ലണ്ടനിലും ദീപാവലി തരംഗം; കൊട്ടിക്കലാശം ട്രഫാൾഗർ സ്ക്വയറിൽ, നാട്യവിസ്മയമൊരുക്കാൻ 200 നർത്തകിമാർ
Mail This Article
ലണ്ടൻ∙ ഇംഗ്ലണ്ടിലെ ദീപാവലി ആഘോഷങ്ങളുടെ കൊട്ടിക്കലാശം ലണ്ടനിലെ ട്രഫാൾഗർ സ്ക്വയറിൽ. 27ന് വൈകിട്ടാണ് നൃത്ത-സംഗീതോൽസവങ്ങളുടെ വർണപ്പൂരം. ആഘോഷത്തിന് മാറ്റുകൂട്ടാൻ നാട്യവിസ്മയം ഒരുക്കുന്നത് 200 ഇന്ത്യൻ നർത്തകിമാരാണ്. ഭജനയും കീർത്തനങ്ങളും തിയറ്റർ ഷോയുമടക്കം നിരവധി പരിപാടികളാണ് ആഘോഷത്തോടനുബന്ധിച്ച് ഒരുക്കുന്നത്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള ഭക്ഷ്യോൽപന്നങ്ങളുടെ സ്റ്റാളുകളും ആഘോത്തിന്‍റെ ഭാഗമാകും.
ലണ്ടനിലെയും ഇംഗ്ലണ്ടിന്‍റെ മറ്റു ഭാഗങ്ങളിലെയും ഇന്ത്യക്കാർക്ക് ഒത്തുചേർന്ന് ആഘോഷിക്കാനുള്ള സുവർണാവസരമാണ് നന്മയുടെയും വെളിച്ചത്തിന്‍റെയും ഈ ഉത്സവമെന്ന് മേയർ സാദിഖ് ഖാൻ പറഞ്ഞു. എല്ലാ രാജ്യങ്ങളിലുമുള്ള ഇന്ത്യൻ സമൂഹങ്ങളുടെ സാന്നിധ്യം ദീപാവലിയെ ലോകത്തിന്‍റെ ആഘോഷമാക്കി മാറ്റിക്കഴിഞ്ഞു. ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ വസതിയായ പത്താം നമ്പർ ഡൗണിങ് സ്ട്രീറ്റിലും അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലും ദീപാവലി ആഘോഷം പതിവായിക്കഴിഞ്ഞു.
ഋഷി സുനക് പ്രധാനമന്ത്രിയായിരുന്ന രണ്ടുവർഷക്കാലവും ഡൗണിങ് സ്ട്രീറ്റിലെ വസതിക്കു പുറത്ത് മൺചിരാതുകൾ തെളിയിച്ചാണ് അദ്ദേഹം ദീപാവലി ആഘോഷിച്ചത്. ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന ഈസ്റ്റ് ലണ്ടനിലും ലണ്ടനിലെ സൗത്താൾ, ക്രോയിഡൺ എന്നിവിടങ്ങളിലും ലെസ്റ്റർ, ബർമിങ്ങാം, സ്റ്റോക്ക് ഓൺ ട്രെൻഡ്, ബ്രിസ്റ്റോൾ തുങ്ങിയ നഗരങ്ങളിലും ദീപാവലി പൊടിപൊടിക്കും.
ഈമാസം 31നാണ് ദീപീവലി ദിവസമെങ്കിലും 26,27, എന്നീ വാരാന്ത്യങ്ങളിലാകും ബ്രിട്ടനിൽ ആഘോഷം പൊടിപൊടിക്കുക.