ഒമാനില്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ മഴ
Mail This Article
മസ്‌കത്ത്∙ ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ മഴ ലഭിച്ചു. ശനിയാഴ്ച വരെ മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അല്‍ ഖൈര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ന്യൂനമര്‍ദമാണു മഴയ്ക്ക് കാരണം.
ഇബ്രി, ശിനാസ്, റുസ്താഖ്, ആമിറാത്ത്, ഖാബൂറ, ഹംറ, ബൗശര്‍, സഹം, സുഹാര്‍, വാദി ഹുസ്തന്‍, വാദി സവാദീ തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്തു. ഗ്രാമപ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചു.
വിവിധ ഗവര്‍ണറേറ്റുകളില്‍ രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചയോടെ ശക്തമായ ഇടിമിന്നലോടെ മഴ പെയ്തു. അതേസമയം, മഴയും മഴക്കാറും കനത്ത കാറ്റുമായി നിറഞ്ഞു നിന്ന സ്ഥലങ്ങളില്‍ അന്തരീക്ഷത്തില്‍ തണുപ്പും വര്‍ധിച്ചുവരികയാണ്.
വിവിധ ഗവര്‍ണറേറ്റുകളില്‍ പെയ്ത കനത്ത മഴയില്‍ റോഡുകളില്‍ വെളളം കയറി പല സ്ഥലങ്ങളിലും ഗതാഗത തടസം അനുഭവപ്പെട്ടു. വാദികള്‍ നിറഞ്ഞൊഴുകുകയും ചെയ്തു.
യുഎഇയിൽ നേരിയ മഴ
ദുബായ് ∙ യുഎഇയുടെ വിവിധ മേഖലകളിൽ നേരിയ തോതിൽ മഴ. ജബൽഅലി, അൽ ഐനിലെ അൽ ഫഖ, ഷർജ മദാം എന്നിവിടങ്ങളിൽ ഇന്നലെ പുലർച്ചെയായിരുന്നു മഴ. ദുബായ്, ഷാർജ, അജ്മാൻ, അൽഐൻ, ഫുജൈറ എന്നിവിടങ്ങളിൽ ഇന്നും മഴയ്ക്കു സാധ്യതയുണ്ടെന്നാണു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഹത്ത, റാസൽഖൈമ വാദി അൽ ഖോർ, മസാഫി-അസ്മ റോഡ്, ഖോർഫക്കാൻ, ഫുജൈറ എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാത്രിയിൽ ശക്തമായ മഴ ലഭിച്ചു. ജബൽ അൽ ജയ്സ് മലനിരകളിൽ ഇന്നലെ പുലർച്ചെ 15.8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില.