റോഡിലൂടെ ഓടി ഷെയ്ഖ് ഹംദാൻ; കൂടെ ചേർന്ന് ദുബായ്
Mail This Article
ദുബായ്∙ ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ഓഫ് ദുബായ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലോകത്തെ ഏറ്റവും വലിയ ഫൺ റൺ ഇവന്റായ ദുബായ് റണിന് ഷെയ്ഖ് സായിദ് റോഡിൽ വച്ച് നേതൃത്വം നൽകി. 226,000 ഫിറ്റ്‌നസ് പ്രേമികൾ ദുബായ് കിരീടാവകാശിയുടെ കൂടെ ചേർന്നു.
ഈ വർഷത്തെ ദുബായ് റണിൽ പങ്കെടുക്കാൻ എത്തിയ ഓട്ടക്കാരുടെയും വാക്കർമാരുടെയും 'ഓറഞ്ച് ആർമി' ദുബായുടെ ഷെയ്ഖ് സായിദ് റോഡിലൂടെ ഓടിയതോടെ ദുബായ് ഫിറ്റ്നസ് ചലഞ്ചിന് സമാപനമായി. ഷെയ്ഖ് ഹംദാനൊപ്പം ഓടിയ സംഘത്തിൽ യുഎഇ ബഹിരാകാശ സഞ്ചാരികളായ ഡോ. സുൽത്താൻ അൽനെയാദി, ഹസ്സ അൽമൻസൂരി എന്നിവരും ഉണ്ടായിരുന്നു. 10 കിലോമീറ്റർ നീണ്ട യാത്രയിൽ ഉടനീളം ഇരുവരും പങ്കുചേർന്നു. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ തന്റെ ചരിത്രപരമായ ആറ് മാസത്തെ യാത്രയിൽ ഡോ. അൽ നെയാദി ദുബായ് ഫിറ്റ്‌നസ് ചലഞ്ച് പതാക കൂടെ കൊണ്ടുപോയിരുന്നു. ഈ പ്രതീകാത്മക പ്രവൃത്തിയിലൂടെ യുഎഇയിൽ ദൈനംദിന വ്യായാമത്തിന്റെയും സജീവമായ ജീവിതശൈലിയുടെയും പ്രാധാന്യം സമൂഹത്തെ അറിയിക്കുന്നതിനാണ് അൽ നെയാദി ലക്ഷ്യമിട്ടത്.
ഓട്ടക്കാർക്ക് 10 കിലോമീറ്റർ റൂട്ടും 5 കിലോമീറ്റർ റൂട്ടും തിരഞ്ഞെടുക്കാൻ സാധിക്കുന്ന വിധത്തിലാണ് പരിപാടി ക്രമീകരിച്ചിരുന്നത്. ഫ്യൂച്ചർ മ്യൂസിയത്തിന് സമീപമുള്ള ഷെയ്ഖ് സായിദ് റോഡിൽ ആരംഭിച്ച 5 കിലോമീറ്റർ റൂട്ട് ബുർജ് ഖലീഫയും ദുബായ് ഓപ്പറയും കടന്ന് ദുബായ് മാളിനടുത്ത് അവസാനിച്ചു. 10 കിലോമീറ്റർ റൂട്ട് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് സമീപം ആരംഭിച്ചു. ദുബായ് കനാൽ പാലം കടന്ന്, തുടർന്ന് ഷെയ്ഖ് സായിദ് റോഡിലൂടെ ലൂപ്പ് ചെയ്ത് ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റിലാണ് (DIFC) ഗേറ്റിൽ ഫിനിഷ് ചെയ്തത്.