ഒഐസിസി യുകെയുടെ നാഷനൽ കമ്മിറ്റി സെപ്റ്റംബർ 1 ന് അധികാരമേൽക്കും
Mail This Article
ലണ്ടൻ ∙ ഒഐസിസി (യുകെ)യുടെ പുതിയ നാഷനൽ കമ്മിറ്റി സെപ്റ്റംബർ 1 ന് ചുമതലയേൽക്കും. ലണ്ടനിലെ ക്രോയ്ഡനിൽ വച്ചു സംഘടിപ്പിക്കുന്ന സമ്മേളനം എ ഐ സി സി സെക്രട്ടറി പെരുമാൾ വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും.
ക്രോയ്ഡൻ സെന്റ് ജൂഡ് വിത്ത് സെന്റ് എയ്ഡൻ ഹാളിൽ ഞായറാഴ്ച വൈകിട്ട് 6 മണി മുതലാണ് സമ്മേളനം. ചടങ്ങിൽ വെച്ചു ഒ ഐ സി സി (യുകെ)യുടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേൽക്കും. യുകെയിലെ വിവിധ റീജിയണൽ കമ്മിറ്റികളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമായി നിരവധി പ്രവർത്തകർ നാഷണൽ കമ്മിറ്റിക്ക് അനുമോദനങ്ങളും അഭിവാദ്യങ്ങളും അർപ്പിക്കുവാൻ ചടങ്ങിൽ അണിചേരും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനുമായി ഒ ഐ സി സി (യുകെ) സറെ റീജൻ പ്രസിഡന്റ് വിൽസൻ ജോർജിനെ പ്രോഗ്രാം കൺവീനറായി തിരഞ്ഞെടുത്തിട്ടുണ്ട്.
പ്രവാസി മലയാളികൾക്കിടയിലെ കരുത്തുറ്റ സംഘടനകളിൽ ഒന്നായ ഒഐസിസിയുടെ യുകെയിലെ പ്രവർത്തനങ്ങൾ രാജ്യത്തുടനീളം വ്യാപിപ്പിക്കുക, സംഘടനയിൽ വനിതകൾ/ യുവാക്കൾ എന്നിവർക്ക് മതിയായ പ്രാധാന്യം നൽകി നേതൃനിരയിലേക്ക് ഉയർത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കെ പി സി സി ഷൈനു ക്ലെയർ മാത്യൂസിനെ അധ്യക്ഷ സ്ഥാനം നൽകിക്കൊണ്ട് ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി പുനസംഘടിപ്പിച്ചത്. പ്രസിഡന്റ്, 5 വർക്കിങ് പ്രസിഡന്റുമാർ, 5 വൈസ് പ്രസിഡന്റുമാർ, 4 ജനറൽ സെക്രട്ടറിമാർ, 15 ജോയിന്റ് സെക്രട്ടറിമാർ, ട്രഷറർ, ഔദ്യോഗിക വക്താവ്, 4 അംഗ ഉപദേശക കമ്മിറ്റി, 10 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി, 4 യുവജന പ്രതിനിധികൾ എന്നിവർ ഉൾപ്പടെ 49 ഭാരവാഹികളെയാണ് ഓഗസ്റ്റ് 16 - ന് കെ പി സി സി പ്രഖ്യാപിച്ചത്.
സംഘടനയുടെ വാർത്താകുറിപ്പുകൾ പുറത്തിറക്കുന്നതിനും പ്രവർത്തനങ്ങൾ / സമ്മേളനങ്ങൾ സംബന്ധമായ വാർത്തകൾ, സംഘടനയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ തുടങ്ങിയവ ഔദ്യോഗികമായി അറിയിക്കുന്നതിനുമായി രണ്ട് അംഗ മീഡിയ സെല്ലും രൂപീകരിച്ചിട്ടുണ്ട്.
യുകെയിലുടനീളം ഒ ഐ സി സിയുടെ സംഘടന സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ റീജൻ കമ്മിറ്റികളുടെ രൂപീകരണം, സമൂഹത്തിലെ നാനാ മേഖലകളിൽ നിന്നുള്ളവരെ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുന്നതിന് ഉതകുന്ന കർമ്മ പദ്ധതികളുടെ ആസൂത്രണം, സ്ത്രീകൾ / യുവജങ്ങൾ / ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്ക് മുൻഗണന നല്കുന്ന പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾക്ക് സംഘടന പ്രഥമ പരിഗണന നൽകുമെന്നും കൂട്ടായ പ്രവർത്തനങ്ങൾക്ക് എല്ലാ ഭാരവാഹികളുടേയും ഒറ്റക്കെട്ടായ പിന്തുണ അഭ്യർത്ഥിക്കുന്നതായും പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു.
സമ്മേളന വേദിയുടെ വിലാസം:
St. Jude with St. Aiden Hall
Thornton Heath
CR7 6BA