അബുദാബിയിൽ സിഎസ്ഐ സഭയുടെ പുതിയ പള്ളി ഞായറാഴ്ച ഉദ്ഘാടനം ചെയ്യും
Mail This Article
അബുദാബി∙ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്ഐ) യുടെ പുതിയ പള്ളി ഞായറാഴ്ച അബു മുറൈഖയിൽ ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമ്മാനിച്ച 4.37 ഏക്കർ സ്ഥലത്താണ് പള്ളി നിർമിച്ചിരിക്കുന്നത്. സിഎസ്ഐ യുടെ മധ്യകേരള മഹായിടവക ബിഷപ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകും. പിന്നീട് കൃതജ്ഞതാ ചടങ്ങും ഉണ്ടായിരിക്കും.
1979 ഏപ്രിൽ 19 ന് ആദ്യ സേവനത്തിന് ശേഷം യുഎഇ യിൽ നിന്നും നിരന്തരമായ പിന്തുണ ലഭിച്ചതിന് സിഎസ്ഐ നന്ദി രേഖപ്പെടുത്തി. അബുദാബിയിൽ ഇതുവരെ സെന്‍റ് ആൻഡ്രൂസ് പള്ളിയിലായിരുന്നു പ്രാർഥനനകൾ നടന്നിരുന്നത്. ഈ പുതിയ പള്ളി സിഎസ്ഐ വിശ്വാസികൾക്ക് സ്വന്തമായ ആരാധനാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നു. വേറിട്ട രൂപകല്പനയാണ് പുതിയ പള്ളിയുടെ പ്രത്യേകത. മൺതിട്ടയും അഷ്ടഭുജാകൃതിയിലുമുള്ള പള്ളി കെട്ടിടത്തിന്‍റെ മുൻഭാഗം മാലാഖമാരുടെ ചിറകുകളോട് സാമ്യമുള്ള നിർമിതിയാണ്. ഇത് മനുഷ്യരാശിയുടെയും ദൈവത്തിന്‍റെ സൃഷ്ടിയുടെയും സംരക്ഷണത്തെ പ്രതീകാത്മകമായി ചിത്രീകരിക്കുന്നു. ദൈവത്തിന്‍റെ സ്നേഹം പങ്കിടാൻ സമൂഹത്തിന് സേവനങ്ങൾ നൽകുമെന്ന് ഇടവക വികാരി റവ. ലാൽജി എം. ഫിലിപ്പ് പറഞ്ഞു.
പള്ളി നൽകുന്ന ക്ഷണക്കത്തുകളിലൂടെയും പാസിലൂടെയും മാത്രമായിരിക്കും ഞായറാഴ്ച ചടങ്ങുകളിലേയ്ക്ക് പ്രവേശനം. ഓൺലൈൻ സംപ്രേഷണത്തിലൂടെ സമർപ്പണ ചടങ്ങ് തത്സമയം കാണാം. മേയ് 5 ന് ആരംഭിക്കും പള്ളി പൂർണതോതിൽ വിശ്വാസികളെയും സന്ദർశകരെയും സ്വാഗതം ചെയ്യും.