനം ഒാടുന്നതിനു തുല്യമായ മലിനീകരണം െെവദ്യുതി ഉത്പാദന കേന്ദ്രങ്ങൾ ഉണ്ടാക്കും. ഈ തടസ്സങ്ങളൊക്കെ മാറാൻ ശ്രമം ആവശ്യമാണ്.

മാരുതി ഇലക്ട്രിക് കാർ എന്നു വരും?

മാരുതിയുടെ 50 ഇലക്ട്രിക് കാറുകൾ രാജ്യത്തിെൻറ പല ഭാഗങ്ങളിലായി പരീക്ഷണയോട്ടങ്ങൾ നടത്തുന്നുണ്ട്. ഇന്ത്യയിലെ സാഹചര്യങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ പ്രവർത്തനവും മറ്റു കാര്യങ്ങളും കടുത്ത പരീക്ഷണങ്ങൾക്കു വിധേയമാക്കും. അതിനു ശേഷമേ വില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാനാകൂ. എന്നാൽ ഇലക്ട്രിക് കാറുകൾക്കു വില കൂടുതലായിരിക്കും എന്നതിൽ സംശയമില്ല. വില കുറയ്ക്കാനുള്ള സംഘടിത ശ്രമങ്ങളുണ്ടാവണം.

മാരുതി സുരക്ഷിതമാണോ? 

ഹെർടെക് പ്ലാറ്റ്ഫോമിലാണ് മാരുതിയുടെ പുതിയ കാറുകള്‍ നിർമിച്ചിരിക്കുന്നത്. മേൽത്തരം ഉരുക്കിൽ നിർമിച്ച ഈ രാജ്യാന്തര പ്ലാറ്റ്ഫോമിന് ഭാരക്കുറവും കരുത്തുമുണ്ട്. വാഹനാപകടങ്ങളിൽ ഇടിയുടെ ആഘാതം കുറയ്ക്കുകയാണ് പ്ലാറ്റ്ഫോമിെൻറ പ്രത്യേകത. തകരാനായിത്തന്നെ രൂപകൽപന ചെയ്ത ക്രംബിൾ സോൺ എന്നറിയപ്പെടുന്ന ഭാഗങ്ങൾ പെട്ടെന്നു തകർന്ന് ഇടിയുടെ ആഘാതത്തിൽ നിന്ന് യാത്രക്കാരെ രക്ഷിക്കും. യാത്രാ ക്യാബിൻ സുരക്ഷിതമായിരിക്കും. ഇതിനു പുറമെ എയർ ബാഗും എ ബി എസും അധിക സുരക്ഷ നൽകയും ചെയ്യും.

English Summary: Demands For BS6 Vehicle Increasing Says Shashank Srivatsa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com