ADVERTISEMENT

ജിദ്ദ ∙ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവാസികളുടെ ആകുലതകൾ പങ്കുവെച്ച് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച 'ടോക്ക് ഷോ' ശ്രദ്ധേയമായി. 'വോട്ടർമാർ ബൂത്തിലേക്ക്; പ്രവാസികൾ നിലപാട് വ്യക്തമാക്കുന്നു' എന്ന പേരിൽ ജിദ്ദയിൽ  സംഘടിപ്പിച്ച പരിപാടിയിൽ വിവിധ രാഷ്ട്രീയ, സാമൂഹിക, സംസ്കാരിക, കലാ, സാഹിത്യ, മത സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. നിർണായകമായ ഒരു തിരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും ഈ തിരഞ്ഞെടുപ്പിൽ പ്രവാസികൾ തങ്ങളുടെ ഭാഗദേയം കൃത്യമായി വിനിയോഗിക്കണമെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഏത് തിരഞ്ഞെടുപ്പ് വന്നാലും പ്രവാസി വിഷയങ്ങൾക്ക്  കാര്യമായ പരിഗണന നല്കാൻ ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളൊന്നും ശ്രദ്ധിക്കാറില്ലെന്നും പ്രവാസികൾ ഒറ്റക്കെട്ടായി ശബ്ദമുയർത്തുകയല്ലാതെ ഇതിന് മറ്റു വഴികളില്ലെന്നും ടോക്ക് ഷോ വിലയിരുത്തി.

സ്വാതന്ത്രാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണകൂടത്തിന്‍റെ അവസാനത്തിന്‍റെ തുടക്കമായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്ന് മാധ്യമപ്രവർത്തകൻ എ.എം സജിത്ത് അഭിപ്രായപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന, ലോകം കണ്ടുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ സാധാരണക്കാരുടെ ഇടയിലേക്ക് പതുക്കെ പതുക്കെ ഊര്‍ന്നിറങ്ങിയിട്ടുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ സത്യസന്ധമായി വിവരങ്ങള്‍ ലഭിക്കാനുള്ള ഏകമാര്‍ഗം സുതാര്യമായിട്ടുള്ള, നിഷ്പക്ഷമായിട്ടുള്ള മാധൃമങ്ങളാണ്. . പവര്‍ പൊളിറ്റിക്‌സിന്‍റെ പാത പിന്തുടര്‍ന്നത് ഇന്തൃന്‍ ജനാധിപത്യത്തിന്‍റെ അപചയത്തിനു കാരണമായിട്ടുണ്ട്. സാധാരണക്കാര്‍ മാറി ചിന്തിക്കുന്നുണ്ടെന്ന സൂചനയുണ്ട്. പിടിച്ചു നില്‍ക്കാൻ കഴിയുമോ എന്ന ഭയപ്പാടില്‍ നിന്നാണ് നേതാക്കളില്‍നിന്നും വിഷലിപ്തമായ വാക്കുകള്‍ വരുന്നത്. ഇത്തരം ആശങ്കകള്‍ക്കു മേലെ നാം പുതിയ രാജ്യം പടുത്തുയര്‍ത്തും എന്ന കാരൃത്തില്‍ സംശയമില്ലെന്നും എ.എം സജിത്ത് അഭിപ്രായപ്പെട്ടു.

ബി.ജെ.പിക്ക് കീഴിൽ കേന്ദ്രസർക്കാർ തങ്ങളുടെ അധികാരം ഉപയോഗിച്ച് രാജൃത്തെ ജനാധിപത്യ, മതേതരത്വത്തെ നശിപ്പിച്ചതായി സി.എം അഹമ്മദ് (ഒ.ഐ.സി.സി) പറഞ്ഞു. ജുഡീഷ്യറി, തിരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങി മുഴുവൻ ഭരണഘടനാ സ്ഥാപനങ്ങളെയും അവർ തങ്ങളുടെ വരുതിയിലാക്കി. മുസ്‌ലിം പേരുള്ളവന് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാക്കി. സാമ്പത്തികമായി ഞെരുക്കമുണ്ടാക്കി. ഇതിന്‍റെയൊക്കെ പ്രതൃാഘാതം നാട്ടിലുള്ളരെക്കാൾ  പ്രവാസികളിലുണ്ടാക്കി. ഫാസിസ്റ്റ് ഭരണം വീണ്ടും വരാതിരിക്കാനുള്ള ശ്രമം നടത്തണം. കോണ്‍ഗ്രസ് അധികാരത്തിൽ വന്നാല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പല കാടൻ നിയമങ്ങളും റദ്ദാക്കും.

തിരഞ്ഞെടുപ്പില്‍ കൃത്രിമത്തിന്‍റെ ആശങ്കയുണ്ടെങ്കിലും അതിനെയൊക്കെ മറികടന്ന് നല്ല ശതമാനം വോട്ടിങ്ങിലുടെ ബി.ജെ.പിയെ താഴേ ഇറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെങ്ങും ഇന്ത്യ എന്ന ഒറ്റക്കെട്ടിൽ ബി.ജെ.പിക്കെതിരെ ഒന്നിക്കുന്ന സഖ്യത്തിന് ഈ തിരഞ്ഞെടുപ്പിൽ വിജയിക്കാനാവുമെന്ന് കണക്കുകൾ നിരത്തി വി.പി മുസ്തഫ (കെ.എം.സി.സി) വിലയിരുത്തി. പ്രവാസികളെ തീർത്തും അവഗണിച്ച സർക്കാരായിരുന്നു കഴിഞ്ഞ 10 വർഷക്കാലം കേന്ദ്രത്തിലും നിലവിൽ കേരളത്തിലും. കഴിഞ്ഞ യു.പി.എ സർക്കാരുകളുടെ കാലത്ത് പ്രവാസികൾക്ക് വേണ്ടി സർക്കാർ ചെയ്ത സേവനങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും ബിജെപിയെ താഴെ ഇറക്കാൻ നിലവിൽ കോൺഗ്രസിന് കീഴിലുള്ള സംവിധാനത്തിനല്ലാതെ മറ്റാർക്കും കഴിയില്ലെന്നും അതിനാൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടുന്ന മുന്നണിയെ ശക്തിപ്പെടുത്താനാവണം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്‍റ് സാദിഖലി തുവ്വൂർ അധ്യക്ഷത വഹിച്ചു. പി.എം മായിൻകുട്ടി വിഷയാവതരണം നടത്തി. സത്താര്‍ ഇരിട്ടി (ന്യൂ ഏജ്), ഉമർ ഫാറൂഖ് (പ്രവാസി വെൽഫയർ), കെ.ടി അബൂബക്കർ (ജി.ജി.ഐ), നാസർ ചാവക്കാട് (ഐ.ഡി.ഡി), സി.എച്ച് ബഷീർ (തനിമ), അബ്ബാസ് ചെമ്പൻ (ഇസ്ലാഹി സെന്‍റർ),  അബ്ദുൽ ഗഫൂർ (വിസ്‌ഡം), മിർസ ശരീഫ്, അരുവി മോങ്ങം, ശിഹാബ് കരുവാരകുണ്ട്, ജലീൽ കണ്ണമംഗലം, കബീർ കൊണ്ടോട്ടി, ഗഫൂർ കൊണ്ടോട്ടി, ജാഫറലി പാലക്കോട്, ബിജു രാമന്തളി, കെ.സി ഗഫൂർ, റജിയ ബീരാൻ, മുംതാസ് ടീച്ചർ പാലോളി, നൂറുന്നീസ ബാവ തുടങ്ങിയവരും സംസാരിച്ചു. ജനറൽ സെക്രട്ടറി സുൽഫീക്കർ ഒതായി സ്വാഗതവും ട്രഷറർ സാബിത്ത് സലിം നന്ദിയും പറഞ്ഞു.

English Summary:

Jeddah Indian Media Forum Organized 'Talk Show'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com