നെമോ മെറ്റ്ലർ യൂറോവിഷന്‍ ജേതാവ്
Mail This Article
സ്റ്റോക്ക്ഹോം ∙ സ്വീഡനിലെ മാൽമോയിൽ നടന്ന യൂറോവിഷൻ ഗാനമത്സരത്തിന്‍റെ 68-ാം പതിപ്പിൽ നെമോ മെറ്റ്ലർ (24) വിജയം നേടി. "ദ കോഡ്" എന്ന ഗാനത്തിലൂടെയാണ് നെമോ ഈ നേട്ടം കൈവരിച്ചത്. ഈ ഗാനം അവരുടെ നോൺ-ബൈനറി ഐഡന്‍റിറ്റിയെ കേന്ദ്രീകരിച്ചുള്ളതാണ്. യൂറോവിഷനിലെ ആദ്യത്തെ നോൺ-ബൈനറി വിജയിയാണ്. കഴിഞ്ഞ നവംബറിൽ ഇൻസ്റ്റഗ്രാമിലൂടെ ലിംഗഭേദം ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
സ്വിറ്റ്സർലൻഡിന്‍റെ വടക്കുപടിഞ്ഞാറൻ പ്രദേശത്തെ ബീലില്‍ (ഫ്രഞ്ച് ബിയന്നില്‍) നഗരത്തിൽ നിന്നുള്ളയാളാണ് നെമോ. സ്വിറ്റ്സർലൻഡിന്‍റെ ആൽപ്‌സ് മേഖലയിലെ വാച്ച് നിർമാണ വ്യവസായത്തിന്‍റെ കേന്ദ്രവുമാണ് ഈ നഗരം. നിലവിൽ ബർലിനിൽ താമസിക്കുന്ന നെമോയെ സ്വന്തം നഗരത്തിൽ ഔദ്യോഗിക പൊതു സ്വീകരണം നടത്താൻ പദ്ധതിയുണ്ട്.
യൂറോവിഷൻ വിജയത്തിന് ശേഷം നെമോയ്ക്ക് സ്വിറ്റ്സർലൻഡിൽ വീരോചിത സ്വീകരണമാണ് ലഭിച്ചത്. നൂറുകണക്കിന് ആരാധകർ സൂറിക്ക് എയർപോർട്ടിൽ പതാകകളും ബാനറുകളും വീശി നെമോയെ ആവേശത്തോടെ സ്വീകരിച്ചു. 37 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിൽ ഫൈനലിൽ നെതർലൻഡസ് അയോഗ്യരായി. ക്രൊയേഷ്യ രണ്ടാം സ്ഥാനവും യുക്രെയ്ൻ മൂന്നാം സ്ഥാനവും നേടി. ഫ്രാൻസ്, ഇസ്രയേൽ, അയർലൻഡ്, ഇറ്റലി, അർമേനിയ, സ്വീഡൻ, പോർച്ചുഗൽ, ഗ്രീസ്, ജർമനി, ലുക്സംബർഗ്, ലിത്വാനിയ, സൈപ്രസ് എന്നീ രാജ്യങ്ങൾ 4 മുതൽ 15 വരെ സ്ഥാനങ്ങൾ നേടി. മത്സര സമയത്ത് 1972 ലെ യൂറോവിഷൻ വിജയികളായ സ്വീഡിഷ് സംഗീത ഗ്രൂപ്പായ അബ്ബയുടെ പ്രകടനവും ഉണ്ടായിരുന്നു. ഏകദേശം 400 ദശലക്ഷം റെക്കോർഡുകൾ വിറ്റഴിച്ച അബ്ബ സംഗീത ചരിത്രത്തിലെ ഏറ്റവും വിജയകരമായ ബാൻഡുകളിലൊന്നാണ്.