കൊളോണ്‍ കേരള സമാജത്തിന്‍റെ തിരുവോണ മഹോത്സവം ഓഗസ്റ്റ് 31 ന്
Mail This Article
കൊളോണ്‍ ∙ ജർമനിയിൽ കൊളോണ്‍ കേരള സമാജം ഓണാഘോഷം സംഘടിപ്പിക്കുന്നു. ഇത്തവണ പ്രവാസി രണ്ടാം തലമുറയെയും ജര്‍മന്‍ സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് ഓണാഘോഷം സംഘടിപ്പിക്കുന്നത്. കൊളോണ്‍, വെസ്ലിങ് സെന്‍റ് ഗെര്‍മാനൂസ് ദേവാലയ ഓഡിറ്റോറിയത്തില്‍ (ബോണര്‍ സ്ട്രാസെ 1, 50389,) ഓഗസ്റ്റ് 31ന് (ശനി) വൈകുന്നേരം 4.30 ന് (പ്രവേശനം നാലു മുതല്‍) പരിപാടികള്‍ ആരംഭിക്കും.
തിരുവാതിരകളി, മാവേലിമന്നന് വരവേല്‍പ്പ്, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ ശാസ്ത്രീയ നൃത്തങ്ങള്‍, നാടോടി നൃത്തങ്ങള്‍, സിനിമാറ്റിക് ഡാന്‍സ്, സംഘനൃത്തങ്ങള്‍, ചെണ്ടമേളം, പുലികളി തുടങ്ങിയ കേരളത്തിന്‍റെ തനതായ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്നതോടൊപ്പം, സ്വാദേറുന്ന പായസവും ഉള്‍പ്പടെ വിഭവസമൃദ്ധമായ ഓണസദ്യയും, തംബോലയും ഉണ്ടായിരിക്കും.
ജര്‍മനിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ട്രാവല്‍ ഏജന്‍സിയായ ലോട്ടസ് ട്രാവല്‍സ് വുപ്പര്‍ട്ടാല്‍ നല്‍കുന്ന 250 യൂറോയുടെ യാത്രാ കൂപ്പണ്‍ ആണ് ഒന്നാം സമ്മാനം. കൂടാതെ തംബോലയില്‍ വിജയികളാകുന്നവര്‍ക്ക് ആകര്‍ഷകങ്ങളായ 7 സമ്മാനങ്ങളും നല്‍കുന്നുണ്ട്. ഒരു യൂറോയാണ് തംബോലയുടെ ടിക്കറ്റ് വില.
വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷം ജര്‍മനിയിലെ മലയാളി യുവജന ഗ്രൂപ്പിന്‍റെ അടിപൊളി ഗാനമേളയും തംബോലയുടെ നറുക്കെടുപ്പും ഉണ്ടായിരിക്കും. തിരുവോണാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ചീട്ടുകളി മല്‍സരത്തിലെ വിജയികള്‍ക്കുള്ള ട്രോഫിയും, വടംവലി മല്‍സരത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങളും, കൂടാതെ സമാജത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ അടുക്കളതോട്ട മല്‍സരത്തിലെ വിജയികള്‍ക്കുള്ള കര്‍ഷകശ്രീ പുരസ്ക്കാരവും വിതരണം ചെയ്യും.
വടംവലി മല്‍സരത്തില്‍ വിജയികളായ പുരുഷ, വനിതാ ടീമുകള്‍ക്കുള്ള സമ്മാനം സ്പോണ്‍സണ്‍ ചെയ്തിരിക്കുന്നത് ബോണിലെ യുഎന്‍ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഡിപ്ലോമാറ്റ് കൂടിയായ സോമരാജന്‍ പിളളയാണ്.
കൊളോണ്‍ മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയ കൊളോണ്‍ കേരള സമാജത്തിന്‍റെ ചീട്ടുകളി മല്‍സരത്തില്‍ 12 ടീമുകളാണ് ഏറ്റുമുട്ടിയത്. എല്ലാ ടീമുകളും പരസ്പരം മല്‍സരിച്ച് ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടിയ ടീമാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്.
ഇത്തവണ രാജ്യാന്തര തലത്തിലാണ് മല്‍സരങ്ങള്‍ സംഘടിപ്പിച്ചത്. ജര്‍മനിയെ കൂടാതെ ബെല്‍ജിയം ഹോളണ്ട് എന്നിവിടങ്ങളില്‍ നിന്നും കളിക്കാര്‍ എത്തിയിരുന്നു. ചീട്ടുകളി മല്‍സരത്തില്‍ ഒന്നാം സ്ഥാന നേടിയത് ഡേവിഡ് അരീക്കല്‍, എല്‍സി വടക്കുംചേരി, ഡേവീസ് വടക്കുംചേരി എന്നിവരടങ്ങിയ കൊളോണ്‍ പെഷ് ടീമാണ്. രണ്ടാം സ്ഥാനം സാബു കോയിക്കേരില്‍, ഡെന്നി കരിമ്പില്‍, സന്തോഷ് കോയിക്കേരില്‍ എന്നിവരടങ്ങിയ ഹാപ്പി ടീമും, മൂന്നാം സ്ഥാനം സണ്ണി ഇളപ്പുങ്കല്‍, ഔസേപ്പച്ചന്‍ കിഴക്കേത്തോട്ടം, ജോസ് നെടുങ്ങാട് എന്നിവരുടെ കൊളോണിയ ടീമുമാണ്.
ജര്‍മനിയില്‍ പുതുതായി എത്തിയ മലയാളികളില്‍ ഒളിഞ്ഞിരിക്കുന്ന, നിറഞ്ഞു നില്‍ക്കുന്ന സര്‍ഗ്ഗവൈഭവം അരങ്ങില്‍ കലാരൂപമായി പിറവിയെടുക്കുമ്പോള്‍ തിരുവോണ ഉല്‍സവത്തിന്‍റെ മാധുര്യം അലയൊലികളായി അനുഭവവേദ്യമാക്കുന്ന മഹോല്‍സവത്തിലേക്ക് ഏവരേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു. തിരുവോണ ആഘോഷദിവസമായ ശനിയാഴ്ചയുടെ സായാഹ്നത്തില്‍ സാധിക്കുന്ന എല്ലാവരും കേരളീയ വേഷമണിഞ്ഞ് ആഘോഷത്തില്‍ പങ്കുചേരുവാന്‍ കേരള സമാജം സ്നേഹപൂര്‍വം ക്ഷണിയ്ക്കുന്നു.
വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യവും ഹാളിന്‍റെ പരിസരത്ത് ഉണ്ടായിരിക്കും. ജോസ് പുതുശേരി (പ്രസിഡന്‍റ്), ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി),ഷീബ കല്ലറയ്ക്കല്‍ (ട്രഷറര്‍),പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്‍റ്),ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ബിന്‍റോ പുന്നൂസ്,(സ്പോര്‍ട്സ് സെക്രട്ടറി), ടോമി തടത്തില്‍(ജോ.സെക്രട്ടറി) എന്നിവരാണ് സമാജത്തിന്‍റെ ഭാരവാഹികള്‍.
വിവരങ്ങള്‍ക്ക്: ഹോട്ട്ലൈന്‍ - 0176 56434579, 0173 2609098, 0177 4600227. വെബ്സൈറ്റ്: http://www.keralasamajamkoeln.de