കഴിഞ്ഞ മാസം ഏറ്റവും അധികം വിറ്റ 10 എസ്യുവികൾ ഏതെല്ലാം?
Mail This Article
ഇന്ത്യന്‍ കാര്‍ വിപണിയില്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന വിഭാഗം ഏതെന്ന ചോദ്യത്തിന് ഉത്തരമാണ് എസ് യു വികള്‍. ജൂണ്‍ മാസത്തിലെ വില്‍പനയുടെ കണക്കുകള്‍ പുറത്തു വന്നപ്പോഴും എസ് യു വി പ്രഭാവം തുടരുകയാണ്. കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വിറ്റ എസ് യു വിയായ ടാറ്റ പഞ്ച് തന്നെയാണ് ഇന്ത്യയില്‍ കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വിറ്റ കാര്‍ എന്നത് ഇന്ത്യക്കാരുടെ എസ്‌യുവി പ്രേമത്തിന്റെ തെളിവാണ്.
ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ വില്‍പന നേടിയ പത്ത് എസ് യു വികളെ അറിയാം.
ടാറ്റ പഞ്ച്
കഴിഞ്ഞ മാസം 18,238 ടാറ്റ പഞ്ചുകളാണ് ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. എസ്‌യുവി സെഗ്‍മെന്റിൽ മാത്രമല്ല ജനപ്രിയ ഹാച്ച്ബാക്ക്, സെഡാന്‍ വിഭാഗങ്ങളിലും പഞ്ച് തന്നെ മുന്നില്‍, പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് വകഭേദങ്ങളില്‍ പഞ്ച് ലഭ്യമാണ്. പഞ്ച് ഇവിയും വില്‍പനയില്‍ വേഗം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ 10990 പഞ്ചുകളാണ് വിറ്റത്, വർധനവ് 66 ശതമാനം. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 18949 യൂണിറ്റുമായി വിൽപനയിൽ നാലു ശതമാനം കുറവാണ് പഞ്ച് രേഖപ്പെടുത്തിയത്.
ക്രേറ്റ
ഹ്യുണ്ടേയ്‌യുടെ ചെറു എസ്‍യുവി ക്രേറ്റയാണ് രണ്ടാം സ്ഥാനത്തുള്ളത്. ജൂണിൽ മാത്രം ക്രേറ്റയുടെ 16,293 യൂണിറ്റുകള്‍ ഹ്യുണ്ടേയ് വിറ്റു. കഴിഞ്ഞ മാസം 14,662 ക്രേറ്റകളാണ് ഹ്യുണ്ടേയ് വിറ്റത്. പ്രതിമാസ വില്‍പന വളര്‍ച്ച 11.12 ശതമാനം. കഴിഞ്ഞ വർഷം ജൂണിൽ 14447 യൂണിറ്റുകളാണ് വിറ്റത്.
ബ്രെസ
മാരുതിയുടെ കോംപാക്റ്റ് എസ്‍യുവി ബ്രെസയാണ് മൂന്നാം സ്ഥാനത്ത്. 13,172 യൂണിറ്റുകളാണ് ജൂൺ മാസത്തെ വിൽപന. കഴിഞ്ഞ വര്‍ഷം ജൂണില്‍ 10,578 ബ്രസകളാണ് വിറ്റിരുന്നത്. ഇതുവെച്ചു നോക്കുമ്പോള്‍ 24.52% എന്ന മികച്ച വാര്‍ഷിക വില്‍പന വളര്‍ച്ച നേടാനും ബ്രസക്കായി. എന്നാൽ കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് 7 ശതമാനം വിൽപന കുറവാണ്. 14186 യൂണിറ്റാണ് 2023 ജൂണിലെ വിൽപന.
സ്‌കോര്‍പിയോ
നാലാം സ്ഥാനത്ത് മഹീന്ദ്ര സ്‌കോര്‍പിയോയാണ്. ജൂണില്‍ 12,307 യൂണിറ്റ് സ്‌കോര്‍പിയോ മഹീന്ദ്ര വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ 8,648 മാത്രമായിരുന്നു സ്‌കോര്‍പിയോയുടെ വില്‍പന. സ്‌കോര്‍പിയോ ക്ലാസിക്, സ്‌കോര്‍പിയോ എന്‍ എന്നിങ്ങനെ രണ്ട് വകഭദങ്ങളിലാണ് സ്‌കോര്‍പിയോ എത്തുന്നത്.
നെക്സോൺ
അഞ്ചാം സ്ഥാനത്തുള്ള നെക്‌സോണിന്റെ 12,066 യൂണിറ്റുകളാണ് ടാറ്റക്ക് വില്‍ക്കാനായത്. കഴിഞ്ഞ ജൂണില്‍ 13,827 നെക്‌സോണുകള്‍ ടാറ്റ വിറ്റിരുന്നു. കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് 13 ശതമാനം വിൽപന കുറവാണ് ഈ വർഷം. കഴിഞ്ഞ മാസത്തെ വിൽപന 11457 യൂണിറ്റായിരുന്നു.
വെന്യു
ജൂണിലെ വില്‍പനയുടെ കണക്കുകളില്‍ തൊട്ടു പിന്നാലെയുണ്ട് ഹ്യുണ്ടേയ് വെന്യു. 9,890 വെന്യുകളാണ് ഹ്യുണ്ടേയ് വിറ്റത്. കഴിഞ്ഞ വർഷം ജൂണിൽ ഇത് 11606 യൂണിറ്റായിരുന്നു. കഴിഞ്ഞ മാസത്തെ വെന്യുവിന്റെ വിൽപന 9327 യൂണിറ്റാണ്.
സോണറ്റ്
കിയയുടെ ചെറു എസ്‍യുവി സോണറ്റിന്റെ കഴിഞ്ഞ മാസത്തെ വിൽപന 9,816 യൂണിറ്റാണ്. എസ്‌യുവികളുടെ വിൽപന കണക്കിൽ ഏഴാം സ്ഥാനത്താണ് സോണറ്റ്. കഴിഞ്ഞ വർഷം ജൂണിൽ 7722 യൂണിറ്റാണ് വിൽപന. കഴിഞ്ഞ മെയ് മാസത്തെ വിൽപന 7433 യൂണിറ്റും
ഫ്രോങ്‌സ്, ഗ്രാന്‍ഡ് വിറ്റാര, എക്‌സ് യു വി 700
എട്ടാംസ്ഥാനവും ഒമ്പതാം സ്ഥാനവും മാരുതി സുസുക്കിയുടെ ഫ്രോങ്‌സും ഗ്രാന്‍ഡ് വിറ്റാരയും കൊണ്ടുപോയി. 9,688 യൂണിറ്റുകളാണ് മാരുതി സുസുക്കി ഫ്രോങ്‌സ് ജൂണില്‍ വിറ്റത്. ഗ്രാന്‍ഡ് വിറ്റാരയാവട്ടെ 9,679 യൂണിറ്റുകളുമായി തൊട്ടു പിന്നിലുണ്ട്. ജൂണിലെ വില്‍പനയുടെ പട്ടികയിലെ പത്താം സ്ഥാനം മഹീന്ദ്രയുടെ എക്‌സ് യു വി 700നാണ്. 8,500 എക്‌സ് യു വി700 യൂണിറ്റുകള്‍ വില്‍ക്കാന്‍ മഹീന്ദ്രക്കായി.
അതിവേഗം മാറ്റങ്ങള്‍ക്ക് സാക്ഷിയാവുന്ന ഇന്ത്യന്‍ എസ് യു വി വിപണിയിലെ പടക്കുതിരയായി മാറിയിട്ടുണ്ട് ടാറ്റ പഞ്ച്. ആദ്യ പത്തില്‍ ഇടം നേടിയ മഹീന്ദ്ര എക്‌സ് യു വി 700 അടക്കമുള്ള മോഡലുകളും വരും മാസങ്ങളില്‍ മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.