സൗദിയിലെത്തിയ സെലെൻസ്കിയെ സ്വീകരിച്ച് മുഹമ്മദ് ബിൻ സൽമാൻ
Mail This Article
റിയാദ് ∙ സൗദി അറേബ്യ സന്ദർശിക്കാനെത്തിച്ചേർന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ റിയാദിൽ സ്വീകരിച്ചു. സ്വീകരണ വേളയിൽ, സൗദി- യുക്രെയ്ൻ ബന്ധത്തിന്‍റെ വശങ്ങൾ അവലോകനം ചെയ്തു. യുക്രെയ്ൻ റഷ്യ യുദ്ധത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്തതായി സൗദി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
പ്രതിസന്ധി പരിഹരിക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനും യുദ്ധത്തിന്‍റെ മാനുഷിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ രാജ്യാന്തര ശ്രമങ്ങൾക്കും സൗദി പിന്തുണക്കുമെന്ന് കിരീടാവകാശി പറഞ്ഞു. യുദ്ധത്തടവുകാരെയും നാടുകടത്തപ്പെട്ടവരെ കുറിച്ചും കിരീടാവകാശിയുമായി ചർച്ച ചെയ്യുമെന്ന് സെലെൻസ്‌കി സാമൂഹിക മാധ്യമമായ എക്‌സിൽ എഴുതിയിരുന്നു. സൗദിയുടെ ഭരണനേതൃത്വം യുക്രെയ്ൻ ജനതയുടെ മോചനത്തിന് ഇതിനകം സംഭാവന നൽകിയിട്ടുണ്ട്. ഈ കൂടിക്കാഴ്ചയും ഫലം നൽകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചിരുന്നു.
ചൊവ്വാഴ്ച റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ റിയാദ് ഡപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ, സ്റ്റേറ്റ് മന്ത്രി ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽ അയ്ബാൻ, റിയാദ് മേയർ അമീർ ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ്, യുക്രെയ്നിലെ സൗദി സ്ഥാനപതി മുഹമ്മദ് അൽമസ്ഹർ അൽജബറിൻ, സൗദിയിലെ യുക്രെയ്ൻ സ്ഥാനപതി അനറ്റോലി പെട്രേങ്ഗോ, റോയൽ പ്രൊട്ടോക്കോൾ അണ്ടർ സെക്രട്ടറി ഫഹദ് അൽസഹ്ൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. രണ്ടുവർഷത്തോളമാവുന്ന യുദ്ധ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള സഹകരണം, സംഭാഷണം, ചർച്ചകൾ കൂടാതെ യുക്രെയ്നും റഷ്യയും തമ്മിൽ യുദ്ധത്തടവുകാരെ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ചും മറ്റുമുള്ള കാര്യങ്ങളിൽ സൗദി മധ്യസ്ഥത വഹിക്കുന്നതിനെ കുറിച്ച് ചർച്ച നടത്തുന്നതും സന്ദർശനത്തിന്റെ ലക്ഷ്യങ്ങളാണ്.