യുകെയിൽ തന്നെ താമസവും ജോലിയും; ഇന്ത്യ യങ് പ്രൊഫഷനൽസ് ബാലറ്റിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു
Mail This Article
ലണ്ടൻ ∙ ഇന്ത്യക്കാർക്ക് യുകെയിൽ ജീവിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ഇന്ത്യ യങ് പ്രൊഫഷനൽസ് സ്കീം വീസ അപേക്ഷ ആരംഭിച്ചു. വീസ അപേക്ഷക്കുന്നതിനായ്, യുകെ സർക്കാർ ബാലറ്റ് സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യ യങ് പ്രൊഫഷനൽസ് സ്കീം വീസ ലഭിക്കുന്ന 18 നും 30 നും ഇടയിൽ പ്രായമുള്ള ഇന്ത്യക്കാർക്ക് യുകെയിൽ 2 വർഷം വരെ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കുന്നു.
യോഗ്യരായ ഉദ്യോഗാർഥികൾക്ക് gov.uk വെബ്സൈറ്റിൽ അപേക്ഷിക്കാം. ഈ വീസയ്ക്കായി എല്ലാ അപേക്ഷകരും ബാലറ്റിൽ പ്രവേശിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 18, 2024 ഉച്ചയ്ക്ക് 1:30 വരെയാണ്.
അപേക്ഷകൻ 18 നും 30 നും ഇടയിൽ പ്രായമുള്ള ഒരു ഇന്ത്യൻ പൗരനായിരിക്കണം. യുകെയിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതിയിൽ അപേക്ഷകന് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. അപേക്ഷകന് ബാച്ചിലേഴ്സ് ഡിഗ്രി തലത്തിലോ അതിനു മുകളിലോ ഉള്ള വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം.
യുകെയിൽ ജീവിക്കാനായ് അപേക്ഷകന് 2,530 യുകെ പൗണ്ട് സേവിങ്സായ് ഉണ്ടായിരിക്കണം. വീസയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ് അപേക്ഷകർ ഇന്ത്യ യങ് പ്രൊഫഷനൽസ് സ്കീം ബാലറ്റിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കണം. ഈ സ്കീമിലോ അല്ലെങ്കിൽ യൂത്ത് മൊബിലിറ്റി സ്കീമിന് കീഴിലോ ഇതിനകം യുകെയിൽ ഉള്ളവർക്ക് അപേക്ഷിക്കാൻ വീസക്ക് അർഹതയില്ല.
ബാലറ്റിൽ തിരഞ്ഞെടുക്കപ്പെടുന്നതിനായ് പേര്, ജനനത്തീയതി, പാസ്പോർട്ട് വിശദാംശങ്ങൾ, പാസ്‌പോർട്ടിന്റെ സ്കാൻ ചെയ്ത ഫോട്ടോ, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ നൽകണം. ബാലറ്റ് അപേക്ഷകൾ അവസാനിച്ചതിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ തിരഞ്ഞെടുക്കപ്പെട്ടവരെ അറിയിക്കുന്നു. ബാലറ്റിൽ പ്രവേശിക്കുന്നതിന് ഫീസ് ഇല്ലെങ്കിലും വീസയ്ക്ക് അപേക്ഷിക്കുന്നതിനായ് 298 പൗണ്ട് നൽകണം. അപേക്ഷകർ അവരുടെ വീസ അപേക്ഷകൾ സമർപ്പിക്കുകയും ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് ഉൾപ്പെടെയുള്ള ഫീസ് അടയ്ക്കുകയും ഇമെയിൽ ലഭിച്ച തീയതി മുതൽ 90 ദിവസത്തിനുള്ളിൽ ബയോമെട്രിക്സ് നൽകണം.