സഹൃദയയുടെ അഖില യുകെ വടംവലി മത്സരത്തിൽ കീരീടം ഉയർത്തി സ്റ്റോക് ലയൺസ് എ ടീം
Mail This Article
യുകെയിലെ വടംവലി പ്രേമികളുടെ ആവേശം വാനോളമെത്തിച്ച് സഹൃദയ വെസ്റ്റ് കെന്റ് കേരളൈറ്റ്സ് സംഘടിപ്പിച്ച ഓൾ യുകെ വടംവലി മത്സരത്തിന് ആവേശകരമായ സമാപനം. രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സഹൃദയ സെക്രട്ടറി ഷിനോ ടി. പോൾ സ്വാഗതം ആശംസിച്ചു, പ്രസിഡന്റ് ആൽബർട്ട് ജോർജ് ഫ്ലാഗ് ഓഫ് ചെയ്ത പോരാട്ടത്തിൽ വിശിഷ്ടാതിഥികളായി ആഷ്ഫോർഡിൽ നിന്നു തിരഞ്ഞെടുത്ത ബ്രിട്ടണിലെ ആദ്യ മലയാളി എം. പി സോജൻ ജോസഫ്, പുതുപ്പള്ളി എംഎൽഎ അഡ്വക്കേറ്റ് ചാണ്ടി ഉമ്മൻ, യുകെയിലെ സെലിബ്രേറ്റി ഷെഫ് ജോമോൻ കുറിയാക്കോസ്, ഫ്രാൻസിസ് മാത്യു തുടങ്ങിയവർ പങ്കെടുത്തു. മത്സരത്തിൽ സ്റ്റോക് ലയൺസ് എ ടീം കീരീടം ഉയർത്തിയപ്പോൾ വൂസ്റ്റർ തെമ്മാടിസ് റണ്ണർപ്പായി.
നിലവിലെ ചാമ്പ്യൻമാരായിരുന്ന ടൺ ബ്രിഡജ് വെൽസ് ടസ്കേഴ്സിനെ സെമി ഫൈനൽ പോരാട്ടത്തിൽ മലർത്തിയടിച്ചാണ് വൂസ്റ്റർ തെമ്മാടീസ് ഫൈനലിൽ എത്തിയത്. ഹെറിഫോർഡ് അച്ചായൻസിനെ തോൽപ്പിച്ചാണ് സ്റ്റോക്ക് ലയണസ് എ ടീം ഫൈനൽ പോരാട്ടത്തിന് അങ്കം കുറിച്ചത്. യുകെയിൽ നിന്ന് പതിനെട്ടു ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. സഹൃദയ ചെണ്ടമേളം ടീമിന്റെ ഫ്യൂഷൻ ചെണ്ടമേളം, വനിതകളുടെ ഫ്യൂഷൻ ഡാൻസ് തുടങ്ങിയവ മത്സര ഇടവേളകളിലുണ്ടായിരുന്നു.
2024 ലെ സഹൃദയയുടെ അഖില യുകെ വടം വലി ചാമ്പ്യൻസ് ട്രോഫിയും ക്യാഷ് പ്രൈസ് 1107 പൗണ്ടും സ്റ്റോക്ക് ലയൺസ് എ ടീം കരസ്ഥമാക്കിയപ്പോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ വൂസ്റ്റർ തെമ്മാടീസ് 607 പൗണ്ടും മൂന്നാം സ്ഥാനത്തെത്തിയ ഹെറിഫോർഡ് അച്ചായൻസ് 307 പൗണ്ടും നേടി. ടൺ ബ്രിഡ്ജ് വെൽസ് ടസ്കേയ്സ് നാലാം സ്ഥാനത്തും (207 പൗണ്ട്), ടീം പുണ്യാളൻസ് അഞ്ചാമതും, കൊമ്പൻസ് കാന്റെബറി ആറാമതും, സാലിസ്ബറി എ ടീം എഴാമതും, ലിവർപൂൾ ടീം എട്ടാം സ്ഥാനവും നേടി. ബിജോ പാറശ്ശേരിൽ, സെബാസ്റ്റ്യൻ എബ്രഹം, ജോഷി സിറിയക്ക് എന്നിവരാരയിരുന്നു മത്സരത്തിന്റെ റഫറിമാർ.