52 വർഷം കഴിഞ്ഞിട്ടും "ഫിറ്റ്", മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ ഈ ടാറ്റ 1210 ലോറി
Mail This Article
റോഡിലെ രാജാവ് ആരാണെന്ന ചോദ്യത്തിന് മലയാളികൾക്ക് ഒറ്റ ഉത്തരമേയുള്ളു. അത് ടാറ്റ ലോറികളാണ് പവർ സ്റ്റിയറിങ്ങും, എയർബ്രേക്കും, ടർബോ എൻജിനുമെല്ലാം വരുന്ന കാലത്തിനും മുൻപേ ടാറ്റയുടെ ലോറികൾ കേരളത്തിന്റെ റോഡുകളിലെ നിറസാന്നിധ്യമായിരുന്നു. ടാറ്റ ലോറി എന്ന് പറയുമ്പോൾ പലരുടെയും മനസ്സിലേക്ക് ആദ്യമെത്തുന്നത് എസ്ഇ ലോറികളായിരിക്കും. എന്നാൽ എസ്ഇ ലോറികൾക്കും മുൻപ് നമ്മുടെ നിരത്തുകളിലുണ്ടായിരുന്ന മോഡലായിരുന്നു ടാറ്റാ 1210 എൻജിനുമായി ഇറങ്ങിയ 1210 ലോറികൾ. റോഡിലിറങ്ങി 52 വർഷങ്ങൾക്കിപ്പുറവും ഓട്ടം മതിയാക്കാത്ത ഒരു 1210ഡി ലോറി കോതമംഗലം സ്വദേശി അഷ്റഫിന്റെ ഉടമസ്ഥതയിലുണ്ട്. ചരക്ക് കയറ്റിയുളള ഓട്ടം അവസാനിക്കുമ്പോഴും മലയാള സിനിമയിലുള്ള ഓട്ടമാണ് ഇപ്പോൾ ഈ ലോറിക്കുള്ളത്.
96ൽ കോതമംഗലത്തേക്ക്
ഈ 1971 മോഡലിനെ അഷ്റഫ് സ്വന്തമാക്കുന്നത് 25 വർഷങ്ങൾക്ക് മുൻപാണ്. അന്ന് കൂപ്പിലെ ഓട്ടങ്ങളും മണലിന്റെ ഓട്ടങ്ങൾക്കുമായിട്ടാണ് വണ്ടി വാങ്ങുന്നത്. പിന്നീട് കെട്ടിടനിർമാണ ഓട്ടങ്ങളും ഹൈറേഞ്ചിലേക്ക് ചാണകവുമായും ഓടി തുടങ്ങി. കാലം മാറിയപ്പോൾ ടിപ്പറുകളും മറ്റു പുതിയ മോഡൽ ലോറികളുമെല്ലാം വന്നതോടെ ആവശ്യക്കാരും കുറഞ്ഞു തുടങ്ങി. "വലിയ വണ്ടികൾ വന്നതോടെ ഈ പഴഞ്ചൻ വണ്ടിയെ ആരു ഓട്ടം വിളിക്കാറില്ല" എന്ന പരാതിയും അഷ്റഫിനുണ്ടെങ്കിലും എന്നും കൃത്യമായി കോതമംഗലം സ്റ്റാൻഡിലെത്തുന്ന കാര്യത്തിൽ ഒരു മുടക്കവുമില്ല.
ആദ്യ ചിത്രം മമ്മൂട്ടിക്കൊപ്പം
ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യചിത്രം അത് മമ്മൂട്ടിക്കൊപ്പമായിരുന്നു 1989 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മഹായാനത്തിൽ ഈ ലോറി ഉണ്ടെന്ന് പറയുന്നുവെങ്കിലും അഷ്റഫിന്റെ കയ്യിൽ കിട്ടിയ ശേഷം വെള്ളിത്തിരയിലെത്തിയത് മറ്റൊരു മമ്മൂട്ടിചിത്രം താപ്പാനയിലൂടെയായിരുന്നു. 2020ന് ശേഷമിറങ്ങിയ കുറുപ്പ്, കടുവ, മേപ്പടിയാൻ, ആടുജീവിതം, കാറ്റ് ഇടി മഴ തുടങ്ങിയ മലയാള ചിത്രങ്ങളിലെല്ലാം ഈ 71 മോഡൽ 1210 ഡി മുഖം കാണിച്ചിട്ടുണ്ട്. കൂടാതെ ഏഷ്യൻ പെയിന്റിന്റെ പരസ്യ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നതും ഈ മൂക്കൻ ലോറിതന്നെ.
നാട്ടുകാരുടെ ബെൻസ് ലോറി
ടാറ്റാ പുറത്തിറക്കിയ മോഡൽ ആണെങ്കിലും പഴയ ആളുകൾ ഇപ്പോഴും വിളിക്കുന്നത് ബെൻസ് ലോറി എന്നാണ്. 1969 വരെ ടാറ്റയും ബെൻസും ചേർന്നായിരുന്നു ഈ മോഡൽ നിർമ്മിച്ചിരുന്നത്. പിന്നീട് നിർമ്മാണം ഒറ്റയ്ക്കായപ്പോൾ ബെൻസിന്റെ ലോഗോ മാറ്റി ടാറ്റയുടെ ലോഗോ സ്ഥാപിച്ചു. എന്നാൽ വാഹനത്തിന്റെ ഷേപ്പിൽ വലിയ മാറ്റങ്ങളൊന്നുമില്ലാത്തതിനാൽ ഇപ്പോഴും സാധാരണക്കാരുടെ ഇടയിൽ അറിയപ്പെടുന്ന പേര് ബെൻസ് ലോറി എന്ന് തന്നെയാണ്. വാഹനത്തിന്റെ എൻജിൻ ഇരിക്കുന്നത് ക്യാബിനു മുൻപിലേയ്ക്കാണ് ബോണറ്റ് മുൻപോട്ട് തള്ളിയിരിക്കുന്നതിനാൽ മൂക്കൻ ലോറി എന്നൊരു വിളിപ്പേരും നമ്മുടെ ഈ 12–10 നുണ്ട്. എസ്ഇ ലോറികളെ താരതമ്യപ്പെടുത്തിയാൽ ഒരുപാട് വത്യാസങ്ങൾ ഈ ലോറിയിൽ നമുക്ക് കാണാൻ കഴിയും. വലിപ്പത്തിൽ എസ്ഇ യെക്കാൾ അൽപ്പം ചെറുതാണ് അത്കൊണ്ട് വലിയ ലോറികൾ പോകാത്ത വഴികളിലൂടെ ഈവാഹനം കടന്നുപോകും. പ്രധാന ആകർഷണമായ ഡബിൾ ഗ്ലാസ്സ്, 12–10 എല്ലാ മോഡലുകളിലും വന്നിരുന്നില്ല 1210ഡി യിലാണ് കൂടുതലായി ഡബിൾ ഗ്ലാസ്സ് വന്നിരുന്നത്. വാഹനത്തിന്റെ വലിപ്പത്തിനനുസരിച്ചുള്ള ചെറിയ ക്യാബിനാണ്. ചെറിയ ഉരുണ്ട ഷേപ്പുള്ള ക്യാബിൻ ആയതിനാൽ മുട്ട ക്യാബിൻ എന്നും ആളുകൾ പറയാറുണ്ട്.
എത് കയറ്റവും കയറുന്ന 4 വീൽ ഡ്രൈവ്
ടാറ്റയുടെ ഡയറക്റ്റ് ഇൻജക്ഷന്‍ വരുന്ന (1210 ഡി) 6 സിലിണ്ടർ 5 ലീറ്റർ എൻജിനാണ് ഈ വാഹനത്തിലുള്ളത് 110 എച്ച്പി പവറും വരുന്നുണ്ട്. 1969 വരെ ബെൻസ് ആയിരുന്നു ഈ എൻജിൻ നിർമ്മിച്ചിരുന്നത്. മറ്റു ലോറികളിൽ അപൂർവ്വമായി കാണാറുള്ള 4 വീൽ ഡ്രൈവും ഈ വാഹനത്തിനുണ്ട്. ഒരുപാട് ലോഡുമായി പോകുന്ന സമയങ്ങളിൽ വലിയ കയറ്റങ്ങളിലും മറ്റും 4വീൽ ഡ്രൈവിലേയ്ക്ക് ഷിഫ്റ്റ് ചെയ്താൽ കൂടുതൽ വലിവ് കിട്ടും അങ്ങനെ ഏത് കയറ്റവും അനായാസമായി കയറാൻ കഴിയും. അതിനായി എക്സ്ട്രാ ഒരു ഗിയറും ഹൗസിങ്ങുമുണ്ട്. 52 വർഷങ്ങൾ കഴിഞ്ഞെങ്കിലും എൻജിനിൽ മോഡിഫിക്കേഷന്‍ ഒന്നു ചെയ്തിട്ടില്ല. പവർ സ്റ്റിയറിങ്ങ് ആക്കിയിട്ടുണ്ട്. ലൈറ്റുകൾ എല്ലാം എൽഇഡി ലാംപുകളാക്കി ജിപിഎസ്സും ഘടിപ്പിച്ചിട്ടുണ്ട്. ഇത്രയു പഴക്കമുള്ള വാഹനം ടെസ്റ്റ് ചെയ്ത് കിട്ടുമാ എന്നത് ഈ വണ്ടിയെപ്പറ്റി കേൾക്കുന്നവരുടെയെല്ലാം ഉള്ളിൽ തോന്നുന്ന സംശയമാണ്. എന്നാൽ എല്ലാവിധ ഫിറ്റ്നസ്സ് ടെസ്റ്റും ഈ ലോറി പാസായിട്ടുണ്ട്. 2022 ഡിസംബറിലായിരുന്നു അവസാനം ഫിറ്റ്നസ് ടെസ്റ്റ് ചെയ്തത്. എല്ലാ ആറ് മാസം കൂടുമ്പോഴും പൊല്യൂഷൻടെസ്റ്റും ചെയ്യുന്നുണ്ട്. ഇനി സർക്കാരിന്റെ പുതിയ പൊളിക്കൽ നിയമങ്ങളിൽപ്പെട്ട് പൊളിക്കേണ്ടി വന്നാലും ഈ വാഹനം പൊളിക്കില്ല എന്നാണ് അഷ്റഫ് പറയുന്നത്. "ഇനിയിപ്പോ ഇത് പൊളിക്കാൻ പറഞ്ഞാലും ഞാൻ പൊളിക്കില്ല കഴുകി വൃത്തിയാക്കി പെയിന്റടിച്ച് വീടിന്റെ മുറ്റത്ത് ഒരു മൂലയ്ക്ക് കൊണ്ടുപോയി ഇടും"
English Summary: Fifty Two Year Old Tata 1210 Lorry Using In Cinemas