സിന്ധുവിന്റെ സ്വപ്നം പൊലിഞ്ഞു; ആൻ റുഫ്തയുടെ വിയോഗത്തിൽ വിതുമ്പി പ്രവാസ ലോകം
Mail This Article
കോട്ടയം∙ കുസാറ്റില്‍ ഇന്നലെയുണ്ടായ ദാരുണമായ അപകടത്തിൽ മരിച്ച ആൻ റുഫ്തയുടെ അമ്മ സിന്ധു മകളെ പഠിപ്പിക്കുന്നതിനുള്ള പണം സ്വരൂപിക്കാനാണ് ഇറ്റലിയിലേക്ക് പോയത്. മകളുടെ മികച്ച വിദ്യാഭാസമെന്ന കുടുംബത്തിന്‍റെ സ്വപ്നങ്ങളാണ് ഇന്നലെയുണ്ടായ അപകടം കവർന്നത്. വിസിറ്റിങ് വീസിയിൽ വിദേശത്തുള്ള സിന്ധുവിനെ നാട്ടിൽ എത്തിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ഇതിനായി പ്രവാസി സംഘടനകളുടെ ഉൾപ്പെടയുള്ള സഹായം തേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. സിന്ധു നാട്ടിൽ തിരിച്ചെത്തിയ ശേഷമായിരിക്കും അൻ റുഫ്തയുടെ സംസ്കാരം.
പുത്തൻവേലിക്കരയിലെ കുറമ്പത്തുരുത്ത് സ്വദേശിനിയാണ് ആൻ റിഫ്തയുടെ പിതാവ് റോയ് ജോര്‍ജുകുട്ടി ചവിട്ടുനാടകക്കളരിയിലെ ആശാനാണ്. ആൻ റിഫ്തയും സഹോദരൻ റിഥുലും ചവിട്ടുനാടക വേദികളിലെ സ്ഥിരം സാന്നിധ്യങ്ങളാണ്. കഴിഞ്ഞ ദിവസം ബോളിവുഡ് ഗായിക നികിത ഗാന്ധി നേതൃത്വം നൽകുന്ന സംഗീതനിശ തുടങ്ങുന്നതിന് മുമ്പുതന്നെ വിദ്യാർഥികളെ പ്രവേശിപ്പിച്ചിരുന്നു. വലിയ ഒരു വിഭാഗം വിദ്യാർഥികളും പൊതുജനങ്ങളും പരിപാടി കാണാൻ പുറത്തുമുണ്ടായി. പരിപാടി ആരംഭിക്കാറായപ്പോൾ എല്ലാവരും അകത്തേക്ക് കയറുവാൻ ശ്രമിച്ചതാണ് ദുരന്ത കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, കുസാറ്റ് ക്യാംപസിലുണ്ടായ ദുരന്തത്തിൽ മരിച്ച നാലുപേരുടെയും മരണം ശ്വാസം മുട്ടിയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.