ADVERTISEMENT

അബുദാബി ∙ അനുമതിയില്ലാതെ കെട്ടിടത്തിൽ രൂപമാറ്റം വരുത്തി ശേഷിയെക്കാൾ കൂടുതൽ പേരെ താമസിപ്പിക്കുന്നത് ഗുരുതര നിയമലംഘനമാണെന്ന് അബുദാബി നഗരസഭ. കുറ്റക്കാർക്ക് 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കും. പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ ഒട്ടേറെ വില്ലകൾക്ക് നോട്ടിസ് നൽകി. മുന്നറിയിപ്പ് അവഗണിച്ചവർക്ക് പിഴ ചുമത്തുകയും ചെയ്തു. ജനങ്ങൾക്ക് സുരക്ഷിത താമസ, കുടുംബ അന്തരീക്ഷം  ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. 

ബാച്ചിലേഴ്സ്, കുടുംബങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ നിയമങ്ങൾ പാലിക്കാൻ സ്വദേശികളും വിദേശികളും ബാധ്യസ്ഥരാണെന്നു നഗരസഭ ഓർമിപ്പിച്ചു. കുടുംബങ്ങൾക്കുള്ള താമസ സ്ഥലത്ത് ബാച്ചിലേഴ്സിനെ താമസിപ്പിക്കുക, വ്യത്യസ്ത കുടുംബങ്ങൾക്ക് വാടകയ്ക്കു കൊടുക്കുക, ഫ്ലാറ്റിൽ രക്തബന്ധമില്ലാത്ത ഒന്നിലേറെ കുടുംബങ്ങൾ താമസിക്കുക എന്നിവയും നിയമവിരുദ്ധമാണ്. 

നഗരസഭയുടെ അംഗീകാരത്തോടെ നിർമിച്ച കെട്ടിടത്തിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലോ ഒഴിവാക്കലോ ചെയ്യുന്നതിനു മുൻപ് ബന്ധപ്പെട്ട വകുപ്പിൽനിന്ന് അനുമതി എടുക്കണം. വാടകയ്ക്ക് എടുത്ത താമസ കെട്ടിടം ഉടമ അറിയാതെ മേൽ വാടകയ്ക്ക് കൊടുക്കുക, താമസ സ്ഥലം മറ്റു കാര്യങ്ങൾക്കു വിനിയോഗിക്കുക, പൊതു ഭവനങ്ങൾ വാടകയ്ക്കു നൽകുക, പൊളിക്കാനിട്ട കെട്ടിടത്തിൽ താമസിക്കുക, ഇവ വാടകയ്ക്കോ പാട്ടത്തിനോ നൽകുക തുടങ്ങിയ കുറ്റങ്ങൾക്ക് അര ലക്ഷം മുതൽ ഒരു ലക്ഷം ദിർഹം വരെയാണ് പിഴ. വാടക കരാർ റദ്ദാക്കിയിട്ടും താമസം തുടർന്നാലും കൃഷിക്കായുള്ള സ്ഥലം താമസത്തിനു വിനിയോഗിച്ചാലും 25,000 മുതൽ 50,000 ദിർഹം പിഴ നൽകേണ്ടിവരും.

English Summary:

Up to Dhs 10 lakh fine for building rule violation - Abu Dhabi Municipality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com