ADVERTISEMENT

ലിങ്കൺഷെയർ ∙ പനിയെ തുടർന്ന് ചികിത്സയിലിരിക്കെ യുകെയിൽ അന്തരിച്ച മലയാളി ദമ്പതികളുടെ മകൾ  അഥീനയുടെ സംസ്കാരം കേരളത്തിൽ നടത്തും. സംസ്കാരത്തിനായി നാട്ടിൽ എത്തിക്കും മുൻപ് പൊതുദർശനം നടത്താൻ ഒരുങ്ങുകയാണ്‌ യുകെയിലെ പ്രിയപ്പെട്ടവര്‍. 

 21 ന് പീറ്റർബറോയ്ക്ക് സമീപമുള്ള സ്പാൾഡിങിലെ സെന്‍റ് നോര്‍ബെറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് പൊതുദർശനം നടക്കുക. ഉച്ചയ്ക്ക് 12 നാണ് ശുശ്രൂഷകള്‍ ആരംഭിക്കുന്നത്. അഥീനയെ അവസാനമായി കാണുവാനും പൂക്കള്‍ അര്‍പ്പിക്കുവാനും ആഗ്രഹിക്കുന്നവര്‍ക്ക് ദേവാലയത്തിലേക്ക് എത്താവുന്നതാണെന്ന് സ്പാൾഡിങിലെ മലയാളി കൂട്ടായ്മ പ്രവർത്തകർ അറിയിച്ചു. സംസ്കാരം പിന്നീട് കുറുപ്പുംപടി സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും.

പെരുമ്പാവൂർ സ്വദേശികളായ ജിനോ ജോർജിന്‍റെയും അനിതയുടെയും മകളാണ്‌ അഥീന. പനിയെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയായിരുന്നു 10 മാസം മാത്രം പ്രായമുള്ള അഥീന. പനിയും ശ്വാസതടസവും മൂലമാണ്‌ ആദ്യം പീറ്റർബറോ എൻഎച്ച്എസ് ആശുപത്രിയിൽ ജിപി റഫറൻസിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിജ് ആഡംബ്രൂക്ക് എൻഎച്ച്എസ് ആശുപത്രിയിൽ മരണത്തിന് രണ്ട് ദിവസം മുൻപ് പ്രവേശിപ്പിച്ചു. അവിടെ വെന്‍റ‌ിലേറ്ററിൽ ചികിത്സയിൽ തുടരവേയാണ് നവംബർ 9 ന് പുലർച്ചെ 4 മണിയോടെ അഥീന മരിച്ചത്. 

പെരുമ്പാവൂർ ഐമുറി മാവിൻ ചുവട് പാറപ്പുറം കുടുംബാംഗമാണ് അഥീനയുടെ പിതാവ് ജിനോ ജോർജ്. രണ്ട് വർഷം മുൻപാണ് ജിനോയും കുടുംബവും യുകെയിൽ എത്തിയത്. ഡിസംബർ 28 ന് ഒന്നാം പിറന്നാൾ ആഘോഷിക്കാനിരിക്കെ ആണ് അഥീനയുടെ അപ്രതീക്ഷിത വേർപാട്.

English Summary:

Public viewing of Athena, who passed away in the UK, will be held on the 21st in Spalding. The cremation will take place in Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com