അബുദാബിയിൽ ഫ്ലാറ്റുകൾക്ക് വിലയും ഡിമാൻഡും കൂടി; അനുയോജ്യമായ താമസ സ്ഥലം കിട്ടാനായി നെട്ടോട്ടം
Mail This Article
അബുദാബി ∙ കെട്ടിടത്തിൽ രൂപമാറ്റം വരുത്തി കൂടുതൽ ആളുകളെ താമസിപ്പിക്കുന്ന വില്ലകളിൽ പരിശോധന ഊർജിതമാക്കിയതോടെ അബുദാബിയിൽ ഫ്ലാറ്റുകൾക്ക് ഡിമാൻഡും വിലയും കൂടി. മിതമായ വാടകയ്ക്ക് അനുയോജ്യമായ താമസ സ്ഥലം കിട്ടാതെ ജനം നെട്ടോട്ടത്തിൽ. പെട്ടെന്ന് വില്ലകൾ ഒഴിയാൻ നോട്ടിസ് ലഭിച്ചവർ വർധിച്ച വാടകയിൽനിന്ന് രക്ഷപ്പെടാൻ ഫ്ലാറ്റുകളിൽ ഷെയറിങ് താമസത്തിലേക്ക് മാറുകയായിരുന്നു. ഇതോടെ ഷെയറിങ് അക്കമഡേഷൻ നിരക്ക് ഉയർന്നു.
നാട്ടിലെ വാർഷിക പരീക്ഷ കഴിഞ്ഞ് സ്കൂൾ അടയ്ക്കുന്ന മുറയ്ക്ക് കുടുംബത്തെ ഗൾഫിലേക്ക് കൊണ്ടുവരുന്നവർ ഒന്നോ രണ്ടോ മാസത്തേക്ക് ഫ്ലാറ്റുകളിൽ ഷെയറിങിലാണ് താമസിക്കുക. കുടുംബത്തിന് വീസ എടുത്ത പലരും താമസ സ്ഥലം കിട്ടാതെ പരക്കം പായുകയാണ്. എവിടെയും ഷെയറിങ് കിട്ടാനില്ല. ഉള്ളവയ്ക്ക് പൊള്ളുന്ന വാടകയും.
വൻ വാടക കൊടുത്ത് പുതിയ ഫ്ലാറ്റ് എടുത്താൽ തന്നെ കട്ടിൽ, കിടക്ക, വാഷിങ് മെഷീൻ, എ.സി തുടങ്ങി വീട്ടുപകരണങ്ങൾ വരെ പുതുതായി വാങ്ങണമെന്നതാണ് ഇവർ നേരിടുന്ന പ്രധാന പ്രശ്നം. ഇതിനു വൻതുക ചെലവു വരും.
വെറും 2 മാസത്തേക്കു മാത്രമായി ഇത്രയും തുക ചെലവാക്കുക എന്നത് സാധാരണക്കാർക്ക് അപ്രാപ്യമാണ്. ഏതെങ്കിലും കുടുംബത്തോടൊപ്പം ഫ്ലാറ്റിലെ ഷെയറിങിൽ താമസിച്ചാൽ ഇത്തരം ചെലവ് ഒഴിവാക്കാമെന്നതാണ് ആശ്വാസം.
ഒരു മുറിക്ക് 2500 വരെ
നേരത്തെ 1800 ദിർഹത്തിന് ലഭിച്ചിരുന്ന ഷെയറിങ് അക്കമഡേഷന് (ഫ്ലാറ്റിൽ ഒരു മുറിക്ക്) ഇപ്പോൾ 2000–2500 വരെ ഉയർന്നു. ഇത്ര കൊടുത്താലും കിട്ടാത്ത അവസ്ഥ. 2 കിടപ്പുമുറിയുള്ള ഫ്ലാറ്റിന് 45,000 ദിർഹം ആയിരുന്നത് 55,000 ദിർഹം വരെയായി. ഒരുകിടപ്പുമുറിയുള്ള ഫ്ലാറ്റിന് 40,000ൽനിന്ന് 45,000 ആയും ഉയർന്നു. വാടക കൂടിയതോടെ ദൂര ദിക്കുകളിലേക്കു പോയി താമസിക്കുകയാണ് വാഹന സൗകര്യം ഉള്ളവർ. വാഹനമില്ലാത്തവർ കൂടിയ നിരക്കിൽ ഫ്ലാറ്റ് എടുക്കാൻ നിർബന്ധിതരാകുന്നു.