വിന്‍റർ ഫ്യൂവൽ പേയ്മെന്‍റ് നിർത്തലാക്കി ലേബർ സർക്കാർ; പെൻഷൻകാർക്ക് കനത്ത പ്രഹരം
Mail This Article
ലണ്ടൻ∙ രാജ്യത്തെ പെൻഷൻകാർക്കെല്ലാം ആശ്വാസമായിരുന്ന വിന്‍റർ പേയമെന്‍റ് നിർത്തലാക്കുന്ന കടുത്ത തീരുമാനം നടപ്പിലാക്കാൻ നിയമം പാസാക്കി ലേബർ സർക്കാർ. നിലവിൽ 11.4 (114 കോടി) മില്യൻ ആളുകൾക്ക് ലഭിച്ചിരുന്ന വിന്‍റർ ഫ്യൂവൽ പേയ്മെന്‍റ് കേവലം 1.5 മില്യൻ (പതിനഞ്ച് ലക്ഷം) ആളുകൾക്ക് മാത്രമായി ചുരുക്കുന്ന ജനവിരുദ്ധ തീരുമാനത്തിനാണ് ബ്രിട്ടനിലെ ലേബർ സർക്കാർ ഇന്നലെ പാർലമെന്‍റിന്‍റെ അനുമതി തേടിയത്. 120 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ സർക്കാർ നിയമം പാസാക്കിയെങ്കിലും 53 ഭരണപക്ഷ എംപിമാർ വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിന്ന് ഈ തീരുമാനത്തിനെതിരേ പ്രതിഷേധം അറിയിച്ചു. 348 പേർ സർക്കാർ പ്രയേമത്തെ അനുകൂലിച്ചപ്പോൾ 228 പേരാണ് രാജ്യത്തെ വൃദ്ധജനങ്ങളെയാകെ ദുരിതത്തിലാക്കുന്ന തീരുമാനത്തെ തുറന്ന് എതിർത്തത്. ഹൗസ് ഓഫ് കോമൺസിലെ ഭൂരിപക്ഷത്തിന്‍റെ പിൻബലത്തിൽ നിയമം പാസാക്കാനായെങ്കിലും പ്രമേയത്തെ അനുകൂലിച്ച പലരും മനസില്ലാ മനസോടെയാണ് വോട്ടുചെയ്തത്.
തണുപ്പുതാലത്തെ അതിജീവിക്കാൻ നവംബർ -ഡിസംബർ മാസങ്ങളിൽ പെൻഷൻകാർക്ക് നൽകി വന്നിരുന്ന പ്രത്യേക തുകയാണ് വിന്‍റർ പേയ്മെന്‍റ്. ഓരോരുത്തരുടെയും പ്രായവും സാമ്പത്തിക സാഹചര്യവും പരിഗണിച്ച് 200 പൗണ്ട് മുതൽ 300 പൗണ്ട് വരെയുള്ള തുകയാണ് ഇത്തരത്തിൽ ഒറ്റത്തവവണ പേയ്മെന്‍റായി ലഭിച്ചിരുന്നത്. 66 വയസ്സ് പൂർത്തിയായ എല്ലാവർക്കും ലഭിച്ചിരുന്ന ഈ തുക ഇനിമുതൽ പെൻഷൻ ക്രെഡിറ്റിന് അർഹരായ കുറഞ്ഞ വരുമാനക്കാർക്ക് മാത്രമാകും ലഭിക്കുക.
ഏപ്രിൽ മാസം മുതൽ ഉണ്ടാകാൻ പോകുന്ന നാലു ശതമാുനം പെൻഷൻ വർധനയിലുടെ ഇതുമൂലം ആളുകൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാകുമെന്നാണ് പ്രധാനമന്ത്രി സർ കിയേർ സ്റ്റാമെറുടെ വിചിത്രമായ ന്യായീകരണം. സ്റ്റേറ്റ് പെൻഷനിൽ ഉണ്ടാകാൻ പോകുന്ന 460 പൗണ്ടിന്‍റെ വർധനയുടെ പേരിൽ നിലവിൽ ലഭിച്ചിരുന്ന 300 പൌണ്ട് ആനുകൂല്യം നിഷേധിക്കുന്നതിനെ ന്യായീകരിക്കുകയാണ് പ്രധാനമന്ത്രി ഇന്നലെ പാർലമന്‍റിൽ ചെയ്തത്.
പുതിയ നിയമം നടപ്പാക്കുന്നതിലൂടെ 1.4 ബില്യൻ പൗണ്ടാണ് സർക്കാർ ഓരോ വർഷവും ലാഭിക്കുന്നത്. കാബിനറ്റ് മിനിസ്റ്റർ ഹില്ലാരി ബെൻ, മുതിർന്ന എംപി ഡയാൻ അബോട്ട് എന്നിവരുൾപ്പെയുള്ള 53 ലേബർ എംപിമാണ് പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്യാൻ മനസില്ലാതെ വിട്ടുനിന്നത്. ആഷ്ഫോർഡിൽനിന്നുള്ള മലയാളി എംപി സോജൻ ജോസഫ് പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു. പിന്നീട് പ്രമേയത്തെ അനുകൂലിക്കാനുണ്ടായ സാഹചര്യം വിശദീകരിച്ചുകൊണ്ട് സോജൻ ഉൾപ്പെടെ നിരവധി ലേബർ എംപിമാരാണ് വോട്ടർമാർക്കായി വാർത്താക്കുറിപ്പ് ഇറക്കിയത്.
തണുപ്പുകാലത്ത് ചൂടുള്ള ഭക്ഷണത്തിനും വീട് ചൂടാക്കി സൂക്ഷിക്കാനും പല പെൻഷർകാർക്കും സാധിച്ചിരുന്നത് വിന്‍റർ പേയ്മെന്‍റിന്‍റെ പിൻബലത്തിലായിരുന്നു. ഇതാണ് പുതിയ തീരുമാനത്തോടെ ഇല്ലാതാകുന്നത്.