ലഹരികടത്ത്: ഖത്തറിൽ 12 സ്ത്രീകൾ ഉൾപ്പെടെ നൂറോളം ഇന്ത്യക്കാർ തടവിൽ; വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യം
Mail This Article
ദോഹ∙ ലഹരി കടത്തു കേസിൽ അകപ്പെട്ട് ഖത്തറിലെ ജയിലുകളിൽ നൂറുകണക്കിന് ഇന്ത്യക്കാർ കഴിയുന്നതായി ഇന്ത്യൻ അംബാസിഡർ വിപുൽ പറഞ്ഞു. ഇതിൽ പന്ത്രണ്ടോളം പേർ സ്ത്രീകളാണ്. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ഐ. സി. ബി. എഫ് സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി വസ്തുക്കൾ കടത്തുന്ന ഏജന്‍റുമാരുടെ വലയിൽ പെട്ട് അറിയാതെ കുറ്റകൃത്യത്തിൽ ഉൾപ്പെടുന്നവരും, അടുത്ത ബന്ധുക്കളിൽ നിന്ന് ലഭിച്ച പാർസലുകളിൽ ലഹരി വസ്തുക്കൾ കണ്ടെത്തി അറസ്റ്റിലാകുന്നവരുമാണ് ഇതിൽ പലരും. ഖത്തറിൽ ലഹരി കടത്തിന് വധശിക്ഷ വരെ ലഭിക്കും. നാടുകടത്തലും പിഴുമെല്ലാം ലഹരികടത്തിന് ഖത്തറിൽ നൽകുന്ന ശിക്ഷയാണ്. അതിനാൽ, ഇത്തരം കേസുകളിൽ ഉൾപ്പെടുന്നത് ജീവിതം തന്നെ നശിപ്പിക്കും.
ഖത്തറിൽ മരുന്നുകൾ കൊണ്ടുവരുന്നതിന് കർശന നിയന്ത്രണങ്ങളുണ്ട്. ഡോക്ടറുടെ കുറിപ്പോടെ മാത്രമേ മരുന്നുകൾ കൊണ്ടുവരാൻ പാടുള്ളൂ. ഒരു മാസത്തേക്കുള്ള മരുന്നുകൾക്ക് നാട്ടിലെ ഡോക്ടറുടെ കുറിപ്പും, അതിലധികമുള്ളതിന് ഖത്തറിലെ ഡോക്ടറുടെ കുറിപ്പും ആവശ്യമാണ്. ജയിലിൽ ഉള്ളവരിൽ ചിലർ ഇത്തരം നിരോധിത മരുന്നുകൾ രാജ്യത്തേക്ക് കടത്തിയതിന്റെ പേരിൽ അറസ്റ്റിലായവരാണ്. ഏതൊക്കെ മരുന്നുകളാണ് രാജ്യത്തേക്ക് കൊണ്ടുവരാൻ പാടില്ലാത്തത് എന്ന് ഖത്തർ ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിൽ ഉണ്ട്.
സാധാരണ ഉപയോഗത്തിനുള്ള മരുന്നുകൾ പരമാവധി മൂന്നുമാസത്തേക്ക് മാത്രമേ ഖത്തറിലേക്ക് കൊണ്ടുവരാൻ അനുവദിക്കുകയുള്ളൂ. ഒരാൾക്ക് അദ്ദേഹത്തിന് ആവശ്യമുള്ള മരുന്നുകൾ മാത്രമേ കൊണ്ടുവരാൻ അനുവദിക്കൂ. ഒരു യാത്രക്കാരനും മറ്റുള്ളവർക്കുള്ള മരുന്നുകൾ കൊണ്ടുവരാൻ നിയമം അനുവദിക്കുന്നില്ല.
ലഹരി വസ്തുക്കളും മറ്റു നിരോധിത വസ്തുക്കളും ഖത്തറിലേക്ക് കടത്തുന്നതിനെതിരെ ശക്തമായ ബോധവൽക്കരണം പ്രവാസി സമൂഹത്തിൽ ഉണ്ടാവണമെന്നും അംബാസഡർ വിപുൽ ആവശ്യപ്പെട്ടു. വിവിധ പ്രവാസി സംഘടനകളും സ്ഥാപനങ്ങളും ഇതിനു മുൻകൈയെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
പരിപാടിയിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഈഷ് സിംഗാൾ, ഐ സി ബി എഫ് പ്രസിഡന്‍റ് ഷാനവാസ് ബാവ, അഡ്വക്കേറ്റ് സക്കരിയ കൊടുവള്ളി എന്നിവർ സംസാരിച്ചു. സിബിഎസ് ജനറൽ സെക്രട്ടറി ബോബൻ വർക്കി സ്വാഗതം വൈസ് പ്രസിഡന്‍റ് ദീപ ഷെട്ടി നന്ദിയും പറഞ്ഞു. ഐസിസി പ്രസിഡന്‍റ് എപി മണികണ്ഠൻ, ഐഎസ് സി പ്രസിഡന്‍റ് ഇ പി അബ്ദുറഹ്മാൻ, അപ്പക്സ് ബോഡി മാനേജ് കമ്മിറ്റി അംഗങ്ങൾ, മുൻ ഭാരവാഹികൾ, വിവിധ സംഘടന പ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.