ബഹിരാകാശ ടൂറിസത്തിനൊരുങ്ങി യുഎഇ; കുറഞ്ഞ ബജറ്റിൽ കൂടുതൽ സമയം ബഹിരാകാശ കാഴ്ചകൾ കാണാം
Mail This Article
ദുബായ് ∙ ബഹിരാകാശ വിനോദ സഞ്ചാരത്തിലേക്ക് ചുവടുറപ്പിക്കാൻ യുഎഇ. ബഹിരാകാശ സഞ്ചാരികളെയും വഹിച്ചുകൊണ്ടുള്ള സ്പെയ്സ് ഫ്ലൈറ്റുകൾ അടുത്ത വർഷം അബുദാബിയിൽ നിന്നു പറന്നുയരും. 6 ലക്ഷം ദിർഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
യൂറോപ്യൻ ബഹിരാകാശ കമ്പനിയായ ഇഒഎസ് എക്സ് സ്പെയ്സ് ആണ് സ്പെയ്സ് ഫ്ലൈറ്റ് കമ്പനി. അടുത്ത വർഷം അബുദാബിയിൽ നിന്നും സ്പെയിനിൽ നിന്നുമാണ് ബഹിരാകാശ വിനോദ സഞ്ചാരികളുമായി പേടകങ്ങൾ യാത്ര തിരിക്കുകയെന്ന് ഇഒഎസ് എക്സ് സ്പെയ്സ് സിഇഒ കെമെൽ കർബാച്ചി പറഞ്ഞു.
യാത്രാസമയം 5 മണിക്കൂർ
സൈനിക പൈലറ്റുമാരുടെ സഹായത്തോടെ ബഹിരാകാശ പേടകത്തിന്റെ പരീക്ഷണം നടക്കുകയാണ്. 8 ക്യാപ്സ്യൂളുകൾ അടങ്ങുന്നതാണ് പേടകം. ഹീലിയം ബലൂണിന്റെ സഹായത്തോടെയാണ് പേടകം അന്തരീക്ഷത്തിലേക്ക് ഉയർത്തുക. 5 മണിക്കൂർ നീളുന്ന വിനോദ സഞ്ചാരത്തിൽ 40000 മീറ്റർ (40 കിലോമീറ്റർ) ഉയരത്തിൽ സഞ്ചാരികളെ എത്തിക്കും. ഇവിടെ നിന്ന് ബഹിരാകാശത്തിന്റെയും ഭൂമിയുടെയും വ്യത്യസ്ത കാഴ്ചകൾ സഞ്ചാരികൾക്ക് ആസ്വദിക്കാം. സഞ്ചാരികളെ സംബന്ധിച്ച് ദീർഘമായ മുന്നൊരുക്ക പരിശീലനം വേണ്ടി വരില്ല. ഒരാഴ്ച നീളുന്ന പരിശീലന പരിപാടി മാത്രമാണ് ആവശ്യമായി വരിക.
യാത്രാ പാക്കേജ്
തിരഞ്ഞെടുക്കുന്ന പാക്കേജ് അനുസരിച്ച് 6 ലക്ഷം ദിർഹം, 8 ലക്ഷം ദിർഹം എന്നിങ്ങനെയാണ് യാത്രാ ചെലവ്. റോക്കറ്റുകളുടെ സഹായത്തോടെ ബഹിരാകാശ യാത്രയ്ക്കു പോകുമ്പോൾ ദശലക്ഷ കണക്കിനു ഡോളറാണ് ചെലവ്. വളരെ കുറച്ചു സമയം മാത്രമാണ് ബഹിരാകാശത്ത് സഞ്ചാരികൾക്ക് ലഭിക്കുക.
എന്നാൽ, ഇഒഎസ് എക്സിന്റെ വിനോദസഞ്ചാര പദ്ധതി കുറഞ്ഞ ബജറ്റിൽ കൂടുതൽ നേരം ബഹിരാകാശ കാഴ്ചകൾ സമ്മാനിക്കും. കഠിന പരിശീലനമോ ശാരീരിക ക്ഷമതയോ ഇതിന് ആവശ്യമില്ലെന്നും സിഇഒ പറഞ്ഞു. അബുദാബിയിൽ യാസ് ഐലൻഡ് ആയിരിക്കും ബഹിരാകാശയാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലം.