അയർലൻഡ് നഴ്സിങ് ബോര്‍ഡ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മലയാളിയും
Mail This Article
കോർക്ക്∙ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലൻഡ് (എൻ.എം.ബി.ഐ) തിരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റിൽ മലയാളി വനിത മത്സരിക്കുന്നു. കോര്‍ക്ക് യൂണിവേഴ്സിറ്റി മെറ്റേര്‍ണിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ജാനറ്റ് ബേബി ജോസഫാണ് മത്സരിക്കുന്നത്. നിലവിൽ കോര്‍ക്ക് ഇന്ത്യന്‍ നേഴ്സസ് അസോസിയേഷൻ പ്രസിഡന്‍റും ഐഎൻഎംഒ എച്ച്എസ്ഇ കോര്‍ക്ക് ബ്രാഞ്ച് എക്സിക്യുട്ടീവ് മെമ്പറുമാണ്.
നഴ്സിങ് വിദ്യാർഥികൾക്ക് ആവശ്യമായ പരിശീലനം നൽകുന്നതിൽ നിന്ന് മുതൽ, അയർലൻഡിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിൽ വരെ ജാനറ്റ് സജീവമായി ഇടപെടുന്നു.അയർലൻഡിലെ നഴ്സിങ് റജിസ്ട്രേഷനായി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തുന്ന വിദ്യാർഥികൾക്ക് ആവശ്യമായ പരിശീലനം നൽകുന്നതിൽ ജാനറ്റ് മുൻനിരയിലാണ്. ഐആർപി കാർഡ് സംബന്ധിച്ച തടസങ്ങൾ നീക്കുന്നതിനായി നടന്ന സമരങ്ങളിലും ജാനറ്റ് സജീവമായി പങ്കെടുത്തു. മാതാപിതാക്കളുടെ വീസ ദീർഘിപ്പിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിനായി കോർക്കിൽ പ്രവർത്തിക്കുന്നതും ജാനറ്റാണ്.
കോഴിക്കോട് നിന്നും നഴ്സിങ്ങിൽ ബിരുദവും, ബെംഗളൂരു സെന്‍റ് ജോണ്‍സില്‍ നിന്നും എംഎസ് സിയും പൂർത്തിയാക്കി 2016 ലാണ് ജാനറ്റ് അയര്‍ലൻഡില്‍ എത്തിയത്. നേരത്തെ കണ്ണൂർ കൊയ്‌ലി ഹോസ്പിറ്റലിൽ ജോലി ചെയ്തിട്ടുണ്ട്.
സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് എൻ.എം.ബി.ഐ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്ത് എൻ.എം.ബി.ഐ-ക്ക് കീഴില്‍ റജിസ്റ്റര്‍ ചെയ്ത എല്ലാ നഴ്‌സുമാര്‍ക്കും, മിഡ് വൈഫുമാര്‍ക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. വോട്ടിങ്ങ് സംബന്ധിച്ച വിവരങ്ങള്‍ എൻ.എം.ബി.ഐ വരും ദിവസങ്ങളില്‍ നഴ്സുമാരെ അറിയിക്കും
വാര്‍ത്ത : ബിജോയി പുല്ലുകാലായില്‍