ADVERTISEMENT

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മാരുതി സുസുക്കി ജിംനിയെ പുറത്തിറക്കുന്നത്. അഞ്ച് ഡോർ പതിപ്പായി എത്തുന്ന ജിംനി ഓഫ് റോഡിലെ പ്രകടനം എങ്ങനെ? ഡെറാഡൂണിലെ മാൽദേവത ഓഫ് റോഡ് ട്രാക്കിൽ ജിംനിയുടെ കഴിവുകൾ പരീക്ഷിച്ച പ്രൊഫഷണൽ ഓഫ് റോഡ് ഡ്രൈവർ സാം കുര്യനോട് ചോദിച്ചറിയാം...

maruti-suzuki-jimny-test-drive-10

എന്തുകൊണ്ട് ജിംനി?

ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യമായതിൽ വച്ച് ഏറ്റവും മികച്ച ഓഫ്റോഡ് കഴിവുകളുള്ള വാഹനമാണ് ജിംനി. മാരുതി ഒരുക്കിയ ആറു ട്രാക്കുകളിൽ ജിംനിയുടെ ഓഫ് റോഡ് കഴിവുകൾ പരീക്ഷിക്കാൻ സാധിച്ചു. ചെറിയ രൂപമാണ് ജിംനിയുടെ അനുകൂല ഘടകം. ചെറിയ വഴികളിലൂടെയും എസ്റ്റേറ്റ് റോഡുകളിലൂടെയുമെല്ലാം ജിംനിക്ക് അനായാസം സഞ്ചരിക്കാനാകും. മറ്റ് ഓഫ് റോഡ് വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അപ്രോച്ച് ആംഗിളും ഡിപ്പാർച്ചർ ആംഗിളും മികച്ചതാണ്. കൂടാതെ ലിമിറ്റഡ് സ്ലിപ് ഡിഫ്രെൻഷ്യലുമുള്ളത് ജിംനിയെ കൂടുതൽ ഓഫ് റോഡ് ശേഷിയുള്ള വാഹനമാക്കി മാറ്റുന്നു.

maruti-suzuki-jimny-test-drive-3

മാൽദേവതയിലെ ട്രാക്കിലൂടെ അത്യാവശ്യം വേഗത്തിൽ വാഹനം ഓടിച്ചിരുന്നു. സ്റ്റിയറിങ്ങിന് നല്ല റെസ്പോൺസും കൺട്രോളുമുണ്ട്. ആ ടെറൈനിൽ സസ്പെൻഷെനും മികച്ചു നിന്നു. ഓഫ് റോഡിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതികളിലൊന്നാണ് വാട്ടർ വെയ്ഡിങ്. സ്റ്റോക്ക് വണ്ടിയിൽ 310 എംഎം എന്ന വാട്ടർ വെയ്‍ഡിങ് കപ്പാസിറ്റി നല്ലതാണ്. ഒരു സ്നോർക്കലും കൂടി അധികമായി ഘടിപ്പിച്ചാൽ വാട്ടർവെയ്‍ഡിങ് കപ്പാസിറ്റി ഇനിയും ഉയർത്താനാകും.

maruti-suzuki-jimny-test-drive-3

ബോൺ വിത്ത് 4x4

ജിംനിയോട് കിടപിടിക്കുന്ന ഓഫ് റോഡ് ശേഷിയുള്ള വാഹനങ്ങളുണ്ടെങ്കിലും അവയൊന്നും 4x4 ആയി ജനിച്ചതാണെന്ന് തോന്നിയിട്ടില്ല. എന്നാൽ ജിംനി ഓടിച്ചപ്പോൾ നാലു വീൽ ഡ്രൈവുമായി പിറന്നു വീണ വാഹനമാണ് എന്നാണ് തോന്നിയത്. വളരെ അനായാസമാണ് ഓരോ പ്രതിബന്ധങ്ങളും ജിംനി തരണം ചെയ്യുന്നത്. ലാഡർ ഫ്രെയിം ഷാസി ജിംനിയുടെ ഓഫ് റോഡ് ശേഷി വർധിപ്പിക്കുന്നു. സോളിഡ് റിയർ, ഫ്രണ്ട് ആക്സിൽ, ഹിൽ സ്റ്റാർട്ട്, ഹിൽ ഡിസന്റ്, ഇഎസ്പി, ഇലക്ട്രോണിക് ബ്രേക് ഡിഫ്രൻഷ്യൽ എന്നിവ ജിംനിയെ കൂടുതൽ മികവുള്ള വാഹനമാക്കുന്നു.

jimny-gypsy

ജിപ്സിയുമായി താരതമ്യം ചെയ്യുമ്പോള്‍

ഇരുവാഹനങ്ങളും ലാഡർ ഓൺ ഫ്രെയിം ഷാസിയാണ്, എന്നാൽ ജിംനിയിലേത് കുറച്ചുകൂടി മികവു പുലർത്തുന്നു. ഓഫ്റോഡിലും ഓൺറോഡിലും ജിംനിക്ക് മികവുണ്ട്. യാത്ര സുഖമില്ലാതിരുന്നത് ജിപ്സിയുടെ പ്രശ്നമായിരുന്നു. ജിംനിയിൽ ആ പ്രശ്നമില്ല. കൂടാതെ രാജ്യാന്തര വിപണിയിലെ ജിംനിയെക്കാൾ വലുപ്പം കൂട്ടിയത് ഓഫ്റോഡ് മികവ് വർധിപ്പിച്ചിട്ടുണ്ട്.

maruti-suzuki-jimny-test-drive-15

ബുക്ക് ചെയ്തത് മാനുവൽ, പക്ഷേ തീരുമാനം മാറ്റി

ജിംനി ഇന്ത്യയിലേക്ക് എത്തുന്നു എന്ന് അറിഞ്ഞത് മുതൽ ആകാംക്ഷയായിരുന്നു. ബുക്കിങ് ആരംഭിച്ചപ്പോൾ മാനുവൽ മോഡൽ ബുക്ക് ചെയ്തു. എക്ട്രീം ഓഫ് റോഡിനോട് താൽപര്യമുള്ളവർക്ക് മാനുവലായിരിക്കും കൂടുതൽ ഇഷ്ടപ്പെടുക എന്ന അഭിപ്രായങ്ങൾ കേട്ടിട്ടായിരുന്നു മാനുവൽ ബുക്ക് ചെയ്തത്. എന്നാൽ ഓടിച്ചു കഴിഞ്ഞപ്പോൾ ആ തീരുമാനം മാറ്റി. മാനുവലിനൊടൊപ്പം അല്ലെങ്കിൽ അൽപം കൂടുതൽ പ്രകടനം ഓട്ടമാറ്റിക് പതിപ്പ് കാഴ്ചവയ്ക്കുന്നുണ്ട്.

ടയർ സൈസ്, സീറ്റ്

ടയറിന്റെ ചെറിയ സൈസ് ഉയർത്തിയിരുന്നുവെങ്കിൽ നന്നായിരുന്നേനെ.195/80 R 15 സ്റ്റോക് ടയറുകളിൽ തന്നെ ജിംനിയുടെ ഓഫ് റോഡ് പ്രകടനം എടുത്തു പറയേണ്ടതാണ്. അൽപം കൂടി വലുപ്പം കൂടിയ 225 ടയറുകൾ ഘടപ്പിച്ചാൽ അദ്ഭുതങ്ങൾ കാണിക്കും ഈ എസ്‍യുവി. സീറ്റിന്റെ ഉയരം കൂട്ടുന്ന ഫീച്ചറുകൂടിയുണ്ടെങ്കിൽ നന്നായേനേ.

maruti-suzuki-jimny-test-drive-7

ആക്സസറീസ്

മാരുതി സുസുക്കി നിലവിൽ ആക്സസറീസ് നൽകുന്നുണ്ട്. എന്നാൽ ഓഫ് റോഡിന് ഇണങ്ങും വിധമുള്ള ആക്സസറീസും നൽകിയാൽ എംവിഡിയെ പേടിക്കാതെ വാഹനത്തിൽ അൽപം മോഡിഫിക്കേഷൻ നടത്താം. ഫോഴ്സ് ഗൂർഖയെപ്പോലെ ഫാക്ടറി ഫിറ്റഡ് സ്നോർക്കലും അൽപം ഹാർഡായ കാരിയറുമെല്ലാം ജിംനിയെ കൂടുതൽ സ്റ്റൈലൻ വാഹനമാക്കി മാറ്റും.

English Summary: Sam Kurian Kalarickal About Suzuki Jimny Off Road Capabilities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com