സൂപ്പർ ഹിറ്റായി ബൊലേറൊ നിയൊ, ആദ്യ മാസം നേടിയത് 5,500 ബുക്കിങ്
Mail This Article
ടിയുവി 300 എസ്യുവിയുടെ പരിഷ്കരിച്ച പതിപ്പാണു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എംആൻഡ്എം) ബൊലേറൊ നിയൊ എന്ന പേരിൽ ഏതാനും ആഴ്ച മുമ്പ് അവതരിപ്പിച്ചത്. ജൂലൈ 13ന് അരങ്ങേറ്റം കുറിച്ച ബൊലേറൊ നിയൊയ്ക്ക് ഒറ്റ മാസത്തിനകം തന്നെ 5,500 ബുക്കിങ് ലഭിച്ചെന്നാണു കമ്പനിയുടെ വെളിപ്പെടുത്തൽ.
കാഴ്ചയിൽ ‘ടി യു വി 300’ എസ്‌യുവിയുമായി കാര്യമായ വ്യത്യാസമൊന്നുമില്ലാതെയാണ് ‘ബൊലേറൊ നിയൊ’യുടെ വരവ്. ചില്ലറ വ്യത്യാസങ്ങൾ ഒഴിച്ചുനിർത്തിയാൽ ഇരുമോഡലുകളുടെയും മുൻ ഗ്രില്ലും ഹെഡ്‌ലാംപും പാർശ്വ – പിൻ ഭാഗങ്ങളുടെ ഘടനയും തമ്മിൽ കാര്യമായ മാറ്റമേയില്ല. എൽഇഡി ഡേടൈം റണ്ണിങ് ലാംപ് സഹിതമുള്ള ചതുരാകൃതിയിലുള്ള ഹെഡ്‌ലാംപാണ് ‘ബൊലേറൊ നിയൊ’യിലുള്ളത്. ക്രോം ഇൻസർട്ട് സഹിതം ആറു തട്ടുള്ള ഗ്രില്ലും വലുപ്പമേറിയ എയർ ഡാമും ഫോഗ് ലൈറ്റും 15 ഇഞ്ച് അലോയ് വീലുമൊക്കെയാണു വാഹനത്തിലുള്ളത്.
പാർശ്വത്തിലാവട്ടെ ബ്ലാക്ക് ക്ലാഡിങ് ഇടംപിടിക്കുന്നുണ്ട്. ടെയിൽഗേറ്റിൽ ഘടിപ്പിച്ച സ്പെയർവീലും ‘എക്സ്’ ആകൃതിയുള്ള കവറുമാണ് ‘ബൊലേറൊ നിയൊ’യ്ക്ക് വേറിട്ട വ്യക്തിത്വം പകരുന്നത്. ആറു നിറങ്ങളിലാണ് ‘ബൊലേറൊ നിയൊ’ വിൽപ്പനയ്ക്കുള്ളത്: നാപോളി ബ്ലാക്ക്, മജെസ്റ്റിക് സിൽവർ, ഹൈവേ റെഡ്, പേൾ വൈറ്റ്, ഡയമണ്ട് വൈറ്റ്, റോക്കി ബീജ്.
ഏഴു പേർക്കുള്ള യാത്രാസൗകര്യത്തോടെയാണ് ‘ബൊലേറൊ നിയൊ’ എത്തുന്നത്; അകത്തളത്തിനു ബ്ലാക്ക് – ബീജ് നിറക്കൂട്ടാണു മഹീന്ദ്ര തിരഞ്ഞെടുത്തിരിക്കുന്നത്. ഏഴ് ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ബ്ലൂസെൻസ് ആപ്, ക്രൂസ് കൺട്രോൾ, ഇരട്ട വർണ അപ്ഹോൾസ്ട്രി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയും ലഭ്യമാണ്. മികച്ച സുക്ഷയ്ക്കായി ഇരട്ട എയർബാഗ്, ഇ ബി എസ് സഹിതം എ ബി ഡി, റിയർ പാർക്കിങ് അസിസ്റ്റ് സൗകര്യം എന്നിവയുമുണ്ട്.
‘ബൊലേറൊ നിയൊ’യ്ക്കു കരുത്തേകുന്നത് 1.5 ലീറ്റർ, മൂന്നു സിലിണ്ടർ, എം ഹോക്ക് ഡീസൽ എൻജിനാണ്; 100 ബി എച്ച് പിയോളം കരുത്തും 260 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഭാവിയിൽ ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സഹിതവും ബൊലേറൊ നിയൊ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ.
‘ബൊലേറൊ നിയൊ’ യുടെ മുന്തിയ വകഭേദമായ ‘എൻ 10 (ഒ)’ ആവും ഓട്ടമാറ്റിക് ഗീയർബോക്സോടെ വിൽപ്പനയ്ക്കെത്തുക എന്നാണു സൂചന.
English Summary: Mahindra Bolero Neo garners 5,500+ bookings since launch in India