സൗദി ലേബർ കോടതികളിലെ കേസുകളുടെ എണ്ണം കുറഞ്ഞു
Mail This Article
ജിദ്ദ ∙ സൗദി ലേബർ കോടതികളിലെ കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 22.5 ശതമാനം കേസുകളാണ് കുറഞ്ഞത്. ലേബർ കോടതികളും ജനറൽ കോടതികളോട് ചേർന്ന് സ്ഥാപിച്ച പ്രത്യേക ബെഞ്ചുകളും 35,200 ഓളം തൊഴിൽ കേസുകളാണ് മൂന്നു മാസത്തിനിടെ സ്വീകരിച്ചത്. സൗദിയിലെ പ്രധാന പ്രവിശ്യകളിലും നഗരങ്ങളിലുമാണ് ലേബർ കോടതികൾ പ്രവർത്തിക്കുന്നത്. മറ്റിടങ്ങളിൽ ജനറൽ കോടതികളോട് ചേർന്ന പ്രത്യേക ബെഞ്ചുകളാണ് തൊഴിൽ കേസുകൾ പരിശോധിക്കുന്നത്.
ഏറ്റവുമധികം തൊഴിൽ കേസുകൾ ലഭിച്ചത് റിയാദ് ലേബർ കോടതികളിലാണ്. ഇവിടെ മൂന്നു മാസത്തിനിടെ 11,435 തൊഴിൽ കേസുകൾ എത്തി. ഈ വർഷം ആദ്യ പാദത്തിൽ രാജ്യത്തെ ലേബർ കോടതികളിൽ എത്തിയ ആകെ തൊഴിൽ കേസുകളിൽ 32.6 ശതമാനവും ഉയർന്നുവന്നത് റിയാദ് ലേബർ കോടതികളിലും ബെഞ്ചുകളിലുമാണ്.
രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയിൽ 8,477 ഉം മൂന്നാം സ്ഥാനത്തുള്ള കിഴക്കൻ പ്രവിശ്യയിൽ 5,165 ഉം നാലാം സ്ഥാനത്തുള്ള അസീർ പ്രവിശ്യയിൽ 2,058 ഉം മദീനയിൽ 2,050 ഉം അൽഖസീമിൽ 1,651 ഉം ഹായിലിൽ 949 ഉം ജിസാനിൽ 854 ഉം നജ്റാനിൽ 752 ഉം തബൂക്കിൽ 682 ഉം അൽജൗഫിൽ 496 ഉം ഉത്തര അതിർത്തി പ്രവിശ്യയിൽ 281 ഉം അൽബാഹയിൽ 213 ഉം തൊഴിൽ കേസുകൾ മൂന്നു മാസത്തിനിടെ ലേബർ കോടതികളിലെത്തി.
ഈ വർഷം ആദ്യ പാദത്തിൽ കോടതികളിൽ എത്തിയ തൊഴിൽ കേസുകളിൽ 69 ശതമാനവും വേതന കുടിശികയും അലവൻസുകളും സർവീസ് ആനുകൂല്യവും നഷ്ടപരിഹാരങ്ങളുമായും ബന്ധപ്പെട്ടവയായിരുന്നു. ശേഷിക്കുന്നവ തൊഴിലാളിക്കെതിരെ തൊഴിലുടമ സ്വീകരിച്ച അച്ചടക്ക നടപടിയുമായും മറ്റും ബന്ധപ്പെട്ടവയായിരുന്നു.